ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ മാർ ജോര്‍ജ്ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം

ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കുന്നത് സംബന്ധിച്ച്  ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ മാർ ജോര്‍ജ്ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നവംബർ 28 മുതൽ നടപ്പാക്കുന്നു. ഇത് സംബന്ധിച്ച് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ മാർ ജോര്‍ജ്ജ്‌ ആലഞ്ചേരി സഭയിലെ പരിഷ്കരിച്ച വിശുദ്ധ കുർബാന ക്രമത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ഇടയലേഖനത്തിലുടെ നൽകി.

ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ മാർ ജോര്‍ജ്ജ്‌ ആലഞ്ചേരി എഴുതിയ ഇടയലേഖനം:

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മ്രെതാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്‌ ഏല്‍പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

“പുതിയ റാസ കുര്‍ബാന തക്സയ്ക്ക്‌ അംഗീകാരം നല്‍കുന്ന സന്ദര്‍ഭം ഉപയോ ഗിച്ചു നിങ്ങളുടെ സഭയുടെ ഐകൃത്തിനും ഉപരിനന്മയ്ക്കുമായി വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലുള്ള ഐകരൂപ്യം ഉടനടി നടപ്പിലാക്കാന്‍ എല്ലാ വൈദികരെയും സമര്‍പ്പിതരെയും അല്മായ വിശ്വാസികളെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. സിനഡിന്റെ തീരുമാനം നിങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പരിശുദ്ധാത്മാവു നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ”.

-ഫ്രാന്‍സിസ്‌ മാര്‍പാപ്പാ.

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,

1934 മുതല്‍ നമ്മുടെ സഭ ആരാധന്രകമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986-ല്‍ പുനരുദ്ധരിക്കപ്പെട്ട റാസാക്രമം നിലവില്‍ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സ്വീകരിക്കാന്‍ സഹായകമായ ആഴമേറിയ പഠനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കര്‍മക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റു ആരാധനക്രമകര്‍മങ്ങളും ഏകീകൃത രൂപത്തിലാക്കാന്‍ കുഴിഞ്ഞു.

എന്നാല്‍, വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഏകീകൃതരൂപത്തിലാക്കാന്‍ നാം നടത്തിയ പരിശ്രമങ്ങള്‍ പലകാരണങ്ങളാല്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തിയില്ല. 1999-ലെ സിനഡ്‌ ഇതിനായി ഒരു ഏകീകൃതരൂപം നല്‍കിയെങ്കിലും അത്‌ എല്ലാ രൂപതകളിലും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. എങ്കിലും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ ഐകൃത്തിനായി സഭയുടെ തലത്തില്‍ നിരന്തരം ആവശ്യമുയര്‍ന്നുകൊണ്ടിരുന്നു. സഭാമക്കള്‍ അതിനായി പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. ഈ കാലഘട്ടത്തില്‍ നടന്ന എല്ലാ സഭാഅസംബ്ലികളിലും വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയിലെ ഏകീകരണത്തിനായി എല്ലാവരും ഒരേ സ്വരത്തില്‍ വാദിച്ചിരുന്നു. മ്രെതാന്മാരുടെ സിനഡല്‍ സമ്മേളനങ്ങളും അര്‍പ്പണരീതിയിലെ ഏകീകരണത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. 2019 ആഗസ്റ്റിലെ സിനഡ്‌ സമ്മേളനത്തിനിടയില്‍ മ്രെതാന്മാരോടൊപ്പം രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ ഒരുമിച്ചു കൂടിയപ്പോള്‍ അവരും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകരണത്തിനായി ശക്തമായി ആവശ്യപ്പെട്ടു. 2020 ആഗസ്റ്റിലെ മെത്രാന്മാരുടെ സിനഡ്‌ അതുവരെ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കാതിരുന്ന രൂപതകളിൽ അപ്രകാരം ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു.

