തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻടി സാജനെതിരെ കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകള്‍. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകള്‍.
കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരവമായി നടപടി വേണമെന്ന ശുപാർശ ഉണ്ടായിട്ടും സാജനെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു. എന്നാല്‍ ഇത് അവഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്.
കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാജന്‍ നടപടി സ്വീകരിച്ചതെന്നും പ്രതികളും ഒരു മാധ്യമ പ്രവര്‍ത്തകനും ചേര്‍ന്ന് ഒരുക്കിയ നാടകത്തിന്റെ ഫലമാണ് മണിക്കുന്നുമല മരം മുറി സംബന്ധിച്ച വ്യാജ റിപ്പോര്‍ട്ടെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ചേരാത്ത പ്രവൃത്തികളാണ് സാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മേപ്പാടി മരം മുറി അന്വേഷിക്കാന്‍ എത്തിയ സാജന്‍ രഹസ്യ വിവരം ലഭിച്ചെന്ന പേരില്‍ മണിക്കുന്നുമലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നു മരം മുറിച്ചതിനെ കുറിച്ചാണ് അന്വേഷിച്ചത്. ഈ രഹസ്യ വിവരം നല്‍കിയത് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരായിരുന്നു എന്നു ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമായിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ വേണ്ടിയാണ് സാജന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാജനെ പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ സ്വാധീനം ചെലുത്തിയിരുന്നതിന്റെയും തെളിവുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. സാജന്റെ നിര്‍ദേശമനുസരിച്ചാണു കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്‌ഒയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്താനും കേസ് വഴിതിരിച്ചു വിടാനും ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതെന്നും രാജേഷ് രവീന്ദ്രന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂൺ 29നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് നൽകിയത്. വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. സാജനെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ഇതുവരെ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.