ഗവേഷകര്‍ക്ക് പണ്ടുമുതലേ താല്പര്യമുള്ള വിഷയമാണ് ദിനോസറുകള്‍. ജുറാസിക് പാര്‍ക്ക് പോലുള്ള സിനിമകള്‍ പുറത്തിങ്ങിയതിന് ശേഷം ജനങ്ങള്‍ക്കിടയിലും ദിനോസറുകളെ കുറിച്ചറിയാന്‍ വലിയ ആകാംക്ഷയാണ്. ഭൂമിയില്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെ വീണ്ടും പുനസൃഷ്ടിക്കാനുളള പരിശ്രമത്തിലാണ് ഇപ്പോള്‍ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍.
എന്നാല്‍, സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന ജനിതക ക്ലോണിംഗ് രീതി പ്രായോഗികതയില്‍ നിന്ന് വളരെ അകലെയായിരുന്നു. കാരണം ഡിഎന്‍എകള്‍ക്ക് അത്രയും കാലം നിലനില്‍ക്കാനാവില്ല. ഏഴ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഇഴകള്‍ തകരുന്നു. ഇത് അവരുടെ ഡിഎന്‍എ ക്ലോണിംഗ് അസാധ്യമാക്കുന്നു.
ഒരു ഛിന്നഗ്രഹം ഭൂമിയില്‍ വന്നു പതിച്ചതിനുശേഷമാണ് ഈ ജീവികള്‍ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഇനി ഒരിക്കലും അവയെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ശാസ്ത്രം കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പാലിയന്റോളജി പ്രൊഫസര്‍ വില്യം ഓസിച്ച് പറയുന്നത്. ഫോസില്‍ അസ്ഥികളില്‍ കാണപ്പെടുന്ന ഡിഎന്‍എ ഉപയോഗിക്കുന്നതിനുപകരം, ദിനോസറുകളുടെ ആധുനിക ബന്ധുക്കളായ പക്ഷികളുടെ ഡിഎന്‍എ ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയുമെന്ന് പ്രൊഫസര്‍ വില്യം വിശ്വസിക്കുന്നു.
ദിനോസറുകളുടെ ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു പിന്‍ഗാമിയാണ് പക്ഷികള്‍. മാംസം ഭക്ഷിക്കുന്ന ദിനോസര്‍ കുടുംബത്തില്‍ നിന്നാണ് അവ പരിണമിച്ചത്. പ്രൊഫസര്‍ വില്യം പറയുന്നതനുസരിച്ച്, പക്ഷികളുടെ ജനിതകഘടനയില്‍ അന്നത്തെ ഡിഎന്‍എയുടെ അവശേഷിപ്പുകള്‍ ഉണ്ടായിരിക്കാം. 2018 -ലെ ഒരു പഠനത്തെ പിന്തുണച്ചാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്.
ദിനോസര്‍ ഡിഎന്‍എയുടെ രൂപം പക്ഷികളിലും ആമകളിലും കണ്ടേക്കാമെന്ന് ആ പഠനം പറയുന്നു. കാരണം ആ പഠനത്തില്‍, ദിനോസറിന്റെ ഒരു ഇനമായടൈറനോസോറസ് റെക്‌സും ആധുനിക കാലത്തെ ഒട്ടകപ്പക്ഷിയും തമ്മില്‍ സമാനതകള്‍ കണ്ടെത്തിയിരുന്നു.
ദിനോസറിന്റെ ഫോസില്‍ അസ്ഥികളിലുള്ള ഡിഎന്‍എയുടെ ശകലങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദിനോസറിനെ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രൊഫസര്‍ പറയുന്നു. ''പകരം, ആധുനിക പക്ഷികളില്‍ കാണപ്പെടുന്ന ഡിഎന്‍എയുടെ ശകലങ്ങളുമായി അവ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്'' അദ്ദേഹം പറഞ്ഞു. അപ്പോഴും ആ ജീവിയെ ഒരു യഥാര്‍ത്ഥ ദിനോസര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. പകരം, ഇത് പക്ഷികളുടെയും ഉരഗങ്ങളുടെയും ജനിതക ഘടനയില്‍ നിന്ന് ഉണ്ടാകുന്ന ഒരു സങ്കര ജീവിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.