ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് വ്യത്യസ്തമായൊരു വാര്‍ത്ത. ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി എന്നതാണ് പുതിയ വാര്‍ത്ത. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരസേനാനികളെ ഭയന്ന് ബ്രിട്ടീഷുകാര്‍ തുരങ്കം നിര്‍മിച്ചതാകാമെന്നാണ് നിഗമനം. നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് വിവരമുണ്ടായിരുന്നു എങ്കിലും അതിന്റെ പ്രവേശന കവാടം ഇപ്പോഴാണ് കണ്ടെത്തിയത്.
1912ല്‍ രാജ്യ തലസ്ഥാനം ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അന്ന് മുതല്‍ സെന്‍ട്രല്‍ നിയമസഭയും കോടതിയും ഡല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1926 ലാണ് നിയമസഭാ മന്ദിരം കോടതിയാക്കി മാറ്റിയത്. തടവിലാക്കിയ സ്വാതന്ത്ര്യ സമരസേനാനികളെ ചെങ്കോട്ടയില്‍ നിന്ന് കോടതിയില്‍ എത്തിക്കാന്‍ വേണ്ടി തുരങ്കം നിര്‍മിച്ചതാകാമെന്നാണ് കരുതുന്നത്.
1993ല്‍ എം.എല്‍.എ ആയപ്പോള്‍ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച് കേട്ടിരുന്നുവെന്ന് നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ചരിത്രത്തില്‍ തുരങ്കത്തെ കുറിച്ച് തിരഞ്ഞെങ്കിലും യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ തുരങ്കത്തിന്റെ പ്രവേശന കവാടം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ റെയില്‍ പദ്ധതികളും മലിനജല സംവിധാനങ്ങളും കാരണം തുരങ്കപാത തകര്‍ന്നതിനാല്‍ തുരങ്കത്തിനുള്ളില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ നടത്താന്‍ സാധിക്കില്ല. തുരങ്കത്തിന്റെ പുനരുദ്ധാരണം നടത്തി 2022 ഓഗസ്റ്റ് 15ന് മുമ്പ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് രാം നിവാസ് ഗോയല്‍ അറിയിച്ചു.
തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.