സൗത്ത് കരോലിന കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

സൗത്ത് കരോലിന കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി


റിച്ച്മോണ്ട്: സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ മദര്‍ ഇമ്മാനുവല്‍ എഎംഇ പള്ളിയില്‍ ഒന്‍പത് പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയായ ഡിലാന്‍ റൂഫിന് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു.2015 ല്‍ വംശീയ വെറിക്കെതിരെ രാജ്യത്തിന്റെ ശ്രദ്ധയുണര്‍ന്ന കേസാണിത്.ആഫ്രിക്കന്‍ അമേരിക്കക്കാരെ അവരുടെ പള്ളിയില്‍ ബൈബിള്‍ പഠനത്തിലും ആരാധനയിലും ഏര്‍പ്പെട്ടിരിക്കവേ 21 വയസ്സുകാരനായ പ്രതി കൊലപ്പെടുത്തിയത് സംശയരഹിതമായി തെളിഞ്ഞതായി അപ്പീല്‍ കോടതിയും രേഖപ്പെടുത്തി.

പ്രസിദ്ധമായ ചാള്‍സ്ടണ്‍ ആഫ്രിക്കന്‍-അമേരിക്കന്‍ പള്ളിയില്‍ ബൈബിള്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍ എത്തിയ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ ഡിലാന്‍ റൂഫ് അകാരണമായി വെടിവെക്കുകയായിരുന്നു. വധശിക്ഷയോ ജീവിത കാലം മുഴുവന്‍ ജയില്‍ ശിക്ഷയോ ലഭിക്കാവുന്ന 33 കുറ്റങ്ങളയിരുന്നു പ്രൊസിക്യൂഷന്‍ ചുമത്തിയിരുന്നത്. അമേരിക്കന്‍ വിദ്വേഷത്തോടെ ആക്രമണം നടത്തിയെന്ന കേസില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഡിലാന്‍ റൂഫ്. 'എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി' എന്നാണ് വിധി പ്രസ്താവത്തിന് ശേഷവും ഡിലാന്‍ പ്രതികരിച്ചത്.

പള്ളിയിലെത്തി 45 മിനിറ്റോളം വിശ്വാസികളുമായി ചെലവഴിച്ച് പ്രാര്‍ഥിക്കാനെന്ന മട്ടില്‍ കണ്ണടച്ച ശേഷമാണ് പ്രതി വെടിയുതിര്‍ത്തത്. കൂട്ടക്കൊലയിലേക്ക് നയിക്കാനുണ്ടായ കാരണം വിചാരണ വേളയില്‍ കോടതി ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഡിലാന്‍ നല്‍കിയിരുന്നില്ല. രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാനും വംശീയ ഏറ്റുമുട്ടല്‍ ഉണ്ടാക്കാനുമാണ് അക്രമം നടത്തിയതെന്ന് ഡിലാന്‍ എഫ്ബിഐക്ക് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അഭിഭാഷകനെ നിയമിക്കാതെ കേസ് കീഴ് കോടതിയില്‍ ഡിലാന്‍ സ്വയം വാദിക്കുകയായിരുന്നു. റിച്ച്മണ്ടിലെ നാലാമത്തെ യുഎസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പാനല്‍ ഏകകണ്ഠമായാണ് വിധി പറഞ്ഞത്.അപ്പീല്‍ കോടതിയില്‍ ഡിലാനു വേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.