പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസ് സംഘടന; വിശ്വസിക്കാന്‍ പറ്റില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസ് സംഘടന; വിശ്വസിക്കാന്‍ പറ്റില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആര്‍എസ്‌എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പ്രക്ഷോഭത്തിലേക്ക്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാൻ സംഘ് ജനറൽ സെക്രട്ടറി ബദ്രിനാരായൺ ചൗധരി ആവശ്യപ്പെട്ടു.

നാളെ ഡൽഹി ജന്തര്‍ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേദം നടത്താനാണ് നീക്കം. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു.

എന്നാൽ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന കിസാന്‍ സംഘത്തെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഇതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശം നല്‍കി. സമിതി അംഗം അനില്‍ ഗണവത് ചീഫ് ജസ്റ്റിസിന് കത്തയച്ചു. കാര്‍ഷിക പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും സമിതി അംഗം കത്തില്‍ പറയുന്നു.

കര്‍ണാലില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കര്‍ഷക നേതാക്കളെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത് നടക്കുന്ന കര്‍ണാലില്‍ ഹരിയാന പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്നുമാര്‍ കര്‍ഷക നേതാക്കള്‍ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാന്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാന്‍ മോര്‍ച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കര്‍ഷക സംഘടനകള്‍.

കര്‍ണാലിലെ മാര്‍ക്കറ്റിലേക്ക് റാലിക്കായി കര്‍ഷകര്‍ എത്തിത്തുടങ്ങി. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് പൊലീസ്. റാലി സ്ഥലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. റാലി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അവർ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.