കൊല്‍ക്കത്തയിലെ തെരുവുകളില്‍ സ്‌നേഹമായൊഴുകിയ വിശുദ്ധ മദര്‍ തെരേസ

കൊല്‍ക്കത്തയിലെ തെരുവുകളില്‍ സ്‌നേഹമായൊഴുകിയ വിശുദ്ധ മദര്‍ തെരേസ

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 05

''ചെറിയ ഒരു കാര്യമായാല്‍ പോലും വലിയ സ്‌നേഹത്തോടും കരുതലോടും അനുകമ്പയോടും കൂടി ചെയ്യുമ്പോള്‍ അത് അമൂല്യവും ശ്രേഷ്ഠവുമായി മാറുന്നു''   വിശുദ്ധ മദര്‍ തെരേസ

ഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികമാണിന്ന്. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് അമ്മ അനശ്വരയായത്. 1910 ഓഗസ്റ്റ് 26 ന് യുഗോസ്ലോവിയയിലെ സ്‌കോപ്ജെ പട്ടണത്തിലാണ് തെരേസയുടെ ജനനം. നിക്കോളാദ്രെയിന്‍-ബൊജാക്സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയ മകള്‍. ഗോണ്‍ക്സാ ആഗ്‌നസ് എന്നായിരുന്നു മാമ്മോദീസാ പേര്.

തനിക്ക് അഞ്ചര വയസുള്ളപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ആഗ്‌നസ്, 1916 നവംബറില്‍ സ്ഥൈര്യലേപനം സ്വീകരിച്ചു. ആഗ്‌നസിന്റെ എട്ടാം വയസില്‍ അവളുടെ പിതാവ് മരിച്ചു. പിന്നീട് സാമ്പത്തിക ക്ലേശത്തിലായ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത് അമ്മയാണ്. തുന്നല്‍ ജോലികള്‍ ചെയ്താണ് ആഗ്‌നസിനേയും മൂത്ത രണ്ടു മക്കളേയും ആ അമ്മ വളര്‍ത്തിയത്.

ആഗ്‌നസിനെ 'മദര്‍ തെരേസ'യാക്കി രൂപാന്തരപ്പെടുത്തിയതില്‍ ഈ അമ്മയുടെ സഹനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. മിഷണറിയാകുവാനുള്ള അതിയായ താല്‍പര്യമാണ് പതിനെട്ടാം വയസില്‍ ആഗ്‌നസിനെ വീട് വിട്ട് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത്. 1928 സെപ്റ്റംബറില്‍ അയര്‍ലന്റിലെ സിസ്റ്റേഴ്സ് ലോബ്രിറ്റോ എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ആഗ്‌നസ് വൃതവാഗ്ദാനം നടത്തി. പിന്നീടാണ് ആഗ്‌നസ് സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചത്. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം സ്വീകരിച്ചത്.

1929 ല്‍ തെരേസ ഭാരതത്തില്‍ എത്തി. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മെയ് 24 ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മെയ് 14 നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്.

അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ ഏഴിന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീ സഭ ആരംഭിച്ചു. അങ്ങനെയായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി

പൊതു സമൂഹത്താല്‍ തിരസ്‌കരിക്കപ്പെട്ട ജീവിതങ്ങളെ തേടി മദര്‍ തെരേസയും മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്നേഹത്തിലേക്ക് ചേര്‍ത്തു പിടിയ്ക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു.

തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍ തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ സന്യാസ സമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സേവനമായി, സ്നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍ തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി.

1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്‍കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980 ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നവും നല്‍കി.

ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983 ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985 ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍ നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പ് നല്‍കി മദറിനെ ആദരിച്ചു.

1997 മാര്‍ച്ച് 13 ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് മദര്‍ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍ തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു.

'ദ മദര്‍ ഹൗസ് ഓഫ് ദ മിഷനറീസ് ഓഫ് ചാരിറ്റിയിലാണ്' മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍ തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19 ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു.

മോണിക്ക ബസ്റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015 ഡിസംബറില്‍ ബ്രസീലില്‍ ഒരു വ്യക്തിയുടെ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കി.

2016 സെപ്റ്റംബര്‍ നാലിന് വത്തിക്കാനില്‍ സമ്മേളിച്ച 10 ലക്ഷം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന നാമമാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയ്ക്ക് നല്‍കിയത്.

സ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയൊരു അധ്യായം തുറന്ന് ലോകത്തെ വിസ്മയിപ്പിച്ച വലിയൊരു മനുഷ്യ സ്‌നേഹിയാണ് വിശുദ്ധ മദര്‍ തെരേസ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ പദവി ചാര്‍ത്തിക്കൊടുക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാള്‍.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്‌പെയിനിലെ അല്‍വിറ്റൂസ്, അല്‍ബിനൂസ്, അവിട്ടൂസ് അലൂയിനൂസ്

2. ഇറ്റലിയിലെ ക്വിന്തൂസ്, ആര്‍ക്കോണ്‍സിയൂസ്, ഡോനാത്തൂസ്

3. കോണ്‍സ്റ്റന്‍സിലെ ബെരട്ടിനൂസ്

4. അന്തിയോക്യായിലെ ചാരബെല്‍

5. വെനീസിലെ ലോറന്‍സ് ജസ്റ്റീനിയന്‍

 'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26