ഓസ്‌ട്രേലിയന്‍ കടലിനടിയില്‍ ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ സമുദ്ര നിരീക്ഷണ കേന്ദ്രം

ഓസ്‌ട്രേലിയന്‍ കടലിനടിയില്‍ ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ സമുദ്ര നിരീക്ഷണ കേന്ദ്രം

പെര്‍ത്ത്: കടലിനടിയില്‍ സജ്ജീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്ര നിരീക്ഷണ കേന്ദ്രം ഓസ്‌ട്രേലിയയില്‍ ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍നിന്ന് അധികം അകലെയല്ലാതെ കടലിനടിയില്‍ വിനോദ സഞ്ചാരകേന്ദ്രം ഒരുങ്ങുന്നത്. പുറംകാഴ്ച്ചയില്‍ തിമിംഗലത്തിന്റെ രൂപത്തില്‍ തയാറാക്കുന്ന ഒബ്‌സര്‍വേറ്ററി 2023-ല്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സമുദ്ര നിരീക്ഷണ കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം താഴത്തെ നിലയിലായിരിക്കും.

കടലിനടിയിലെ വിശാലമായ ജനാലച്ചില്ലിലൂടെ സഞ്ചാരികള്‍ക്ക് മത്സ്യങ്ങളെയും മറ്റു ജീവികളെയും സസ്യങ്ങളെയും അടുത്തു പരിചയപ്പെടാനാകും. വിനോദസഞ്ചാരത്തിന്റെ ഭാഗമായി കടലിനടിയില്‍ പ്രത്യേക ഭക്ഷണശാലയും ഒരുക്കും. സമുദ്ര ഗവേഷണ കേന്ദ്രം, മറൈന്‍ ആര്‍ട്ട് ഗാലറി, എക്‌സിബിഷന്‍ സെന്റര്‍ എന്നിവയും ഒപ്പമുണ്ടാകും.

പശ്ചിമ ഓസ്‌ട്രേലിയയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി സമുദ്രാന്തര്‍ നിരീക്ഷണ കേന്ദ്രത്തെ മാറ്റിയെടുക്കാനാണ് ആലോചന. ഓസ്‌ട്രേലിയന്‍ അണ്ടര്‍ വാട്ടര്‍ ഡിസ്‌കവറി സെന്റര്‍ എന്നു പേരിട്ടിരിക്കുന്ന ഒബ്‌സര്‍വേറ്ററി പ്രശസ്ത ബ്രിട്ടീഷ് നിര്‍മാതാക്കളായ ബാക്ക ആര്‍ക്കിടെക്റ്റ്‌സ് ആണ് രൂപകല്‍പന ചെയ്യുന്നത്. നിരവധി മലയാളികള്‍ താമസിക്കുന്ന പെര്‍ത്തില്‍നിന്ന് 220 കിലോമീറ്റര്‍ അകലെയുള്ള ബസല്‍ട്ടണിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ഓസ്‌ട്രേലിയയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബസല്‍ട്ടണ്‍ ജെട്ടിയില്‍നിന്നാണ് പദ്ധതിക്കു തുടക്കമാകുന്നത്. കരയില്‍നിന്ന് രണ്ട് കിലോമീറ്ററോളം കടലിനുള്ളിലായി നിര്‍മ്മിക്കുന്ന ഈ കേന്ദ്രം ഭാഗികമായി വെള്ളത്തിനു പുറത്തുകാണുന്ന വിധമാണ് നിര്‍മിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി വൈകാതെ ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സമുദ്ര നിരീക്ഷണ കേന്ദ്രത്തിന്റെ ഉള്‍വശം

ബസല്‍ട്ടണിലെ കടല്‍ മേഖലയെ പദ്ധതിക്കായി തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെുള്ള കാലയളവില്‍ തിമിംഗലങ്ങള്‍ വന്നടുക്കുന്ന സ്ഥലം കൂടിയാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂടു കടല്‍ വെള്ളവും സതേണ്‍ ഓഷ്യനിലെ തണുത്ത കടല്‍ വെള്ളവും കൂടിക്കലരുന്ന മേഖലയാണിത്. അതിനാലാണ് ഈ പ്രത്യേക കടല്‍ കാലാവസ്ഥയിലേക്ക് തിമിംഗലങ്ങള്‍ വര്‍ഷം തോറും എത്തുന്നതെന്നാണ് സമുദ്ര ഗവേഷകരുടെ കണ്ടെത്തല്‍. ഈ സാധ്യത കൂടി പരിഗണിച്ചുകൊണ്ടാണ് തിമിംഗലത്തിന്റെ രൂപത്തിലുള്ള മറൈന്‍ ഒബ്‌സര്‍വേറ്ററി കടലിനടിയില്‍ ഒരുങ്ങുന്നത്.

സെപ്റ്റംബര്‍ മുതലുള്ള നാലു മാസക്കാലയളവില്‍ തിമിംഗങ്ങളെ അടുത്തു പരിചയപ്പെടാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

തിമിംഗലത്തിന്റെ തലഭാഗം പുറത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന വിധമാണ് ഒബ്‌സര്‍വേറ്ററിയുടെ രൂപകല്‍പന. മുപ്പതു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമാണ് പ്രധാനമായും പദ്ധതിക്കു വേണ്ടി പണം മുടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.