തിരുവനന്തപുരം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി. പാർട്ടിയെ എൽഡിഎഫിൽ ഘടകക്ഷിയായി ഉൾപ്പെടുത്തി. ഇന്ന് ചേർന്ന മുന്നണി യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്. ജോസിന്റെ വരവിനെ പിന്തുണച്ച് സിപിഐ കൂടി രംഗത്തെത്തിയതോടെയാണ് മുന്നണി പ്രവേശം വേഗത്തിലായത്.
അതേസമയം ജോസിന്റെ വരവിൽ എൻസിപി യോഗത്തിൽ ആശങ്ക അറിയിച്ചു. എൽഡിഎഫ് കൺവീനർ എ വിജരാഘവനാണ് ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാമെന്ന നിർദ്ദേശം യോഗത്തിൽ മുന്നോട്ട് വെച്ചത്. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയ്ക്കൊടുവിൽ ഇത് അംഗീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കണമെന്ന നിലപാടിലായിരുന്നു സിപിഎം. ഘടകക്ഷിയായി തന്നെ ഉൾപ്പെടുത്തണമെന്നും സിപിഎം താത്പര്യം പ്രകടിപ്പിച്ചു.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പുറത്ത് നിന്ന് സഹകരിക്കിപ്പിക്കാമെന്നായിരുന്നു സിപിഐ ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിൽ ജോസിന്റെ ഇടതുപ്രവേശനത്തെ പാർട്ടി നേതൃത്വം അനുകൂലിച്ചു. ജോസ് കെ മാണി വരുന്നതോടെ മീനച്ചിലാർ കിഴക്കോട്ടൊഴുകുമെന്നൊന്നും ഞങ്ങൾക്കഭിപ്രായമില്ല. എന്നാല്‍ യുഡിഎഫിലെ ഒരു കക്ഷി വിട്ടു വരുമ്പോള്‍ ആ സംവിധാനം ദുർബലപ്പെടുമെന്ന് കരുതാൻ സാധാരണ ബുദ്ധി മതിയെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന കൗണ്‍സിലന് ശേഷം ഇന്നലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
അതേസമയം ഇന്ന് എൽഡിഎഫ് യോഗത്തിൽ പാലാ സീറ്റ് സംബന്ധിച്ച് എൻസിപിയും മാണി സി കാപ്പനും ആശങ്ക അറിയിച്ചു. പാലായിൽ എന്തെങ്കിലും ധാരണ ഉണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി പറഞ്ഞു. പാലാ ഇല്ലാതെ ഒരു സമവായത്തിന് ഇല്ലെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. അതേസമയം എന്തൊക്കെ സംഭവിച്ചാലും പാലാ വിട്ടുകൊടുക്കില്ലെന്നാണ് എൻസിപി ആവർത്തിക്കുന്നത്. മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മണ്ഡലം എൻസിപി പിടിച്ചെടുത്തത്. പൊരുതി നേടിയ സീറ്റിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് എൻസിപി നിലപാട്.
അതേസമയം പാലാ സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് ചർച്ച ചെയ്യാമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.നിലവിൽ ജോസ് കെ മാണി പക്ഷം എൽഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. അത് യുഡിഎഫിനെ ദുർബലപ്പെടുത്താനും സഹായിക്കും, അതിനാൽ അതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.