കരയിലും സമുദ്രത്തിലുമുള്ള നിരവധി ജീവജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി ഗവേഷകര്‍. അതില്‍ സ്രാവുകള്‍ മുതല്‍ ഇന്തൊനീഷ്യയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ഉരഗ വര്‍ഗമായ കൊമൊഡോ ഡ്രാഗണ്‍ വരെ ഉള്‍പ്പെടും. അതേസമയം വംശനാശ ഭീഷണിയില്‍നിന്ന് ട്യൂണ മത്സ്യങ്ങള്‍ (ചൂര) പതിയെ കരകയറുന്നുവെന്ന ആശ്വാസകരമായ കണ്ടെത്തലുമുണ്ട്.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ 11 വരെ ഫ്രഞ്ച് നഗരമായ മാര്‍സെയില്‍ നടക്കുന്ന കണ്‍സര്‍വേഷന്‍ കോണ്‍ഗ്രസിലാണ് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും പുതുക്കിയ പട്ടിക പുറത്തിറക്കിയത്.
ഒരു പതിറ്റാണ്ടോളം നീണ്ട സംരക്ഷണ ശ്രമങ്ങളെത്തുടര്‍ന്നാണ് ട്യൂണ മത്സ്യങ്ങളുടെ സംഖ്യ വര്‍ധിച്ചത്. എന്നാല്‍ ചിലയിനം ട്യൂണകള്‍ വലിയതോതില്‍ കുറഞ്ഞു വരുന്നതായും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക സമാഹരിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) പറഞ്ഞു.
ട്യൂണ മത്സ്യങ്ങള്‍
സമുദ്രജീവികള്‍ അതിജീവനത്തിനായി വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. പത്തില്‍ നാല് ഇനം സ്രാവുകളും തിരണ്ടി മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്.
ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ജീവികളുടെയും സസ്യങ്ങളുടെയും കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഏകദേശം 1,39,000 ജീവജാലങ്ങളെ പഠനവിധേയമാക്കിയിരുന്നു. 39,000 വര്‍ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു. 902 എണ്ണത്തിന് വംശനാശം സംഭവിച്ചുകഴിഞ്ഞു.
കൊമൊഡോ ഡ്രാഗണും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി നേരിടുകയാണ്. സമുദ്രനിരപ്പ് ഉയരുന്നത് അവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
വിഷം ചീറ്റും ഡ്രാഗണ്‍ പല്ലികള്‍
കൊമൊഡോ ഡ്രാഗണ്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗ വര്‍ഗങ്ങളില്‍ ഏറ്റവും വലുത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ് യൂറോപ്യന്മാര്‍ ഭീമാകാരന്മാരായ കൊമൊഡോ ഡ്രാഗണുകളെ കണ്ടെത്തിയത്.
ഇന്തൊനീഷ്യയിലെ നാലു ദ്വീപുകളായ കൊമൊഡോ, ഫ്‌ളോറസ്, റിന്‍ക, ഗിലി എന്നീ സ്ഥലങ്ങളിലാണ് ഇവയുടെ ഉല്‍പത്തി എന്നു കരുതുന്നു. ആദ്യമായി കൊമൊഡോ ദ്വീപില്‍ കണ്ടെത്തിയ ഇവയ്ക്ക് കൊമൊഡോ ഡ്രാഗണ്‍ എന്ന പേര് കിട്ടി.
കൊമൊഡോ ഡ്രാഗണുകള്‍ പരസ്പരം പോരടിക്കുന്ന അപൂര്‍വ ചിത്രം
മാംസഭുക്കുകളാണ് വിഷം ചീറ്റുന്ന കൊമൊഡോ ഡ്രാഗണുകള്‍. മൂന്നു മീറ്റര്‍ വരെ നീളവും 150 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവും ഉള്ള ഇവ പ്രധാനമായും പന്നികള്‍, മാനുകള്‍, മത്സ്യങ്ങള്‍, പോത്തുകള്‍, പഴംതീനി വവ്വാലുകള്‍ എന്നിവയെ ആക്രമിച്ച് ഭക്ഷണമാക്കുകയാണ് ചെയ്യുന്നത്. നാക്കിന്റെ അറ്റം രണ്ടായി പിളര്‍ന്നിരിക്കും. നാക്കിന്റെ സഹായത്താലാണ് ഇവ ഇരകളുടെ സാമീപ്യം മനസിലാക്കുന്നത്. നാലു കിലോ മീറ്റര്‍ അകലെയുള്ള ഇരകളെ വരെ ഇവ തിരിച്ചറിയും.
വലിയ ഇരകളെ കൊല്ലാന്‍ ഇവയ്ക്ക് പ്രത്യേക കഴിവാണ്. ഇരയുടെ അടുക്കല്‍ പതുങ്ങിച്ചെന്നു കാലുകളിലോ മറ്റോ ഒറ്റക്കടി കൊടുത്തു തിരിച്ചു പോകുന്നു. ആക്രമിക്കുമ്പോള്‍, അവയുടെ വിഷമുള്ള ഉമിനീര്‍ ഇരയുടെ ശരീരത്തിലേക്കിറങ്ങുന്നു. കടിയേറ്റ മൃഗം 24 മണിക്കൂറിനുള്ളില്‍ രക്തം വാര്‍ന്നു മരിക്കുന്നു. എന്നിട്ട് അവയെ ഭക്ഷിക്കും.
