ഗര്‍ഭിണികള്‍ വാക്സിനെടുത്താല്‍ എന്താണ് പ്രശ്‌നം ?

ഗര്‍ഭിണികള്‍ വാക്സിനെടുത്താല്‍ എന്താണ് പ്രശ്‌നം ?

കോവിഡിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. മിക്ക രാജ്യങ്ങളിലും വാക്സിനേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യയിലും വാക്സിനേഷന്‍ നടപടികള്‍ ശക്തമായി മുന്നോട്ടു പോകുന്നു. നിലവില്‍ മുതിര്‍ന്നവര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കുന്നത്. കുട്ടികള്‍ക്കുള്ള വാക്സിന്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഇതിനിടെ വാക്സിനേഷനുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള പ്രചാരണങ്ങളും സജീവമായിത്തന്നെ നില്‍ക്കുന്നുണ്ട്.

ഇക്കൂട്ടത്തിലുള്‍പ്പെടുന്നൊരു പ്രചാരണമാണ് ഗര്‍ഭിണികള്‍ വാക്സിനെടുക്കരുത് എന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കില്‍പ്പോലും പലരും ഇക്കാര്യത്തില്‍ മടി കാണിക്കുന്നുണ്ട്. ഏതായാലും ഈ വിഷയത്തില്‍ ചില പുതിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ്  യുഎസില്‍ നിന്നുള്ള ഗവേഷകര്‍. 

ഗര്‍ഭിണികളില്‍ വാക്സിന്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശരീരം മറ്റ് സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ആരോഗ്യപരമായ രീതിയിലാണ് വാക്സിന്‍ സ്വീകരിക്കുന്നതെന്നാണ് പഠനം അവകാശപ്പെടുന്നത്. യുഎസ് പൗരരായ 17,000ത്തിലധികം ഗര്‍ഭിണികളില്‍ നിന്നും മുലയൂട്ടുന്ന അമ്മമാരില്‍ നിന്നുമാണ് പഠനത്തിനായി ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

ഇവരില്‍ ഭൂരിപക്ഷം പേരും 'ഫൈസര്‍' വാക്സിനാണ് സ്വീകരിച്ചിരുന്നത്. ഇന്‍ജക്ഷന്‍ എടുത്തയിടത്ത് വേദന, പനി എന്നിങ്ങനെയുള്ള സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഇവരില്‍ പ്രകടമായുള്ളൂവെന്നും ഈ പ്രശ്നങ്ങള്‍ പോലും നേരിടാത്തവരും കൂട്ടത്തിലുണ്ടായിരുന്നുവെന്നും പഠനം പറയുന്നു.
'ഒരു വാക്സിന്‍ സ്വീകരിക്കുമ്പോള്‍ ഗര്‍ഭിണികളില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങളുണ്ട്. അതൊന്നും തന്നെ കൊവിഡ് വാക്സിന്റെ കേസില്‍ കാണാന്‍ സാധിച്ചില്ലെന്നതാണ് അതിശയം.

പനി, ശരീരവേദന എന്നീ സാധാരണ ലക്ഷണങ്ങള്‍ അധികപേരും കാണിച്ചു. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയുള്ള മുലയൂട്ടുന്ന അമ്മമാരില്‍ അടുത്ത ദിവസങ്ങളില്‍ മുലപ്പാല്‍ കുറഞ്ഞതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങളുടെ പഠനം ഉയര്‍ത്തിക്കാട്ടുന്നു' എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലിന്‍ഡ എക്കേര്‍ട്ട് (യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ) പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.