കൊറോണക്കാലത്ത്‌ ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ പ്രത്യക്ഷപ്പെട്ട വിവിധ രൂപതകളിലെ അര്‍പ്പണരീതികളുടെ വൈവിധ്യവും വൈരുദ്ധ്യവും സഭാംഗങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കി. പരിശുദ്ധ സിംഹാസനത്തെയും കുര്‍ബാനയര്‍പ്പണരീതികളിലെ അനൈക്യം അത്ഭുതപ്പെടുത്തി. ഐകരൂപ്യം കൊണ്ടുവരേണ്ടത്‌ സഭയുടെ ഐക്യത്തിന്‌ അത്യാവശ്യമാണെന്ന നിഗമനത്തില്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം എത്തിച്ചേര്‍ന്നു. അതിന്‍പ്രകാരം 2020 മെയ്‌ 4-ന്‌ അപ്പസ്തോലിക്‌ നുണ്‍ഷ്യോ മേജര്‍ ആര്‍ച്ചുബിഷപ്പിനു കത്തെഴുതി. നവീകരിച്ച വിശുദ്ധ കുര്‍ബാനയുടെ തക്സ അംഗീകാരത്തിനു സമര്‍പ്പിച്ചപ്പോള്‍ അര്‍പ്പണരീതിയില്‍ ഐക്യം ആവശ്യപ്പെട്ടുകൊണ്ടു 2020 നവംബര്‍ 9-ന്‌ പൗരസ്തൃസഭകള്‍ക്കായുള്ള കാര്യാലയം നേരിട്ടു കത്തെഴുതി. നവീകരിച്ച തക്സയ്ക്ക്‌ അംഗീകാരം നല്‍കിക്കൊണ്ട്‌ 2021 ജൂണ്‍ 9-ന്‌ എഴുതിയ കത്തിലും വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലുള്ള ഐകരുപ്യം വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൗരസ്തൃസഭകള്‍ക്കായുള്ള കാര്യാലയം നല്‍കി.

ഇതിനെതുടര്‍ന്നാണു പരിശുദ്ധ പിതാവു ഫ്രാന്‍സിസ്‌ മാര്‍പാപ്പ തന്നെ വളരെ ആധികാരികമായി 2021 ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ ഐകരൂപ്യം ആവശ്യപ്പെട്ടുകൊണ്ടു മ്രെതാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ വിശ്വാസികള്‍ക്കുമായി കത്തെഴുതിയത്‌. ഇതു സീറോമലബാര്‍സഭ മുഴുവനും വേണ്ടി പരിശുദ്ധ പിതാവ്‌ എഴുതിയ കത്താണ്‌. അതിനാല്‍ ഈ കത്തിലെ നിര്‍ദ്ദേശമ നുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഓരോ സീറോമലബാര്‍ വിശ്വാസിക്കും കടമയുണ്ട്‌. ഈ കത്തില്‍ പരിശുദ്ധ പിതാവു നടത്തിയ ആഹ്വാനമാണ്‌ ഈ ഇടയലേഖനത്തിന്റെ ആരംഭത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്‌. മാര്‍പാപ്പ ഇപ്രകാരം നമ്മുടെ സഭയ്ക്ക്‌ ഒരു കത്തെഴുതുന്നത്‌ ഇതാദ്യമാണ്‌.

