സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ ഭിന്നശേഷിയുള്ള മൂന്ന് വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്തതില്‍ കടുത്ത ആശങ്ക. ഹണ്ടര്‍ നദിയുടെ തീരത്തുള്ള സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയിലാണ് ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെ ഇന്നലെ രാവിലെ പതിനൊന്നരയോടെ കാണാതായത്. ഓട്ടിസമുള്ള കുട്ടിക്ക് സംസാരശേഷിയില്ലാത്തതാണ് രക്ഷാപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചു.
കുടുംബം താമസിക്കുന്ന 650 ഏക്കര്‍ വിസ്തൃതിയുള്ള ഫാമിനു സമീപമാണ് ആന്റണിയെ കാണാതായത്. പ്രദേശം കുറ്റിക്കാടുകളാല്‍ ചുറ്റപ്പെട്ടതാണ്. വ്യോമ നിരീക്ഷണം ഉള്‍പ്പെടെ 150 ലധികം പേരടങ്ങുന്ന സംഘമാണ് കുട്ടിക്കു വേണ്ടി തെരച്ചില്‍ നടത്തുന്നത്.
കുട്ടിയെ കാണാതായ മേഖല
ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.
കുട്ടിക്ക് തന്നെ പുറത്തിറങ്ങി നടക്കുന്ന സ്വഭാവമില്ലെന്നു കുടുംബ സുഹൃത്ത് അലന്‍ ഹാഷെം പറഞ്ഞു. കുട്ടിയെ കാണാതായ സമയത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പഴയ മോഡല്‍ ടൊയോട്ട ഹിലക്‌സ് വാഹനം കണ്ടതായി അദ്ദേഹം പറഞ്ഞു.
മൂന്നുമാസം മുന്‍പാണ് കുടുംബം ഈ സ്ഥലത്തേക്കു മാറിയത്.
കാണാതായ കുട്ടിയുടെ അമ്മ കെല്ലി എല്‍ഫലാക്ക്
തന്റെ മകനെ വീട്ടിലും പരിസരത്തും എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് അമ്മ കെല്ലി എല്‍ഫാക്ക് പറഞ്ഞു. ഞാനാണ് അവന്റെ ലോകം. രാവും പകലും ഞങ്ങള്‍ ഒരുമിച്ചാണ്. ഞാനില്ലാതെ ഒരു നിമിഷം പോലും അവന് മുന്നോട്ടു പോകാനാകില്ല. അവനെ ആരോ കൊണ്ടുപോയിട്ടുണ്ട്. അവന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ടെത്തുമായിരുന്നു. എന്റെ മകനെ എങ്ങനെയെങ്കിലും കണ്ടെത്തണം-കെല്ലി കണ്ണീരോടെ അപേക്ഷിച്ചു.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ മേഖലയിലും സമഗ്രമായ തെരച്ചിലാണ് നടത്തുന്നതെന്നും കുട്ടിയെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.
പ്രദേശത്തെ ഡാമുകളിലൊന്ന് വറ്റിച്ച് പോലീസ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്നലെ രാത്രിയിലും കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ നടന്നു. ഭൂമിശാസ്ത്രപരമായി ഏറെ സങ്കീര്‍ണമായ ഗ്രാമപ്രദേശത്താണ് കുട്ടിയെ കാണാതായത്. ഉച്ചയ്ക്കുശേഷം മഴ പെയ്യുന്നതും തെരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.