കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ ഭീകരര്‍ താലിബാന്റെ പിന്തുണ തേടിയെന്ന് സൂചന

കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ ഭീകരര്‍ താലിബാന്റെ പിന്തുണ തേടിയെന്ന് സൂചന

ഇസ്ലാമാബാദ്: കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ ഭീകരര്‍ താലിബാന്റെ പിന്തുണ തേടിയെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹര്‍ കാണ്ഡഹാറിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് മൂന്നിനാണ് മസൂദ് അസ്ഹര്‍ കാണ്ഡഹാറില്‍ എത്തിയത്. താലിബാന്റെ പൊളിറ്റിക്കല്‍ കമ്മീഷന്‍ തലവന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തില്‍ മസൂദ് അസ്ഹര്‍ നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ നിലനിന്ന അഫ്ഗാന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കിയതില്‍ താലിബാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 1999ല്‍ എയര്‍ ഇന്ത്യയുടെ ഐ.സി 814 വിമാനം പാക് ഭീകരര്‍ റാഞ്ചിയ സംഭവത്തിന് പിന്നാലെയാണ് മസൂദ് അസര്‍ ഇന്ത്യയിലെ ജയിലില്‍ നിന്ന് മോചനം നേടിയത്. വിമാന യാത്രക്കാരെ സുരക്ഷിതരായി മോചിപ്പിക്കുന്നതിനു പകരമായി ഭീകരവാദി നേതാവിനെ ജയിലില്‍ നിന്ന് പുറത്തുവിടുകയായിരുന്നു.

കാഠ്മണ്ഡുവില്‍ നിന്ന് ലഖ്നൗവിലേക്ക് വന്ന വിമാനമാണ് ഭീകരര്‍ റാഞ്ചിയത്. വിമാനം പിന്നീട് കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. താലിബാന്‍ ആയിരുന്നു അന്ന് അധികാരത്തില്‍. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരരെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ വിമാനത്തിന് കാവല്‍ നിന്നത് താലിബാന്‍ തീവ്രവാദികള്‍ ആയിരുന്നു. മസൂദ് അസ്ഹര്‍ സ്ഥാപിച്ച ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. 1999 ല്‍ അസ്ഹര്‍ ജയില്‍ മോചിതനായതോടെ ജെയ്ഷെ മുഹമ്മദ് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ശക്തമാക്കി. താലിബാനുമായി നേരത്തെ തന്നെ ബന്ധമുള്ള ജെയ്ഷെ ഭീകരര്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെ കശ്മീരിലെ ഭീകര പ്രവര്‍ത്തനം ശക്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.