ഈ പശ്ചാത്തലത്തില്‍, 2021 ആഗസ്റ്റ്‌ 16 മുതല്‍ 27 വരെ ഓണ്‍ലൈനായി സമ്മേളിച്ച സിനഡ്‌ ഈ വിഷയം ആഴമായ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കി. രണ്ടായിരം വര്‍ഷത്തെ അനുസ്യൂതമായ കത്തോലിക്കാവിശ്വാസപാരമ്പര്യമുള്ള സീറോമലബാര്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാര്‍വത്രിക സഭയോടും മാര്‍പാപ്പായോടും പുലര്‍ത്തിയ അചഞ്ചലമായ വിശ്വസ്തതയാണ്‌. പത്രോസിനോടൊപ്പവും പത്രോസിനോടുള്ള വിധേയത്വത്തിലും (cum petro et sub petro) സഭാതലവനോടും രൂപതാ മ്രെതാനോടുമുള്ള അനുസരണത്തിലും ജീവിച്ച പാരമ്പരൃമാണ്‌ നമ്മുടെ പിതാമഹന്മാര്‍ നമുക്കു പകര്‍ന്നു തന്നിട്ടുള്ളത്‌. 1934-ല്‍ സഭയുടെ ആരാധനക്രമം സംബന്ധിച്ചുണ്ടായ സമാനമായ പ്രതിസന്ധിയില്‍ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവു മാര്‍പാപ്പായ്ക്ക്‌ എഴുതിയത്‌ “തിരുസിംഹാസനം എടുക്കുന്ന ഏതു തീരുമാനവും ഞങ്ങള്‍ക്കു പൂര്‍ണ്ണമായും സ്വീകാര്യമാണ്‌" എന്നായിരുന്നു.
ഈ മാതൃകയാണ്‌ നാം സ്വീകരിക്കേണ്ടത്‌.

പരിശുദ്ധാത്മാവ്‌ തിരുസ്സഭയെ ഏറ്റവും വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത്‌ പരിശുദ്ധ പിതാവിലൂടെയാണെന്ന്‌ നാം വിശ്വസിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിശ്വാസികള്‍ക്കുള്ള കടമ
യെക്കുറിച്ചു നമുക്ക്‌ അറിവുള്ളതാണല്ലോ (CCRO, c. 45). ആരാധന്രകമത്തെ സംബന്ധിച്ച കാര്യങ്ങള്‍ അന്തിമതീര്‍പ്പു കല്പിക്കേണ്ടതു മാര്‍പാപ്പായാണെന്നു സഭാപ്രബോധനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്‌ (SC, 22). മാര്‍പാപ്പ തീര്‍പ്പുകല്പിച്ച ആരാധന്രകമത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ മാറ്റംവരുത്താനോ വൈദികര്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല (SC, 22.3). അതിനാല്‍, പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ നാം ബാധ്യസ്ഥരാണ്‌. വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാന്‍ സിനഡിനോ ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ല.

“അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ്‌” (1 സാമു 15:22) എന്നതു നാം മറക്കരുത്‌. പരിശുദ്ധ പിതാവു കാണിച്ചുതരുന്ന വഴിയാണു നമുക്കു ദൈവാനുഗ്രഹത്തിന്റെ വഴി. അതിനാല്‍, സഭാമക്കള്‍ ആഗ്രഹിച്ചതും സിനഡ്‌ അംഗീകരിച്ചതും പരിശുദ്ധ പിതാവ്‌ ആഹ്വാനം ചെയ്തിരിക്കുന്നതുമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതി അനുവര്‍ത്തിക്കുക എന്നതു കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലുള്ള നമ്മുടെ ഉത്തരവാദിത്വനിര്‍വഹണവും പരിശുദ്ധ പിതാവിനോടുള്ള നമ്മുടെ വിധേയത്വത്തിന്റെ പ്രകാശനവുമാണ്‌.

ആരാധന്രകമത്തില്‍ ഐകരുപ്യമല്ല ഐകൃമാണ്‌ വേണ്ടത്‌ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഐകൃവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്‌. അടിസ്ഥാന ഘടകങ്ങളിലുള്ള ഐകരൂപ്യം ഐകൃത്തിന്‌ ആവശ്യമാണ്‌. ആരാധനക്രമത്തിന്റെ അടിസ്ഥാനരൂപങ്ങളില്‍ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു നമ്മുടെ സഭയുടെ ചരിത്രം തന്നെ സാക്ഷിയാണ്‌. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ ഐകരുപ്യം ഇതാണ്‌: കാർമികന്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉള്‍പ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി (ബേമ്മ)യില്‍ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അള്‍ത്താരയ്ക്ക്‌ അഭിമുഖമായും വി. കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിര്‍വഹിക്കുക. അര്‍ത്ഥപൂര്‍ണമായ ബ ലിയര്‍പ്പണത്തിനു വചനത്തിന്റെ മേശയും (ബേമ്മ) അപ്പത്തിന്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട്‌ (DV, 14). നമ്മുടെ സഭയിലെ പൗരാണികമായ പാരമ്പര്യവും ഇതുതന്നെയാണ്‌.

