എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വസ്തു കച്ചവടത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല: ഏറ്റുപറച്ചിലുമായി അഡ്വ. പോളച്ചൻ പുതുപ്പാറ

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വസ്തു കച്ചവടത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല: ഏറ്റുപറച്ചിലുമായി അഡ്വ. പോളച്ചൻ പുതുപ്പാറ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ കർദിനാൾ ആലഞ്ചേരിക്കെതിരേ ആദ്യമായി ക്രിമിനൽ കേസ് കൊടുത്ത അഭിഭാഷകൻ അഡ്വ. പോളച്ചൻ പുതുപ്പാറ, വസ്തു ഇടപാടുകളിലെ അന്തർനാടകങ്ങൾ വെളിപ്പെടുത്തുന്നു. അടുത്ത കാലത്ത് അദ്ദേഹം നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ടത്. ഭൂമി ഇടപാടിൽ രൂപതയ്ക്ക് നഷ്ടം ഉണ്ടായിട്ടില്ല; മറിച്ച് ലാഭമാണുണ്ടായത്. നഷ്ടമുണ്ടായി എന്ന പ്രചാരണങ്ങൾ ദുഷ്പ്രചരണങ്ങൾ മാത്രമാണ് എന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തെളിവുകൾ നിരത്തി സമർത്ഥിച്ചു.

എറണാകുളം അങ്കമാലി അതിരൂപത ഒരു മെഡിക്കൽ കോളജ് തുടങ്ങുവാൻ വേണ്ടി 25 ഏക്കർ ഭൂമി വാങ്ങുകയും ഇതിന്റെ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്ക് ലോൺ എടുക്കുകയും പിന്നീട് ലോൺ അടക്കാനായി എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള അഞ്ചു വസ്തുക്കൾ വിൽക്കാൻ അതിരൂപതാ സമിതികൾ തീരുമാനിക്കുകയും ചെയ്തു. 27 കോടി രൂപയുടെ ഇടപാടിൽ ഒൻപത് കോടി മാത്രമേ വസ്തു ആധാരം ചെയ്തുകൊടുക്കുബോൾ കിട്ടിയിരുന്നുള്ളു. ഇത് പ്രൊക്കുറേറ്ററിന്റെ വീഴ്ചയായി അഡ്വ. പോളച്ചൻ ചൂണ്ടികാണിക്കുന്നു. എന്നാൽ ഇത് മനസിലാക്കിയ മാർ ആലഞ്ചേരി ബാക്കി ലഭിക്കാനുള്ള പതിനെട്ടു കോടി തുകയ്ക്ക് ജാമ്യമായി രണ്ടു വസ്തുക്കൾ ആധാരം ചെയ്തു വാങ്ങിക്കുന്നു. കോതമംഗലത്ത് കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 13 ഏക്കർ ഭൂമിയുമാണ് ഈ ജാമ്യ വസ്തുക്കൾ. 18 കോടി നൽകുമ്പോൾ ജാമ്യ വസ്തു തിരികെ കൊടുക്കണമെന്നതാണ് വ്യക്തിപരമായി ഉണ്ടാക്കിയ ധാരണ. ഈ വസ്തു ജാമ്യ വസ്തുവാണ് എന്ന് ആലോചന സമിതിക്കും ഫിനാൻസ് കൗൺസിലിനും അറിവുള്ളതാണ് എന്നതിന് രേഖകൾ ഉണ്ട് എന്ന് പോളച്ചൻ വ്യക്തമാക്കി.

മാർ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ നന്മക്കായി ചെയ്ത കാര്യങ്ങൾ ചില തല്പര കക്ഷികൾ മൂടി വച്ചുകൊണ്ട് അസത്യം പ്രചരിപ്പിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. രൂപത ജാമ്യമായി വാങ്ങിയ കോട്ടപ്പടിയിലെ ഭൂമി 36 കോടിക്ക് ഉടമ തന്നെ തിരിച്ച് എടുത്തുകൊള്ളാം എന്ന് അറിയിച്ചിട്ടും രൂപത വിൽക്കാൻ തയ്യാറല്ല. ദേവികുളത്തെ വസ്തുവും മൂന്നോ നാലോ ഇരട്ടി വിലക്ക് വിൽക്കാമെന്നിരിക്കെ ഇതും വിൽക്കാൻ തയ്യാറാകുന്നില്ല.

വസ്തു വില്പനയിൽ രൂപതയ്ക്ക് ഒരു നഷ്ടം സംഭവിച്ചിട്ടില്ല എങ്കിലും രേഖകളിൽ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. ആലഞ്ചേരി പിതാവിനെ ക്രൂശിച്ചതിൽ ദുഃഖമുണ്ട് എന്ന് അദ്ദേഹം ഏറ്റു പറയുന്നു. മാർ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.