എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് ജീവിതം തിരികെ കിട്ടി; നന്ദി പറഞ്ഞ് ദിദില്‍

എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് ജീവിതം തിരികെ കിട്ടി; നന്ദി പറഞ്ഞ് ദിദില്‍

കണ്ണൂര്‍: എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് പുതിയൊരു ജീവിതം തിരികെ കിട്ടിയ ആശ്വാസത്തിലാണ് കോടിയേരി സ്വദേശി ദിദില്‍ രാജീവന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങിയെത്തിയ ദിദില്‍. സ്ഥിതിഗതികള്‍ മോശമായപ്പോള്‍ രണ്ട് വസ്ത്രങ്ങളുമായി ക്യാമ്പില്‍നിന്ന് ഇറങ്ങിയോടി. മൂന്നുതവണ ശ്രമിച്ചിട്ടും കാബൂള്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാനായില്ല. പിന്നീട് സഞ്ചരിച്ച ബസുകള്‍ താലിബാന്‍ പിടിച്ചു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പുറത്തിറക്കിയത്. മരണം ഉറപ്പിച്ച സമയമായിരുന്നു അതെന്ന് ദിദില്‍ കണ്ണീരോടെ പറഞ്ഞു.

വിമാനത്താവളത്തിലെത്തുന്നതിന് ആറുമണിക്കൂറോളം താലിബാന്റെ പിടിയിലായിരുന്നു. പാസ്പോര്‍ട്ടും മൊബൈല്‍ഫോണുമെല്ലാം അവര്‍ വാങ്ങി പരിശോധിച്ചു. ആദ്യം സ്ത്രീകളെയും പിന്നീട് അഫ്ഗാനികളെയും വിട്ടയച്ചശേഷം അവസാനമാണ് ഇന്ത്യക്കാരെ വിട്ടത്. പിടിയിലുള്ള സമയത്ത് കുടുംബാംഗങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഡല്‍ഹിയിലെത്തിയശേഷമാണ് അമ്മയെ വിളിച്ചത്.

പ്രശ്‌നമില്ലെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും അവരെ അറിയാവുന്ന ആരും അത് വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നടത്താനോ കഴിയാത്ത സാഹചര്യമാണ്. ജനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും താലിബാന്‍ നിഷേധിച്ചുതുടങ്ങി. തിരിച്ചുവരുന്നതിന് തൊട്ടുമുമ്പാണ് താലിബാന്‍ കാബൂള്‍ കൈയടക്കിയത്. അവിടം സുരക്ഷിതമാണെന്നാണ് കരുതിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നോര്‍ക്കയും വലിയ പിന്തുണയാണ് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായും ദിദില്‍ പറഞ്ഞു. കാബൂളില്‍ ലോജിസ്റ്റിക്സ് ബിസിനസ് നടത്തുന്ന ദിദില്‍ ഒന്‍പതുവര്‍ഷം മുമ്പാണ് അഫ്ഗാനിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഗോവ വഴിയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.