നമ്മുടെ വിശുദ്ധ കുര്‍ബാനയില്‍ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഈശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ്‌ അനുസ്മരിപ്പിക്കുന്നത്‌. ഈ അടിസ്ഥാനത്തിലാണ്‌ വിശുദ്ധ കുര്‍ബാനയുടെ ആദ്യഭാഗം വചനവേദിയില്‍ ജനാഭിമുഖമായി അര്‍പ്പിക്കുന്നത്‌. തുടര്‍ന്നു, “കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ” വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായില്‍ പ്രവേശിക്കുന്ന പുരോഹിതന്‍ സഭയുടെ നാമത്തില്‍ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയര്‍പ്പിക്കുകയാണ്‌. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക്‌ അഭിമുഖമായി അര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. പാശ്ചാത്യ, പൗരസ്ത്യ സഭകളിലെല്ലാം 1965 വരെ അള്‍ത്താരയ്ക്ക്‌ അഭിമുഖമായാണ്‌ വി. കുര്‍ബാന അര്‍പ്പിച്ചിരുന്നത്‌. സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്ന ഈ വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കാനാണു പരിശുദ്ധ പിതാവു നമ്മോട് ആവശ്യപ്പെടുന്നത്‌. വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണഭാഗം സമാപിക്കുന്നതുകൊണ്ടാണു കുര്‍ബാനസ്വീകരണത്തിനു ശേഷമുള്ള കൃതജ്ഞതാപ്രാര്‍ഥനകളും സമാപനാശീര്‍വാദവും ജനങ്ങളുടെ നേരെ തിരിഞ്ഞു ചൊല്ലേണ്ടതാണെന്നു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

വിശുദ്ധ കുര്‍ബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേര്‍ന്നു പിതാവായ ദൈവത്തിന്‌ അര്‍പ്പിക്കുന്ന ബലിയാണ്‌. അതിനാല്‍ സഭാഗാത്രമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തില്‍ വിശുദ്ധ രഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിന്റെ സിംഹാസനമായ വിശുദ്ധ അള്‍ത്താരയ്ക്ക്‌ അഭിമുഖമായി ബലിയര്‍പ്പണവേദിയില്‍ വ്യാപരിക്കുന്നതു സമുചിതമാണെന്ന്‌ ആദി മകാലം മുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന കാർമികന്‍ ഒരേസമയം ക്രിസ്തുവിനെയും സഭയെയും പ്രതിനിധാനം ചെയ്യുന്നു (alter Christus et altera Ecclesia).

