ഉറക്കമില്ലാത്ത കുഞ്ഞുങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുന്ന അമ്മമാര്‍ക്കായി ചില ടിപ്‌സ് !

ഉറക്കമില്ലാത്ത കുഞ്ഞുങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുന്ന അമ്മമാര്‍ക്കായി ചില ടിപ്‌സ് !

കുഞ്ഞുങ്ങളുടെ ഉറക്കം പലപ്പോഴും അമ്മമാരുടെ തലവേദനയാണ്. കൊച്ചു കുഞ്ഞുങ്ങളുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണ് കുഞ്ഞിന് രാത്രി ഉറക്കമില്ല എന്നത്. വളരെയേറെ പരിശ്രമിച്ച് ഒന്നുറക്കിയാലും ഒരു ഉണ്ണിയുറക്കം കഴിഞ്ഞാല്‍ പിന്നെ കളിയായി ചിരിയായി. നേരം പുലരുന്നതുവരെ അങ്ങനെ കിടക്കും. ഫലമോ, പകലുമുഴുവനും അമ്മ ഉറക്കം തൂങ്ങി ഇരിക്കേണ്ടിയും വരും. ജോലിക്കാരായ അമ്മമാരാണെങ്കില്‍ പറയും വേണ്ട. നല്ല ഉറക്കം കിട്ടിയാലേ കുഞ്ഞുങ്ങള്‍ നല്ലതുപോലെ വളരൂ എന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ.

കുട്ടികളുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒന്നാണ് ഉറക്കം. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അവരെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. ഒരു കുഞ്ഞ് ഒരു ദിവസം സാധാരണ ഗതിയില്‍ ഏകദേശം 14 മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങണമെന്നാണ് കണക്കുകള്‍. എങ്ങനെയാണ് കൊച്ചുകുറുമ്പനേയും കുറുമ്പിയേയും രാത്രി ഒന്ന് ഉറക്കിയെടുക്കുക എന്നാണോ. ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി.
ദേഷ്യപ്പെട്ടോ ശാസിച്ചോ കുട്ടികളെ ഉറക്കാന്‍ ശ്രമിക്കരുത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവരുടെ മനസ്സ് ശാന്തമാണെന്ന് ഉറപ്പു വരുത്തണം. കുഞ്ഞിനെ അടുത്ത് കിടത്തി പാട്ടുകള്‍ പാടി കൊടുക്കുകയോ കഥകള്‍ പറഞ്ഞുകൊടുക്കുകയോ ചെയ്യാം. കുഞ്ഞിനെ ഉറക്കുന്നത് എല്ലാ ദിവസവും ഏകദേശം ഒരേ സമയത്തായിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി ഭക്ഷണം വയറു നിറയെ കൊടുക്കാതിരിക്കുക. വയറു നിറഞ്ഞാല്‍ അതും കുട്ടികളുടെ ഉറക്കത്തെ ബാധിക്കും. ആവശ്യമുള്ള ഭക്ഷണം കുഞ്ഞ് കഴിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എങ്കിലും അവര്‍ക്ക് ഭക്ഷണം കൊടുക്കുക.

രാത്രി ഭക്ഷണത്തിന് ശേഷം കിടക്കും മുമ്പ് ബ്രെഷ് ചെയ്യുന്നത് ശീലമാക്കുക. ഉറങ്ങും മുമ്പായി കുഞ്ഞുങ്ങളെ കുളിപ്പിക്കുക. ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ ഭക്ഷണം കൊടുത്ത് ദേഹം തുടപ്പിച്ച് വസ്ത്രം മാറ്റി വേണം കിടത്തിയുറക്കാന്‍. മുറിയില്‍ കുഞ്ഞിന്റെ ഉറക്കത്തെ ശല്യപ്പെടുത്തു ശബ്ദങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുക. ചൂട് ഉണ്ടെങ്കില്‍ ഫാനിടുക. എസിയിട്ടിട്ടുണ്ടെങ്കില്‍ കുഞ്ഞിന് പറ്റുന്ന തണുപ്പെ ഉള്ളൂവെന്നു ഉറപ്പു വരുത്തുക. കൊതുകു ശല്യമുണ്ടെങ്കില്‍ കൊതുകു വല ഉപയോഗിക്കാം.

കൊതുക് തിരിയും ലിക്വിഡും കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കും. കുട്ടികളെ രാത്രിയില്‍ അധികം വെള്ളം കുടിപ്പിക്കാതിരിക്കുക. കിടക്കുന്നതിന് മുമ്പ് കുട്ടികളെ മൂത്രമൊഴിപ്പിച്ചിട്ട് കിടത്തുക രാത്രിയില്‍ കുട്ടികളെ അയഞ്ഞ വസ്ത്രം ധരിപ്പിക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ആണെങ്കില്‍ നല്ലത്. കുട്ടികളുടെ ബെഡ്ഷീറ്റും തലയിണയും എപ്പോഴും വൃത്തിയുള്ളതായിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇരുട്ടത്ത് കിടന്നുറങ്ങാന്‍ പേടിയുള്ള കുട്ടികള്‍ക്കായി മുറിയില്‍ ചെറിയ വെളിച്ചം ഉണ്ടായിരിക്കണം. കൃത്യസമയത്ത് തന്നെ ഉണരുന്നത് ശീലിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.