സിറിയയില്‍ വിദേശ ബന്ദികളുടെ ശിരഛേദം ആഘോഷിച്ച ഐ.എസ് ഭീകരരുടെ വിചാരണ അമേരിക്കയില്‍

സിറിയയില്‍ വിദേശ ബന്ദികളുടെ ശിരഛേദം ആഘോഷിച്ച ഐ.എസ് ഭീകരരുടെ വിചാരണ അമേരിക്കയില്‍

വാഷിംഗ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ ബന്ദികളെ കഴുത്തറുത്ത് കൊന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘത്തിലെ അംഗമായിരുന്ന ബ്രിട്ടീഷ് വംശജനെ യു.എസ് നിയമപ്രകാരം വിചാരണ ചെയ്യും. 'ദി ബീറ്റില്‍സ്' എന്ന കുപ്രസിദ്ധ ടീമിലുണ്ടായിരുന്ന അലക്‌സാണ്ട കോട്ടെയെ ഇതിനായി വിര്‍ജീനിയയിലെ അലക്‌സാണ്ട്രിയ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഉടന്‍ ഹാജരാക്കും.

യുഎസ് സൈന്യം ഇറാഖില്‍ തടഞ്ഞുവെച്ചിരുന്ന അതിക്രൂരരായ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളില്‍ ഒരാളാണ് കോട്ടെ. സുഡാനീസ് വംശജനായ മുന്‍ ബ്രിട്ടീഷ് പൗരന്‍ എല്‍ ഷഫീ എല്‍ഷെക് ആണ് ഇയാളുടെ കൂട്ടാളി. ഇരുവരുടെയും പൗരത്വം ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് പിന്‍വലിച്ചു. അമേരിക്കന്‍ ബന്ദികളെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു ഇവര്‍.

യുഎസ് പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളിയും സ്റ്റീവന്‍ സോട്ട്‌ലോഫും സഹായികളായ കെയ്ല മുള്ളറും പീറ്റര്‍ കാസിഗും ഉള്‍പ്പെടെ പല പാശ്ചാത്യ ബന്ദികളെയും തടങ്കലില്‍ വയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ബീറ്റില്‍സ് ആയിരുുന്നു. വിദേശ ബന്ദികളുടെ ശിരഛേദം ഈ നാലംഗ സംഘം ആഘോഷിച്ചിരുന്നതായി കുറ്റപത്രത്തില്‍ ആരോപണമുണ്ട്.



കൊട്ടെയും എല്‍ഷെയ്ക്കും ബന്ദികളെ ആക്രമിച്ചു പീഡിപ്പിച്ച സംഭവങ്ങളുടെ ഒരു നീണ്ട പട്ടിക 24 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. വൈദ്യുതാഘാതമേല്‍പ്പിച്ചതും നിര്‍ബന്ധിച്ച് ബന്ദികളെ പരസ്പരം പോരടിപ്പിച്ചതും വടി കൊണ്ട് 20 മിനിറ്റ് വരെ തുടര്‍ച്ചയായി അടിച്ചതും അതിമര്‍ദ്ദത്തില്‍ അവരുടെ മേല്‍ വെള്ളം ചീറ്റിയതും എണ്ണമിട്ട് വിവരിച്ചിട്ടുണ്ട്.

കുറ്റം തെളിഞ്ഞാല്‍, കോട്ടെയ്ക്കും എല്‍ഷെയ്ക്കിനും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോട്ടെയ്‌ക്കോ എല്‍ഷെയ്ക്കിനോ എതിരായി വധശിക്ഷ ആവശ്യപ്പെടില്ലെന്ന് അമേരിക്ക ബ്രിട്ടനെ അറിയിച്ചിട്ടുണ്. കോടതി രേഖ പറയുന്നതനുസരിച്ച് എല്‍ഷെയ്ക്കിനെതിരായ ചില കുറ്റങ്ങളുടെ വിവരങ്ങള്‍ ഇനിയും ക്രോഡീകരിക്കാനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.