ശാഠ്യം വിടാതെ ചൈന; കൊറാണയുടെ സ്രോതസ് ഗവേഷണം അസാധ്യമെന്ന് ഡബ്ല്യുഎച്ച്ഒ സംഘം

ശാഠ്യം വിടാതെ ചൈന; കൊറാണയുടെ സ്രോതസ് ഗവേഷണം അസാധ്യമെന്ന് ഡബ്ല്യുഎച്ച്ഒ സംഘം


വാഷിംഗ്ടണ്‍: കൊറാണ വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ചും പ്രസരണത്തിന്റെ ആദ്യ ഗതിയെക്കുറിച്ചുമുള്ള അന്താരാഷ്ട്ര ഗവേഷണത്തോട് വീണ്ടും 'നോ' പറഞ്ഞ് ചൈന. ലോകാരോഗ്യ സംഘടന ചൈനയിലേക്ക് അയച്ച അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ച തിരച്ചില്‍ നിര്‍ത്തിവെച്ചു.അന്വേഷണ ജാലകം 'വേഗത്തില്‍' അടയ്ക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ നിയോഗിച്ചിരുന്ന വിദഗ്ദ്ധര്‍ പറയുന്നു.

രോഗിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി ചില അസംസ്‌കൃത വിവരങ്ങള്‍ പങ്കിടാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ഔദ്യോഗിക ജേണലില്‍ വിദഗ്ദ്ധര്‍ കുറിച്ചു. കൊറോണ വൈറസ് ആദ്യം കാണപ്പെട്ട വുഹാനിലെ മല്‍സ്യ, മാംസച്ചന്തയിലെ മൃഗങ്ങളെ നേരത്തെ പരിശോധിക്കണമായിരുന്നു എന്നും അവര്‍ പറയുന്നു.'ഉത്ഭവ അന്വേഷണം അടിയന്തിര സഹകരണം ആവശ്യമുള്ള നിര്‍ണായക ഘട്ടത്തിലാണ്. പക്ഷേ അത് നിശ്ചലമായിരിക്കുന്നു.ഏതെങ്കിലും തരത്തിലുള്ള കാലതാമസം ചില പഠനങ്ങള്‍ ജീവശാസ്ത്രപരമായി അസാധ്യമാക്കും.'

വുഹാനിലാണ് 2019 ഡിസംബറില്‍ ആദ്യത്തെ മനുഷ്യ കോവിഡ് -19 കേസുകള്‍ കണ്ടെത്തിയത്.ുതടര്‍ന്ന് ലോകമെമ്പാടുമായി ഏകദേശം 4.5 ദശലക്ഷം മരണങ്ങള്‍ക്ക് അതിടയാക്കി. ഈ വര്‍ഷം ആദ്യം, ലോകാരോഗ്യ സംഘടന വുഹാനിലേക്ക് ഒരു വിദഗ്ധ സംഘത്തെ അയച്ചിരുന്നു. മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതാകാം എന്നായിരുന്നു അവരുടെ നിഗമനം.ലബോറട്ടറിയില്‍ നിന്നുള്ള ചോര്‍ച്ചയാകാനുള്ള സാധ്യത് അവര്‍ തള്ളിയിരുന്നു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധര്‍ ഈ റിപ്പോര്‍ട്ട് ആദ്യപടിയായി മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്ന് പിന്നീട് കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന ആവര്‍ത്തിച്ച് നിരസിക്കുകയായിരുന്നു.വൈറസിന്റെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന ശാസ്ത്രീയ പഠനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നുമാണ് ചൈന പ്രതികരിച്ചത്.രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം പുനരുജ്ജീവിപ്പിക്കുന്നതിന് ആദ്യകാല കൊവിഡ് -19 കേസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കിടാന്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടത് വിഫലമായി.



ശാസ്ത്രീയ അന്വേഷണത്തിനു പകരം കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്താല്‍ പ്രചോദിതമാണെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന തിരിച്ചടിച്ചു. കൊറോണ വൈറസ് വുഹാനിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രബല വാദങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ വാദം തീര്‍ത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു.

വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ചൈന പറയുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം സബന്ധിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ നല്‍കണം എന്ന്  ലോകാരോഗ്യ സംഘടന  ഡയറക്ടര്‍ ജനറല്‍ ഗെബ്രിയേസസിന്റെ പ്രസ്താവനയോട് ചൈനീസ് വിദേശ കാര്യ വക്താവ് സഹോ ലിജൈന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു.

ചില ഡാറ്റകള്‍ വ്യക്തിഗത വിവരങ്ങള്‍ ആയതിനാല്‍ ചൈനയ്ക്ക് പുറത്ത് വിടാന്‍ പാടില്ലാത്തതോ കോപ്പി ചെയ്യാന്‍ സാധിക്കാത്തതോ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന തരത്തില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പോലുള്ള മാധ്യമങ്ങളും പല റിപ്പോര്‍ട്ടുകളിലൂടെ ചൂണ്ടിക്കാട്ടിയതിന് ചൈന കൃത്യമായ മറുപടികള്‍ നല്‍കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.