പെര്‍ത്തില്‍ ഫുട്‌ബോള്‍ താരത്തിനു നേരേ ആക്രമണം; 25-കാരനായ ഡാനി ഹോഡ്‌സണ്‍ അതീവ ഗുരുതരാവസ്ഥയില്‍

പെര്‍ത്തില്‍ ഫുട്‌ബോള്‍ താരത്തിനു നേരേ ആക്രമണം; 25-കാരനായ ഡാനി ഹോഡ്‌സണ്‍ അതീവ ഗുരുതരാവസ്ഥയില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രശസ്ത യുവ ഫുട്‌ബോള്‍ താരം തലയ്‌ക്കേറ്റ ആക്രമണത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. പെര്‍ത്ത് സിബിഡിയില്‍ ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റാണ് 25 വയസുകാരനായ ഡാനി ഹോഡ്‌സണ്‍ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. അതേസമയം യുകെ സ്വദേശിയായ താരത്തിന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മകന്റെ അടുത്ത് എത്തിച്ചേരാനാകാത്ത സാഹചര്യമാണ്.

കഴിഞ്ഞ ശനിയാഴ്ച പെര്‍ത്ത് സിറ്റി ട്രെയിന്‍ സ്റ്റേഷനിലാണ് ജൂണ്ടലപ്പ് എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റി സോക്കര്‍ ക്ലബ് താരമായ ഡാനി ആക്രമിക്കപ്പെട്ടത്. സീസണ്‍ അവസാനിച്ചതിനെതുടര്‍ന്ന് ഉച്ചയ്ക്കുശേഷം ഫുട്‌ബോള്‍ ടീമിനൊപ്പം വീട്ടിലേക്ക് ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരാള്‍ തലയ്ക്ക് പിന്നില്‍ ശക്തമായി പ്രഹരിക്കുകയായിരുന്നു.

ആക്രമണത്തെതുടര്‍ന്ന് നിലത്തുവീണ ഡാനിയെ ഉടന്‍ റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു. തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവില്‍ താരം പൂര്‍ണമായും അബോധാവസ്ഥയിലാണ്. ഇത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് മൂലം രാജ്യാന്തര യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോഡ്സണിന്റെ യുകെയിലുള്ള മാതാപിതാക്കളായ പീറ്റര്‍ ഹോഡ്സണും നിക്കോളയ്ക്കും മകന് അരികില്‍ എത്താന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്തേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം പരിമിതമായതിനാല്‍ സീറ്റ്് ലഭിക്കാത്തതാണ് അനിശ്ചിതാവസ്ഥയ്ക്ക് കാരണം.

'എല്ലാം എയര്‍ലൈനുകളുമായും ഞങ്ങള്‍ ബന്ധപ്പെടുകയും അപേക്ഷിക്കുകയും ചെയ്തു. എന്നിട്ടും പ്രയോജനമുണ്ടായില്ല. ഡാനിയുടെ കിടക്കയ്ക്കരികില്‍ വളരെ പെട്ടെന്ന് എത്താനും അവനു വേണ്ട പരിചരണം നല്‍കാനും ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു-പീറ്റര്‍ ഹോഡ്സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജീവിതത്തില്‍ ദയയും സൗമ്യതയും പോസിറ്റീവ് എനര്‍ജിയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഡാനി. വളര്‍ന്നു വരുന്ന പ്രതിഭാശാലിയായ ഫുട്‌ബോള്‍ താരമാണ്.


ഡാനി ഹോഡ്സണ്‍ സുഹൃത്തിനൊപ്പം

ഡാനിയുടെ മാതാപിതാക്കളെ എത്രയുംവേഗം ഓസ്‌ട്രേലിയയില്‍ എത്തിക്കാന്‍ സഹായിക്കാന്‍ എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റി സോക്കര്‍ ക്ലബ് പരിശീലകന്‍ കെന്നി ലോയും വിമാനക്കമ്പനികളുമായി ബന്ധപ്പെടുന്നുണ്ട്. ഇതിനായി രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ തേടി.

ഡാനി മികച്ച കളിക്കാരനാണ്. എന്നാല്‍ അതിലുപരി അദ്ദേഹം സഹതാരങ്ങള്‍ക്കിടയില്‍ പ്രിയങ്കനായ ഒരു വ്യക്തിയാണ്-അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2014-ലാണ് ഡാനി ഹോഡ്‌സണ്‍ പെര്‍ത്തില്‍ എത്തിയത്. 2020-ല്‍ സര്‍വകലാശാല സോക്കര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടു. ക്ലബ്ബിന്റെ ആദ്യ സീസണ്‍ മത്സരമായ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ നാഷണല്‍ പ്രീമിയര്‍ ലീഗില്‍ മുന്‍നിര സ്‌കോറര്‍ ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.