ഓസ്‌ട്രേലിയയില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്നു പേര്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ

ഓസ്‌ട്രേലിയയില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്നു പേര്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തി സാധാരണക്കാരായ ജനങ്ങളെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് തീവ്രവാദികള്‍ക്ക് പത്തുവര്‍ഷം ജയില്‍ ശിക്ഷ. സഹോദരങ്ങളായ എര്‍ട്ടുംഗ് എറിക്ലിയോഗ്ലു (33), സമേദ് എറിക്ലിയോഗ്ലു (28), സുഹൃത്ത് ഹനീഫി ഹാലിസ് (24) എന്നിവര്‍ക്കാണ് വിക്ടോറിയയിലെ കൗണ്ടി കോടതി ശിക്ഷ വിധിച്ചത്.

മെല്‍ബണിലെ തിരക്കേറിയ ബര്‍ക് സ്ട്രീറ്റില്‍ 2018-ല്‍ നടന്ന ഭീകരാക്രമണത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്നു പേരും ഗൂഢാലോചന നടത്തിയത്. ഇതിനായി തോക്ക് വാങ്ങാനുള്ള ശ്രമത്തിനൊടുവിലാണ് മൂവരും അതേവര്‍ഷം തന്നെ അറസ്റ്റിലായത്.

2018 നവംബര്‍ ഒന്‍പതിന് നടന്ന ഭീകരാക്രമണത്തില്‍, ബാര്‍ബീക്യു ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ട്രക്കിലെത്തിയ അക്രമി പുറത്തിറങ്ങി ട്രക്കിനു തീയിട്ടശേഷം സമീപത്തുണ്ടായിരുന്നവരെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കു കുത്തേറ്റു. അതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഹസന്‍ ഖലീഫ് ഷയര്‍ അലി എന്നയാളാണ് അന്ന് ആക്രമണം നടത്തിയത്.

ബര്‍ക് സ്ട്രീറ്റിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം, ഇതില്‍ പ്രചോദിതരായ എറിക്ലിയോഗ്ലു സഹോദരങ്ങളും ഹനീഫി ഹാലീസും ചേര്‍ന്ന് എര്‍ട്ടുംഗിന്റെ ഡാളസിലെ വീട്ടില്‍ ഒരുമിച്ച് തീവ്രവാദി ആക്രമണങ്ങള്‍ക്കുള്ള ഗൂഢാലോചന ആരംഭിച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ തോക്ക് സംഘടിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുകയും ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ക്വയ്ദ എന്നിവയുടെ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആരംഭിക്കുകയും ചെയ്തു. 450 ഡോളര്‍ ചെലവഴിച്ച് തോക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം പദ്ധതി പൊളിയുകയായിരുന്നു. അന്നു മുതല്‍ ഇവര്‍ കസ്റ്റഡിയിലാണ്.

മെല്‍ബണിലെ വടക്കന്‍ മേഖലയില്‍ പൂന്തോട്ടപരിപാലനമായിരുന്നു മൂവര്‍ക്കും ജോലി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംഘത്തിന് പരോളിന് അര്‍ഹതയുണ്ടെങ്കില്‍ പോലും വിക്ടോറിയയുടെ തീവ്രവാദ നിയമപ്രകാരം പരോള്‍ നിഷേധിക്കാനുള്ള എല്ലാ വ്യവസ്ഥയും ഉണ്ടായിരിക്കുമെന്ന് ശിക്ഷ വിധിച്ച ജഡ്ജി മൈക്കല്‍ ഓ കോണല്‍ മുന്നറിയിപ്പ് നല്‍കി. പൈശാചികമായ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ തോക്ക് വാങ്ങാനായി പ്രതികള്‍ ശ്രമിച്ചതായി ജഡ്ജി നിരീക്ഷിച്ചു.

സമൂഹത്തില്‍ ഭയവും ഭീകരതയും വിതയ്ക്കാനുള്ള ശ്രമമായി പ്രതികളുടെ ശ്രമത്തെ കണക്കാക്കണം. നിരപരാധികളെ കൊല്ലാനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത് എന്നതു വിസ്മരിക്കാനാവില്ല. ജാഗ്രതയില്ലാതെ പ്രവര്‍ത്തിച്ച നിരപരാധികളായി കുറ്റവാളികളെ കാണാനാവില്ലെന്നും അക്രമാസക്തമായ ജിഹാദിന്റെ പ്രത്യയശാസ്ത്രത്തോട് അവര്‍ കൂറ് പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പരോളിന് യോഗ്യത നേടുന്നതിന് മുമ്പ് മൂന്നു പേരും ഏഴ് വര്‍ഷവും ആറ് മാസവും ജയിലില്‍ കഴിയണം. 1000 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് പരോളിന് അര്‍ഹതയുണ്ട്.

ജയിലില്‍നിന്ന് വീഡിയോ വഴിയാണ് മൂവരും കോടതിയില്‍ ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26