ഏഷ്യന്‍ പര്യടനത്തിന് സിംഗപ്പൂരില്‍ തുടക്കമിട്ട് കമല ഹാരിസ്; അഫ്ഗാനിലേക്ക് ടാങ്കര്‍ വിമാനമയക്കും

 ഏഷ്യന്‍ പര്യടനത്തിന് സിംഗപ്പൂരില്‍ തുടക്കമിട്ട് കമല ഹാരിസ്; അഫ്ഗാനിലേക്ക് ടാങ്കര്‍ വിമാനമയക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന് സിംഗപ്പൂരില്‍ നിന്ന് തുടക്കമായി.അഫ്ഗാനിലെ മാറുന്ന സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനും ഏഷ്യയിലെ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് യാത്ര. അഫ്ഗാനില്‍ നിന്ന് ഇനിയും ഒഴിപ്പിക്കേണ്ട ആയിരങ്ങള്‍ക്കായി ടാങ്കര്‍ എയര്‍ ക്രാഫ്റ്റ് നല്‍കാമെന്ന് സിംഗപ്പൂര്‍ സമ്മതിച്ചത് പര്യടന പരിപാടിയിലെ ആദ്യ നേട്ടമായി.

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂംഗാണ് സഹായം വാഗ്ദാനം ചെയ്തത്.അടിയന്തിര ഘട്ടത്തിലെ സഹായത്തിന് അമേരിക്ക സിംഗപ്പൂര്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചു. റിപ്പബ്ലിക്ക് ഓഫ് സിംഗപ്പൂര്‍ എയര്‍ഫോഴ്‌സിന്റെ ഈ വിമാനത്തിന് 266 യാത്രക്കാരെ അഥവാ 37,000 കിലോഗ്രാം ചരക്ക് വഹിക്കാന്‍ കഴിയും.

'അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം യുഎസ് ഭംഗിയായി നടത്തുന്നുവെന്ന് വൈസ് പ്രസിഡന്റിനോട് ഞാന്‍ സൂചിപ്പിച്ചു. ദൗത്യത്തെ സഹായിക്കുന്നതിന് ടാങ്കര്‍ വിമാനം ഉപയോഗിക്കാന്‍ വാഗ്ദാനം ചെയ്യുന്നു '- കമല ഹാരിസിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ലീ പറഞ്ഞു. സിവിലിയന്മാരുടെ സുരക്ഷയും സുരക്ഷിതത്വവും ലോകമെമ്പാടുമുള്ള എല്ലാവരുടെയും മനസ്സിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധ രംഗത്തും സൈബര്‍ സുരക്ഷാ രംഗത്തും പരസ്പര സഹകരണത്തിന്റെ കരാറുകള്‍ ഒപ്പുവെച്ചു.

ജോ ബൈഡന്റെ ഭരണകൂടം അധികാരത്തിലേറിയ ശേഷം ഏഷ്യന്‍ മേഖലയിലെ കമലാ ഹാരിസിന്റെ ആദ്യ സന്ദര്‍ശനമാണിത്. അമേരിക്ക നടത്തുന്ന ഏഷ്യന്‍ മേഖലയിലെ സൗഹാര്‍ദ്ദപരമായ ഇടപെടലിന് സിംഗപ്പൂര്‍ സുപ്രധാന കേന്ദ്രമാകുമെന്ന് കമല ഹാരിസ് പ്രത്യാശ പ്രകടിപ്പിച്ചു.തെക്കുകിഴക്കന്‍ ഏഷ്യയില്‍ ബൈഡന്‍ ഭരണകൂടത്തിന് തന്ത്രപരമായ ലക്ഷ്യങ്ങളാണുള്ളത്.സാമ്പത്തിക വാണിജ്യ രംഗത്തും വിനോദ സഞ്ചാര മേഖലയിലുമടക്കം സിംഗപ്പൂരിന്റെ പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു. ചൈനയുടെ ഏഷ്യയിലെ വാണിജ്യ രംഗത്തെ കടന്നുകയറ്റത്തെ തടയാന്‍ സിംഗപ്പൂരിന്റെ ശക്തമായ സാന്നിദ്ധ്യം അനിവാര്യമാണെന്നും കമല കൂട്ടിച്ചേര്‍ത്തു.'ഈ ചര്‍ച്ച പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.