കൊമൊഡോ ഡ്രാഗണുകള്‍ ശീത രക്ത ജീവികളാണ്. കൂടുതല്‍ സമയവും വെയില്‍ കൊണ്ട് ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിനായി ശ്രദ്ധ കാണിക്കുന്നു. മഴക്കാലങ്ങളില്‍ ഇവ തങ്ങളുടെ മാളങ്ങളില്‍ തന്നെ കഴിഞ്ഞു ശരീര താപനില കാത്തുസൂക്ഷിക്കുന്നു. ആക്രമണ സ്വഭാവം ഉണ്ടെങ്കിലും അവ വളരെ ലജ്ജയുള്ളവരാണ്.
പുതിയ റെഡ് ലിസ്റ്റ് അനുസരിച്ച് കാലാവസ്ഥാ പ്രതിസന്ധി മൂലം കൊമൊഡോ ഡ്രാഗണ്‍ ഗുരുതരമായ വംശനാശ ഭീഷണിയിലാണ്. കാടിന്റെ അരികിലും വിശാലമായ പുല്‍മൈതാനങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. അപൂര്‍വ്വമായി സമുദ്രനിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലും കാണപ്പെടുന്നു. വനങ്ങള്‍ നശിപ്പിക്കുന്നതും കാട്ടുതീയില്‍ പുല്‍മേടുകള്‍ ഇല്ലാതാകുന്നതും ഇവയ്ക്ക് വലിയ ഭീഷണിയാണ്.
ആഗോള താപനവും ജലനിരപ്പ് ഉയരുന്നതും മൂലം അടുത്ത 45 വര്‍ഷത്തിനുള്ളില്‍ അവയുടെ ആവാസ വ്യവസ്ഥ 30% ഇല്ലാതാകുമെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) വ്യക്തമാക്കുന്നു. മനുഷ്യരുടെ പ്രവര്‍ത്തികള്‍ കൊമോഡോ ഡ്രാഗണുകളുടെ ജീവീതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവയ്ക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍, ആവാസവ്യവസ്ഥ തകരുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. തെക്കുകിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിലെ അവരുടെ ആവാസവ്യവസ്ഥ 1970-നും 2000-നും ഇടയില്‍ 40 ശതമാനത്തിലേറെ ചുരുങ്ങിയിട്ടുണ്ട്.
ട്യൂണകള്‍ തിരിച്ചുവരവിന്റെ പാതയില്‍
അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ, സൗത്തേണ്‍ ബ്ലൂഫിന്‍ ട്യൂണ, ആല്‍ബാകോര്‍, യെല്ലോഫിന്‍ എന്നീ വിഭാഗം ട്യൂണകള്‍ ആശങ്കപ്പെടുത്തുന്ന അവസ്ഥയില്‍നിന്ന് കരകയറുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്‌കിപ്ജാക്ക്, യെല്ലോഫിന്‍, ബിഗെയ്, ആല്‍ബാകോര്‍ ട്യൂണ എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വാണിജ്യപരമായി വിലയേറിയ മത്സ്യങ്ങളാണിവ.
2011-ല്‍ മിക്ക തരം ട്യൂണകളും വംശനാശ ഭീഷണി നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതോടെ, ശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുകയും നിയമവിരുദ്ധമായ മത്സ്യബന്ധനം കര്‍ശനമായി തടയുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഒരു ദശാബ്ദക്കാലത്തെ പരിശ്രമത്തിനുശേഷം, സമുദ്രത്തിന്റെ ചില ഭാഗങ്ങളിലെ ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നുണ്ട്.
സ്രാവ്
എന്നാല്‍ ഇത്തരം ആശ്വാസ വാര്‍ത്തകള്‍ക്കിടയിലും വലിയ വിഭാഗം ജീവികളും ഭീഷണിയിലാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചതായും ഐ.യു.സി.എന്‍ റെഡ് ലിസ്റ്റിന്റെ തലവനായ ക്രെയ്ഗ് ഹില്‍ട്ടണ്‍-ടെയ്ലര്‍ പറഞ്ഞു.
സ്രാവുകളുടെയും തിരണ്ടി മത്സ്യങ്ങളുടെയും ജനസംഖ്യ വലിയതോതില്‍ കുറഞ്ഞുവരികയാണ്. മാംസം, ചിറകുകള്‍ എന്നിവയ്ക്കായി വ്യാപകമായി കൊന്നൊടുക്കുന്നതും മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയും കാരണം ഇവ വംശനാശ ഭീഷണിയിലാണ്.
സംസ്ഥാനങ്ങള്‍ സുസ്ഥിരമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ജീവജാലങ്ങളെ വീണ്ടെടുക്കുമെന്ന് ഐയുസിഎന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബ്രൂണോ ഒബെര്‍ലെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26