ഒരിടവകയിൽ ധ്യാനിപ്പിക്കുന്ന സമയം. അൾത്താരയുടെ താഴെ നിന്നാണ് പരിശുദ്ധ കുർബാന നൽകിയത്. കുർബാന സ്വീകരണശേഷം തിരുവോസ്തി തിരികെ സക്രാരിയിൽ പ്രതിഷ്ഠിച്ചു. സമാപന പ്രാർത്ഥനകൾ തുടങ്ങുന്നതിന് മുമ്പ് വികാരിയച്ചൻ വന്ന് വീണ്ടും സക്രാരി തുറക്കുന്നതും തിരുവോസ്തിയെടുത്ത് പ്രധാന കവാടത്തിനരികിലേക്ക് നീങ്ങുന്നതും കണ്ടു. അന്നത്തെ ധ്യാനത്തിനു ശേഷം അത്താഴം കഴിക്കുമ്പോൾ ഞാനച്ചനോട് ചോദിച്ചു: ''ഏതെങ്കിലും രോഗികൾ പള്ളിയിൽ ഉണ്ടായിരുന്നോ.... അച്ചൻ കുർബാനയുമായ് പോകുന്നത് കണ്ടല്ലോ!" "അതെ അച്ചോ, അദ്ദേഹം പ്രധാന കവാടത്തിൻ്റെയടുത്ത് കുമ്പസാരക്കൂടിനോട് ചേർന്നാണ് ഇരിക്കുക. പെട്ടന്നാർക്കും കാണാൻ കഴിയില്ല. ഇരുകാലുകളും തളർന്ന വ്യക്തിയാണ്. വല്ലപ്പോഴുമേ പള്ളിയിൽ വരൂ. എല്ലാ വർഷവും ധ്യാനത്തിന് മുടങ്ങാതെ പങ്കെടുക്കും. കുർബാനയുമായ് ചെല്ലുമ്പോൾ ആ മിഴികളിലെ തിളക്കം കാണേണ്ടതു തന്നെ." അടുത്ത ദിവസവും ആ മനുഷ്യൻ ധ്യാനത്തിന് വന്നു. അന്ന് കുർബാനയുമായ് പോയത് ഞാനാണ്. തളർന്ന കാലുകളിൽ ഊന്നി, കരങ്ങൾകൂപ്പി ഭവ്യതയോടെ കുർബാന സ്വീകരിച്ച മറ്റാരെയും എനിക്കന്ന് കാണാൻ കഴിഞ്ഞില്ല. ധ്യാനത്തിൻ്റെ സമാപന ദിവസം ഞാനാ വ്യക്തിയെ പരിചയപ്പെട്ടു. ആക്രി വസ്തുക്കൾ ശേഖരിച്ച് വിൽക്കുകയാണ് ജോലി. സംഭാഷണത്തിനിടയിൽ എന്നെ അതിശയിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു: "പോളിയോ വന്ന് കാലുകൾ തളർന്നത് നന്നായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റെല്ലാവരും കുർബാന സ്വീകരിക്കാൻ വൈദികന്നരികിലേക്ക് പോകുമ്പോൾ ഈശോയുമായ് വൈദികൻ എൻ്റെയരികിലേക്ക് വരുന്നല്ലോ. ഈ ആനുകൂല്യം എന്നെപ്പോലുള്ളവർക്ക് മാത്രമല്ലേ ഉള്ളൂ....? ക്രിസ്തുവിൻ്റെ കരുണയും കരുതലും സ്നേഹവും ഓർക്കുമ്പോൾ ആരുടെ മിഴികളാണ് നിറയാത്തത്?" ആ മനുഷ്യൻ പങ്കുവച്ചത് വലിയ ഉൾക്കാഴ്ചയായിരുന്നു. ഒരുക്കമില്ലാതെ കുർബാനയർപ്പിക്കുകയും സ്വീകരിക്കുകയും ചെയ്ത നിമിഷങ്ങളെയോർത്ത് അന്നുരാത്രി കർത്താവിനോട് ഞാൻ മാപ്പപേക്ഷിച്ചു.
നമ്മുടെ ജീവിതത്തിലെ വിശ്വാസത്തിൻ്റെ ആഴവും പരിശോധിക്കണം. ക്രിസ്തുവുമായ് എത്രമാത്രം ബന്ധം നമുക്കുണ്ട്? ദിവ്യബലിയും മറ്റ് കൂദാശകളും സ്വീകരിക്കുമ്പോൾ നമ്മുടെ ഹൃദയം വേണ്ടത്ര ഒരുക്കമുള്ളതാണോ? ഇവിടെയാണ് വഴിയോരത്തിരുന്ന്
ഭിക്ഷ യാചിച്ചിരുന്ന അന്ധയാചകൻ നമുക്ക് വെല്ലുവിളിയാകുന്നത് . തനിക്കു മുമ്പേ കടന്നുപോകുന്നത് ക്രിസ്തുവാണെന്ന്
കാഴ്ചയില്ലാതിരുന്നിട്ടും അയാൾ തിരിച്ചറിയുന്നു. പക്ഷെ ഒപ്പമുള്ളവർ കണ്ടതുപോലെയല്ല അയാൾ കണ്ടതെന്നുമാത്രം.
അതുകൊണ്ടാണ് എല്ലാവരും അവനോട് നിശബ്ദനാകാൻ പറഞ്ഞിട്ടും അയാൾ ഒച്ചയിടുന്നത്. 'ദാവീദുകുമാരാ.... എന്നിൽ കനിയണമേ..' എന്നയാൾ പരിസരം മറന്ന് നിലവിളിക്കുന്നത്. കൂടെ നടന്നവരുടെ അരികിലേക്കല്ല വിളിച്ചവന്നരികിലേക്കാണ് ക്രിസ്തു കടന്നു ചെന്നത്. ക്രിസ്തുവിൻ്റെ കൂടെ നടക്കുമ്പോഴും ക്രിസ്ത്യാനിയെന്ന് അഭിമാനിക്കുമ്പോഴും ക്രിസ്തു എന്നരികിലേക്ക് വരുന്നില്ലെങ്കിൽ അതിന് കാരണം അവനെന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല, എനിക്കവനോട് ആത്മാർത്ഥതയില്ലാത്തതിനാലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26