മാർഗ്ഗംകളിയിലെ ലോകറിക്കോർഡ് ഇനി എസ്എംസിഎ കുവൈറ്റിന് സ്വന്തം

മാർഗ്ഗംകളിയിലെ  ലോകറിക്കോർഡ്  ഇനി  എസ്എംസിഎ കുവൈറ്റിന്  സ്വന്തം

കുവൈറ്റ് സിറ്റി : ഏറ്റവും വലിയ മാർഗം കളിയുടെ ലോകറെക്കോർഡ് ഇനി എസ്എംസിഎ കുവൈറ്റിന്റെ പേരിൽ. 876 ആളുകൾ 26 മിനിറ്റ് 40 സെക്കന്റ് നേരത്തേക്ക് നടത്തിയ മാർഗം കളിയാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ന്റെ 2020 -22 എഡിഷനിൽ സ്ഥാനം പിടിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം SMCA കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ ഫേസ്ബുക് ലൈവിലൂടെ ആണ് പ്രഖ്യാപിച്ചത്. 2015 ൽ താണിശ്ശേരി സെന്റ് സേവ്യർ ഇടവകയിൽ 646 പേർ ചേർന്ന് 20 മിനിറ്റ് നടത്തിയ മാർഗംകളിയുടെ റെക്കോർഡ് ആണ് SMCA മറികടന്നത്. ഇതോടെ SMCA യുടെ രജത ജൂബിലി ആഘോഷങ്ങൾ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പട്ടു എന്ന് ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ കൂടിയായിരുന്ന ബിജോയ് പറഞ്ഞു.


എസ്എംസിഎ കുവൈറ്റിന്റെ രജത ജൂബിലിയുടെ ഭാഗമായി 2020 ഫെബ്രുവരി ഏഴാം തീയതികുവൈറ്റിലെ കൈഫാൻ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മെഗാ മാർഗം കളി സംഘടിപ്പിച്ചത്. ഇരുപത്തിയഞ്ചു  വർഷം  തങ്ങൾക്ക് ആതിഥ്യമരുളിയ കുവൈറ്റ് രാജ്യത്തോട് ഉള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുവാൻ നടത്തിയ "ശുക്രൻ കുവൈറ്റ് " എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ മാർഗം കളി.

ആദ്യമായി മാർഗം കളിക്കുന്നവരായിരുന്നു പങ്കെടുത്തവരിൽ ഏറെയും . കഠിനമായ പരിശീലനങ്ങൾക്കും മുന്നൊരുക്കങ്ങൾക്കും ശേഷം ഗ്രൗണ്ടിലിറങ്ങിയവർക്ക്‌ ഇന്നത്തെ  പ്രഖ്യാപനം അഭിമാനമുഹൂർത്തമായി മാറി.

ഇരുപത്തിയഞ്ചാമത്  ഭരണസമിതിയുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷ കമ്മിറ്റിയാണ് ശ്രമകരമായ ഈ കലാവിരുന്ന് ഒരുക്കിയത്. ഇരുപത്തിയഞ്ചാമതു ഭരണസമിതിയുടെ മുഖ്യ ഭാരവാഹികളായിരുന്ന തോമസ് കുരുവിള നരിതൂക്കിൽ, ബിജു പി ആന്റോ, വിൽ‌സൺ വടക്കേടത്ത്, ആർട്സ് കൺവീനർ ആയിരുന്ന ബൈജു ജോസഫ്, മാർഗം കളി പരിശീലകർ ആയിരിക്കുന്ന ജോബി ഇട്ടിര, എൽസമ്മ ടൈറ്റസ്, ജിഷ ഡേവിസ്, ലൈസ ജോർജ്, അനു ഡിലിൻ , സോണിയ സെബി, റംസി ജോസഫ് എന്നിവരും ഫേസ്ബുക് ലൈവിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും, ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു.

മാർതോമ്മാ ശ്ലീഹായുടെ ഭാരതപ്രേഷിതത്വമാണ് മാർത്തോമ്മാ നസ്രാണികളുടെ തനത് കലാരൂപമായ മാർഗ്ഗം കളിയുടെ മുഖ്യ ഇതിവൃത്തം. ഈശോയാകുന്ന മാർഗ്ഗത്തെ സ്വീകരിച്ചവർ എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികൾ മാർഗ്ഗവാസികൾ എന്നും അറിയപ്പെട്ടിരുന്നു.    



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.