അഫ്ഗാന്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും യു.എന്‍ ഭീകര പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍

 അഫ്ഗാന്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും യു.എന്‍ ഭീകര പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍


കാബൂള്‍ :അഫ്ഗാനിസ്താനില്‍ 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അധികാരം പിടിച്ചെടുത്ത താലിബാന്‍ മന്ത്രിമാരായി നിയോഗിക്കുന്ന 33 പേരില്‍ 17 പേരും ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദി പട്ടികയിലുള്ളവര്‍. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) തലയ്ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ വിലയിട്ടിരിക്കുന്ന ഭീകരനാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചിരിക്കുന്ന സിറാജുദ്ദീന്‍ ഹഖാനി. ഇടക്കാല പ്രധാനമന്ത്രി മുല്ല ഹസന്‍ അഖുന്ദ് ഉള്‍പ്പെടെ എല്ലാ പ്രമുഖ മന്ത്രിമാരും യു എന്‍ ഭീകരര്‍ തന്നെ.

ഭീകരാക്രമണം നടത്തുന്നവരേയും അതിന് നേതൃത്വം നല്‍കിയവരെയുമാണ് യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ലോകമെമ്പാടും ഭീകരാക്രമണങ്ങള്‍ നടത്തുന്ന ഹഖാനി ഗ്രൂപ്പ് സ്ഥാപകന്റെ മകനും സംഘത്തിന്റെ മേധാവിയുമായ സിറാജുദ്ദീന്‍ ഹഖാനി ഇപ്പോഴും ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.മുല്ല ഒമറിന്റെ മകനായ മുല്ല മുഹമ്മദ് യാക്കൂബിനെ പ്രതിരോധമന്ത്രി ആയി നിയമിച്ചിട്ടുണ്ട്.മന്ത്രിസഭയില്‍ സ്ത്രീകളില്ലെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും സ്ത്രീ സാന്നിധ്യം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണു വാസ്തവം.

തീവ്ര ഇസ്ലാമിക മതമൗലികവാദികളെന്നതു തന്നെയാണ് പുതു മന്ത്രിമാരില്‍ ഭൂരിഭാഗം പേരുടെയും പ്രധാന യോഗ്യത.താലിബാന്‍ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുല്‍ ഗനി ബറദര്‍ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും. എല്ലാ നിയമനങ്ങളും താത്കാലികമാണെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, താലിബാന്റെ ഇടക്കാല മന്ത്രിസഭ നിയമവിരുദ്ധമാണെന്ന് താലിബാന്‍ വിരുദ്ധസേനയായ എന്‍ആര്‍എഫ് (നാഷണല്‍ റെസിസ്റ്റന്റ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താന്‍) ആരോപിച്ചു. പുതിയ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ സ്ഥിരതയ്ക്കും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും താലിബാന്‍ വിരുദ്ധ സേന പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. 'താലിബാനേയും അവരുടെ ഭീകര കൂട്ടുകെട്ടിനേയും എല്ലാകാലത്തും ഞങ്ങള്‍ എതിര്‍ക്കും. അഫ്ഗാനിലെ ജനങ്ങളോടുള്ള ശത്രുത വെളിവാക്കുന്നതാണ് അവരുടെ പുതിയ സര്‍ക്കാരിന്റെ രൂപീകരണം. ജനങ്ങളുടെ പിന്തുണയോടെ വോട്ട് നേടി അധികാരത്തിലെത്തുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമുള്ളത്. ലോകസമൂഹം ഒന്നാകെ ഈ രീതിയാണ് അംഗീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും എതിരാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍.'

അന്താരാഷ്ട്രസമൂഹം ഈ വിഷയത്തില്‍ ഇടപെടണമെന്നും അഫ്ഗാനിലെ ജനങ്ങളെ ഈ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിക്കണമെന്നും എന്‍ആര്‍എഫ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.' ലോകം ഒന്നാകെ അവരുടെ പിന്തുണ ഞങ്ങള്‍ക്ക് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. പുതിയ സര്‍ക്കാര്‍ അഫ്ഗാന് മാത്രമല്ല, ലോകത്തിനും ഭീഷണിയാണ്. അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കാന്‍ അവര്‍ക്കാകില്ല' എന്നും പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.