ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം; ആറു പേര്‍ക്കു പരുക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു

ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം; ആറു പേര്‍ക്കു പരുക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു

വില്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.



വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.


ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.

ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.