മുല്ലാ മുഹമ്മദ് അഖുന്ദ് കടുത്ത നിലപാടുകളുടെ ആചാര്യന്‍; ബുദ്ധ പ്രതിമകള്‍ തകര്‍ത്തയാള്‍

മുല്ലാ മുഹമ്മദ് അഖുന്ദ് കടുത്ത നിലപാടുകളുടെ ആചാര്യന്‍; ബുദ്ധ പ്രതിമകള്‍ തകര്‍ത്തയാള്‍



കാബൂള്‍: ആത്മീയതയുടെ നിറം ചാലിച്ച കടുത്ത നിലപാടുകളുടെ ആചാര്യ സ്ഥാനമാണ് പുതിയ അഫ്ഗാന്‍ ഭരണാധികാരി മുല്ലാ മുഹമ്മദ് അഖുന്ദിന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചാര്‍ത്തിക്കൊടുക്കുന്നത്.അതേസമയം, മത വ്യക്തിത്വമെന്നതിലേറെ രാഷ്ട്രീയക്കാരനെന്ന നിലയിലാണ് നേതൃത്വ കൗണ്‍സിലില്‍ മുല്ലാ മുഹമ്മദ് അഖുന്ദ് മേല്‍ക്കോയ്മ നേടിയതെന്നും സൈനിക കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം നിര്‍ണ്ണായകമാണെന്നും അഫ്ഗാനികള്‍ കരുതുന്നു. അഖുന്ദ് നിര്‍ണ്ണായക സ്ഥാനത്തേക്കെത്തുന്നത് താലിബാന്റെ നിലവിലെ തലവന്‍ ഹൈബത്തുള്ള അഖുന്ദ്സാദയുടെ അടുത്ത അനുയായതിനാലാണ്. ഭരണ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2001 ല്‍ അഫ്ഗാനിലെ ചരിത്ര പ്രസിദ്ധമായ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കാന്‍ അനുമതി നല്‍കിയത് അഖുന്ദ് ആയിരുന്നു. ഇതിനെ മതപരമായ ദൗത്യം എന്നാണ് പില്‍ക്കാലത്ത് ഇയാള്‍ വിശേഷിപ്പിച്ചത്. 1996 മുതല്‍ 2001 വരെ നീണ്ടുനിന്ന താലിബാന്‍ ഭരണകാലത്ത് ആദ്യം വിദേശകാര്യ മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാന്‍ സ്ഥാപകനായ മുല്ല മുഹമ്മദ് ഉമറിന്റെ അടുത്ത അനുയായിയും രാഷ്ട്രീയ ഉപദേശകനുമായിരുന്നു എന്നാണ് അമേരിക്കയുടെ പക്കലുള്ള രേഖകളില്‍ അഖുന്ദിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. വയസ് ഏകദേശം 60.

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ആധിപത്യം നേടിയിട്ടും ഭരണകൂടം നിലവില്‍ വരാനെടുത്ത താമസത്തിനു പിന്നിലെ മുഖ്യ കാരണം നേതൃത്വത്തിലെ അഭിപ്രായ ഭന്നത തന്നെ. തലസ്ഥാന നഗരമായ കാബൂള്‍ പിടിച്ചെടുത്തതോടെ സാങ്കേതികമായി അഫ്ഗാന്‍ ഭരണം തങ്ങളുടെ കയ്യിലായെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ച് ഒരു പുതിയ ഭരണം തുടങ്ങാന്‍ മാത്രം തയ്യാറെടുപ്പിലായിരുന്നില്ല താലിബാനെന്ന് അവരുടെ പിന്നീടുള്ള ദിവസങ്ങളിലെ ആശയക്കുഴപ്പങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

ഓഗസ്റ്റ് മുപ്പത്തി ഒന്നിന് അമേരിക്ക പൂര്‍ണ്ണമായും രാജ്യം വിടുന്നതോടെ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കണം എന്ന ഉദ്ദേശ്യവുമായി മുന്നോട്ട് പോയിരുന്നെങ്കിലും അത് അത്രയും പെട്ടന്ന് കാര്യമായ ചെറുത്ത് നില്‍പ്പുകള്‍ ഒന്നും ഇല്ലാതെ ഉണ്ടാകും എന്ന് താലിബാന്‍ കരുതിക്കാണില്ലെന്ന നിരീകഷകര്‍ പറയുന്നു.എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വേഗത്തില്‍ അഫ്ഗാന്റെ നിയന്ത്രണം കയ്യിലാവുകയും പഞ്ച്ഷീറിലെ പ്രതിരോധ സഖ്യത്തില്‍ നിന്ന് ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാകുകയും ഭരണ നേതൃത്വത്തെക്കുറിച്ച് താലിബാന് ഉള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ട് പോയി. എന്നാല്‍ ഏറ്റവും ഒടുവില്‍ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് ഭരണത്തലവനായി ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ടു.

പുതിയ സര്‍ക്കാരില്‍ നേരത്തേ ഭരണത്തലവന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്ന മുല്ലാ ബരാദര്‍ ആദ്യ ഉപ നേതാവായും മൗലവി ഹനാഫി രണ്ടാം ഉപനേതാവായുമാണ് അവരോധിതരാകുന്നത.്താല്‍ക്കാലിക പ്രതിരോധ മന്ത്രിയായി മുല്ലാ യാക്കൂബും ആഭ്യന്തര മന്ത്രിയായി സിറാജുദ്ദീന്‍ ഹഖാനിയും ഉണ്ടാകുമെന്നാണ് തലസ്ഥാനമായ കാബൂളില്‍ നിന്നും വരുന്ന ഒടുവിലത്തെ വിവരങ്ങള്‍.

താലിബാന്‍ നേതാക്കളില്‍ സൈനിക കാര്യങ്ങളേക്കാള്‍ മത, ആത്മീയകാര്യങ്ങളിലായിരുന്നു മുല്ല ഹസ്സന്‍ അഖുന്ദ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കാണ്ഡഹാറിലെ പാഷ്മുള്‍ ഗ്രാമത്തില്‍ ജനിച്ച അഖുന്ദ് പാകിസ്ഥാനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സോവിയറ്റ് വിരുദ്ധ പ്രക്ഷോഭ കാലത്ത് ഹിസാബ്-ഇ-ഇസ്ലാമി വിഭാഗത്തിന്റെ പ്രവര്‍ത്തകനായാണ് താലിബാനില്‍ എത്തുന്നത്.

താലിബാന്‍ രൂപം കൊണ്ട കാണ്ഡഹാര്‍ ആണ് മുല്ലാ മുഹമ്മദ് അഖുന്ദിന്റെ ജനന സ്ഥലം. ദീര്‍ഘകാലം താലിബാന്റെ നയ രൂപീകരണ സമിതിയായ റഹ്ബാരി ഷൂറയുടെ നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയാണ് അഖുന്ദ്.താലിബാന്റെ നിലവിലെ തലവന്‍ ഹൈബത്തുള്ള അഖുന്ദ്സാദയുടെ അടുത്ത അനുയായി കൂടിയായത് കൊണ്ടാണ് ഖത്തറിലെ താലിബാന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പോരുകയായിരുന്ന മുല്ല ബരാദറിനെ മാറ്റി നിര്‍ത്തി, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഖുന്ദിലേക്ക് ഭരണ നേതൃത്വം എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.