ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി ഉഷയുടെ കോച്ച് വിലാസത്തില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒ.എം നമ്പ്യാര്‍. ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ ഒരേയൊരു പി.ടി ഉഷയേ ഉണ്ടായിട്ടുള്ളൂ. ആ ഉഷയെ പരിശീലിപ്പിക്കുക എന്നത് മാത്രം ജന്മദൗത്യമായി കരുതിയ ആളായിരുന്നു ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം നമ്പ്യാര്‍.
തന്റെ കയ്യിലെത്തിയ പൊന്നിനെ രാകി മിനുക്കി അദ്ദേഹം ഒപ്പം നിന്നു.നിമിഷാര്‍ദ്ധങ്ങളുടെ വ്യത്യാസത്തില്‍ ഉഷയ്ക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായപ്പോള്‍ അദ്ദേഹം ഉഷയേക്കാള്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. ട്രാക്കിനരികില്‍ തളര്‍ന്നുവീണു. അതിനുശേഷം ഉഷയെക്കൂട്ടി ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലും മെഡലുകള്‍ വാരിക്കൂട്ടി.
ഉഷയുടെ ജന്മനാടായ പയ്യോളി ഗ്രാമത്തില്‍ നിന്ന് തന്നെ സ്‌പോര്‍ട്‌സിന്റെ ചിറകിലേറിയാണ് നമ്പ്യാര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലേക്ക് എത്തിയത്. സൈനിക സേവനം കഴിഞ്ഞെത്തുമ്പോള്‍ കായിക താരമെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞില്ലെന്ന ദുഖമുണ്ടായിരുന്നു നമ്പ്യാര്‍ക്ക്. ആ നൊമ്പരം മാറ്റാനാണ് പട്യാലയില്‍ നിന്ന് കോച്ചിംഗില്‍ ഡിപ്ലോമയെടുത്തത്.
ആകസ്മികമായി ഒരു വിരുന്നിനിടയില്‍ കണ്ടുമുട്ടിയ ജി.വി രാജയാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചിംഗ് ജോലി വാഗ്ദാനം ചെയ്തത്. 1970ലാണ് നമ്പ്യാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി ചുമതല ഏറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷം കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ഒരു സമ്മാനദാനച്ചടങ്ങിന് പോയ നമ്പ്യാര്‍ പി.ടി ഉഷയെന്ന തന്റെ ഏറ്റവും വിലപിടിച്ച സമ്മാനം കണ്ടെത്തി.
1978ല്‍ കൊല്ലത്തു നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ആറു മെഡലുകളുമായാണ് നമ്പ്യാരുടെയും ഉഷയുടെയും ജൈത്രയാത്ര തുടങ്ങിയത്.അടുത്ത വര്‍ഷങ്ങളിലെ ദേശീയ മീറ്റുകളിലെല്ലാം ഉഷ പ്രകടനം ആവര്‍ത്തിച്ചു. റെക്കാഡുകള്‍ തിരുത്തിയെഴുതപ്പെട്ടു. പക്ഷേ 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്ററുകളില്‍ വെള്ളിയിലൊതുങ്ങേണ്ടിവന്നത് വേദനയായി.
ഇതോടെയാണ് ഉഷയെ സ്പ്രിന്റില്‍ നിന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്ക് മാറ്റാന്‍ നമ്പ്യാര്‍ തീരുമാനമെടുത്തത്. ആദ്യം പലരും എതിര്‍ത്തെങ്കിലും നമ്പ്യാര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.അതുകൊണ്ടാണ് 1984 ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ നാലാമതെത്താന്‍ ഉഷയ്ക്ക് കഴിഞ്ഞത്.
ഒളിമ്പിക്‌സിലെ മെഡല്‍ നഷ്ടത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ നമ്പ്യാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വിധിയെപ്പഴിച്ച് വെറുതെയിരുന്നില്ല. ഉഷയുടെ കൈപിടിച്ച് 1986 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് പോയി. അവിടെ നാലു സ്വര്‍ണവും ഒരു വെള്ളിയും നേടി. 1990ലാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് വിരമിച്ച് സായ്യില്‍ ചേക്കേറിയത്. പത്തുകൊല്ലത്തിന് ശേഷം വീണ്ടും കേരളത്തില്‍ മടങ്ങിയെത്തി.
പുറമേയ്ക്ക് പരുക്കനും കര്‍ക്കശക്കാരനുമൊക്കെയായിരുന്നു നമ്പ്യാര്‍. എന്നാല്‍ തന്റെ കുടുംബ സ്വത്തില്‍ നിന്ന് പാവങ്ങള്‍ക്ക് ഒന്നര ഏക്കറോളം ഭൂമി വിട്ടുനല്‍കിയ നമ്പ്യാര്‍ നാട്ടുകാര്‍ക്ക് തങ്ങളുടെ ദയാലുവായ നമ്പ്യാള്‍ ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.