'ഞങ്ങള്‍ ഇത് പൊറുക്കില്ല; പിന്തുടര്‍ന്ന് വേട്ടയാടും': ഐ എസ് ഭീകരര്‍ക്കെതിരെ ബൈഡന്‍

 'ഞങ്ങള്‍ ഇത് പൊറുക്കില്ല;  പിന്തുടര്‍ന്ന് വേട്ടയാടും': ഐ എസ് ഭീകരര്‍ക്കെതിരെ ബൈഡന്‍


കാബൂള്‍: താലിബാന്‍ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ മരണം 90 കടക്കുമെന്ന അനൗദ്യോഗിക കണക്ക് പുറത്തുവന്നതിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് ഐ എസ് ഭീകരര്‍ക്കെതിരെ കടുത്ത രോഷവുമായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.'ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും' -ജോ ബൈഡന്‍ വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്താണ് സ്‌ഫോടനം നടന്നത്.വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില്‍ യു.എസിനാണ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അഫ്ഗാന്‍ ഘടകമായ ഐ എസ് ഖൊരാസന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും പ്രസ്താവനയില്‍ ഐ എസ് അറിയിച്ചു. അമേരിക്കന്‍ സൈനികരുടെ നേര്‍ക്ക് ഓടിയടുത്ത ചാവേറാണ് ലക്ഷ്യം കാണുന്നതിന് മുന്നേ പൊട്ടിത്തെറിച്ചത്. 12 യു എസ് ദൗത്യസംഘാംഗങ്ങളടക്കം 60 ലേറെപ്പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമാണ് ആദ്യം സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രാജ്യം വിടാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്ക് ഇടയിലാണ് സ്ഫോടനം നടന്നത്. ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആക്രമണത്തെ താലിബാന്‍ അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.