സഭയിലെ പിതാക്കന്മാർക്കുവേണ്ടിയും തനിക്കുവേണ്ടിയും പ്രാർത്ഥിക്കണം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സഭയിലെ പിതാക്കന്മാർക്കുവേണ്ടിയും തനിക്കുവേണ്ടിയും പ്രാർത്ഥിക്കണം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കോട്ടയം : തന്നെയും സഭയിലെ പിതാക്കന്മാരെ വേദനിപ്പിക്കുന്ന വിഷയമാണ് സഭയിലെ ഐക്യവും സമാധാനവും സംബന്ധിച്ചുള്ള തർക്കമെന്ന് മാർ ജോർജ് ആലഞ്ചേരി കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ (അക്കരപ്പള്ളി) നടത്തിയ പ്രസംഗമദ്ധ്യേ പറഞ്ഞു.
കുർബ്ബാനക്രമത്തിലെ വൈവിധ്യം തെറ്റായ സാക്ഷ്യത്തിലേക്കു നയിച്ചിട്ടുണ്ട് . ഇത് പരിഹരിക്കുന്നതിന് പരിശുദ്ധ സിംഹാസനം ഫ്രാൻസിസ് പാപ്പ ഉൾപ്പടെയുള്ളവർ പരിഹാരമാർഗം നിർദ്ദേശിച്ചിരിക്കുകയാണ്. ആദ്യ ഭാഗം ജനങ്ങളുടെ നേരെ നിന്നും രണ്ടാം ഭാഗം കാർമ്മികൻ ജനങ്ങളോടൊപ്പം അൾത്താരയിലേക്കു തിരിഞ്ഞു നിന്നും അവസാന ഭാഗത്ത് കൃതജ്ഞതാ പ്രാർത്ഥനയ്ക്കായി വൈദീകൻ ജനങ്ങുടെ നേരെ തിരിഞ്ഞു നിന്നും കുർബ്ബാന അർപ്പിക്കണം. ചുരുക്കം ചില പ്രദേശങ്ങളിൽ ചില വൈദീകർക്ക് ഈ നിർദ്ദേശം സ്വീകരിക്കാൻ മടിയുണ്ട് .അതിന്റെ പേരിൽ ചില്ലറ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് ആകുലരാകേണ്ട എന്നും അദ്ദേഹം പറഞ്ഞു.

തനിക്കുവേണ്ടിയും മറ്റു പിതാക്കന്മാർക്കുവേണ്ടിയും സഭയുടെ കൂട്ടായ്മക്കായും പ്രാർത്ഥിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തെ എതിർക്കുന്നവർ ആക്രമിക്കാൻ വരുമ്പോൾ പിടിച്ചു നിൽക്കണമെങ്കിൽ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആരെയും പരാജയപ്പെടുത്താനോ , മുറിപ്പെടുത്താനോ ഒന്നും നമ്മൾ ആഗ്രഹിക്കുന്നില്ല. സ്നേഹവും കാരുണ്യവും ക്ഷമയും ഹൃദയവിശാലതമൊക്കയാണ് ക്രിസ്തീയമായ ഭാവങ്ങൾ . കർത്താവും അവിടുത്തെ സഭയും വിജയിക്കട്ടെ എന്ന മനോഭാവമാണ് നമ്മളിലുണ്ടാകേണ്ടത്. അങ്ങനെ ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മളിലൂടെ മറ്റുള്ളവർ മനസിലാക്കാൻ ഇടയാകട്ടെ. ദുഃഖം കലർന്ന സ്വരത്തോടുകൂടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗം വിശ്വാസ സമൂഹം വേദനയോടാണ്‌ ശ്രവിച്ചത്.

ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും ഈ പ്രസംഗം ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. “സിറോ മലബാർ സഭയുടെ സിനഡ് തിരുമാനത്തോട് മറുതലിച്ച് ചാനലുകളിൽ വന്നിരുന്ന് കവല പ്രസംഗം നടത്തുന്നവരൊക്കെ നിങ്ങൾ ഒളിഞ്ഞും, തെളിഞ്ഞും ലക്ഷ്യം വയ്ക്കുന്ന ആലഞ്ചേരി പിതാവിനെ നന്നായി ഒന്ന് മനസിലാക്കിയിരുന്നെങ്കിലെന്ന് ആശിച്ച് പോവുകയാണ്. ഇത്രെയൊക്കെ പുകിലുണ്ടാക്കിയിട്ടും കൃത്യമായ ഗുഡാലോചനയുടെ ഭാഗമായി ഒന്നിനു പിറകേ ഒന്നായി കേസുകൾ വരുമ്പോഴും സംയമനത്തോടെയും, സമചിത്തതയോടെയും നിലകൊള്ളുന്ന ആലഞ്ചേരി പിതാവിനെ വായിക്കാൻ മറന്ന് പോയതാണ് വിമതർക്ക് പറ്റിയ തെറ്റ് “ സോഷ്യൽ മീഡിയയിൽ മാത്യൂസ് തേനിയപ്ലാക്കൽ ഇപ്രകാരം വിലയിരുത്തുന്നു.

തനിക്കെതിരെയും പരിശുദ്ധ പിതാവിന്റെ പ്രബോധനതിരെയുള്ള വിമത സ്വരങ്ങൾക്ക് മാറ്റം ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസമാണ് മാർ ആലഞ്ചേരിയുടെ പ്രസംഗത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് . അധികാരമുണ്ടായിട്ടും അത് ഉപയോഗിക്കാതെ സമന്വയത്തിൻെറയും സ്നേഹത്തിൻേറയും പാത സ്വീകരിക്കുന്ന കർദിനാൾ മിശിഹാ മാർഗ്ഗത്തിന്റെ ഉദാത്ത മാതൃകയായിട്ടാണ് ക്രൈസ്തവ വിശ്വാസികൾ കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.