ക്രിസ്തീയ ജീവിതം സ്വര്‍ഗത്തെ ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥാടനമാണെന്ന വിശ്വാസവും ഈ അനുഷ്ഠാനത്തിലൂടെ തിരുസ്സഭ പ്രഘോഷിക്കുന്നുണ്ട്‌. മദ്ബഹാ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ഗത്തെ ലക്ഷ്യമാക്കി ദൈവജനമൊന്നാകെ തീര്‍ത്ഥാടനം ചെയ്യുന്ന അനുഭവമാണു കുര്‍ബാനയിലൂടെ ലഭിക്കുന്നത്‌. ദൈവത്തിന്റെ സിംഹാസനമായ ബലിപീഠ ത്തിനു മുന്നില്‍ കുമ്പിട്ടാരാധിക്കുന്ന മാലാഖവൃന്ദങ്ങളോടും സ്വര്‍ഗവാസികളായ വിശുദ്ധരോടും ചേര്‍ന്നു ഭൂവാസികളും ദൈവത്തെ ആരാധിക്കുന്ന രീതിയിലാണു നമ്മുടെ വിശുദ്ധ കുർബാനയിലെ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌. ഒരേ സമയം പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കര്‍ത്താവിന്റെ കബറിടവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ അള്‍ത്താരയ്ക്കു നമ്മുടെ ആരാധനക്രമത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. അതിനാലാണ്‌ അള്‍ത്താരയിലേക്കു തിരിയുന്നതിനെ “കര്‍ത്താവിലേക്കു തിരിയുന്നതായി" ( conversion ad Dominum) നമ്മുടെ പിതാക്കന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. അതിനാല്‍ നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പരിഗണിച്ചു വിശുദ്ധ കുര്‍ബാനയിലെ അനാഫൊറയുടെ ആരംഭം മുതല്‍ വിശുദ്ധ കുര്‍ബാനസ്വീകരണംവരെയുള്ള ഭാഗം മദ്‌ബഹായ്ക്കു അഭിമുഖമായി അര്‍പ്പിക്കണമെന്ന സിനഡിന്റെ തീരുമാനം ഉടനടി (promptly) നടപ്പിലാക്കാന്‍ പരിശുദ്ധ പിതാവ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ആരാധന്രകമത്തിലെ ഐക്യമാണു സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം എന്ന സത്യം തിരിച്ചറിയാന്‍ നാം വൈകിയതും സഭാഗാത്രത്തില്‍ ഏറെ മുറിവുകള്‍ സൃഷ്ടിക്കാന്‍ കാരണമായി. ഈ വീഴ്ചയെ എളിമയോടും അനുതാപത്തോടുംകൂടെ നമുക്കു ദൈവതിരുമുമ്പില്‍ ഏറ്റുപറയാം. “അള്‍ത്താരയില്‍ ഐക്യം ഇല്ലാതെ സഭയില്‍ ഐക്യം സാധ്യമല്ല" എന്ന ബെനഡിക്റ്റ്‌ മാര്‍പാപ്പയുടെ ചിന്ത നമുക്കു മാര്‍ഗദീപമാകട്ടെ.

ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കുന്നതിലെ വൈഷമ്യങ്ങള്‍ ചൂണ്ടികാണിച്ചു വിവിധ തലങ്ങളില്‍നിന്നുയര്‍ന്ന നിരീക്ഷണങ്ങളെക്കുറിച്ചും സിനഡ്‌ പിതാക്കന്മാര്‍ ആത്മാര്‍ത്ഥമായി ചര്‍ച്ച ചെയ്തു. ഏതാനും ദശകങ്ങളായി ശീലിച്ച പതിവു ശൈലി മാറ്റുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച്‌ ഉന്നയിക്കപ്പെട്ട ആശങ്കകള്‍ പിതാക്കന്മാര്‍ ഹൃദയപൂര്‍വം മനസ്സിലാക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ അജഗണത്തെ ഒരുമയോടെ മുന്നോട്ടു നയിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം ശിരസ്സാവഹിക്കണമെന്നാണു സിനഡിലെ ചര്‍ച്ചകളിലൂടെ പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്നതെന്നു പിതാക്കന്മാര്‍ക്കു ബോധ്യപ്പെട്ടു. സഭയില്‍ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്‌. ആരാധനക്രമാനുഷ്ഠാനത്തില്‍ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ചു സിനഡു തീരുമാനിച്ച മധ്യമാര്‍ഗ്ഗമാണു പരിശുദ്ധ പിതാവു നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതിനാല്‍, പരിശുദ്ധ പിതാവു നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയര്‍പ്പണരീതിയില്‍ നവീകരിച്ച കുര്‍ബാനക്രമം (editio typica) അടുത്ത ആരാധന്രകമവത്സരം ആരാഭിക്കുന്ന 2021 നവംബര്‍ 28-ാം തിയ്യതി മംഗളവാര്‍ത്തക്കാലം ഒന്നാം ഞായറാഴ്ച മുതല്‍ നമ്മുടെ സഭയില്‍ നടപ്പിലാക്കാന്‍ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാര്‍ സഭാംഗങ്ങള്‍ എല്ലാവരോടും സ്നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.