ദയാവധം നടപ്പാക്കരുത്: പ്രീമിയര്‍ക്ക് നിവേദനവുമായി വിയറ്റ്‌നാമീസ് ക്രൈസ്തവ സമൂഹം

ദയാവധം നടപ്പാക്കരുത്: പ്രീമിയര്‍ക്ക് നിവേദനവുമായി വിയറ്റ്‌നാമീസ് ക്രൈസ്തവ സമൂഹം

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ദയാവധ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബ്രിസ്ബനിലെ വിയറ്റ്‌നാമീസ് വംശജരായ കത്തോലിക്കാ സമൂഹം പ്രീമിയര്‍ക്ക് നിവേദനം നല്‍കുന്നു. ഇംഗ്ലീഷിലും വിയറ്റ്‌നാമീസ് ഭാഷയിലുമാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കുന്നത്.

രാഷ്ട്രീയമായി പ്രീമിയറിനെ പിന്തുണയ്ക്കുന്ന പ്രബല വിഭാഗമാണ് 3000 അംഗങ്ങളുള്ള വിയറ്റ്‌നാമീസ് സമൂഹം. അംഗസംഖ്യ വര്‍ധിക്കുന്നതിനാല്‍ ആരാധനയ്ക്കായി പുതിയ പള്ളി നിര്‍മിക്കാനൊരുങ്ങുകയാണ് ഇവര്‍.

അടുത്ത ചൊവ്വാഴ്ചയാണ് ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ ദയാവധം സംബന്ധിച്ച ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

'പാര്‍ലമെന്റ് ദയാവധം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ കോവിഡ് മഹാമാരിയില്‍ ചേര്‍ത്തു പിടിച്ച ദുര്‍ബലരുടെ ജീവനുകളെടുക്കാന്‍ അനുവദിക്കുന്നതാണ് ബില്ലിലെ ശിപാര്‍ശകളെന്ന് നിവേദനത്തില്‍ പറയുന്നു. ഇതിനകം നൂറുകണക്കിനു പേരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

പ്രീമിയറെ അഭിസംബോധന ചെയ്ത് കത്തില്‍ ഇങ്ങനെ പറയുന്നു-'ദുര്‍ബലരെ സംരക്ഷിക്കുന്നതിനും ഓരോ മനുഷ്യജീവനും വിലയുണ്ടെന്നും സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥാനത്താണ് താങ്കള്‍ ഇരിക്കുന്നത്. ദയവായി നിങ്ങളുടെ സ്ഥാനം സമൂഹ നന്മയ്ക്കായി ഉപയോഗിക്കുക. ദയാവധത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഞങ്ങള്‍ വിയറ്റ്‌നാമീസ് സമൂഹം അഭ്യര്‍ഥിക്കുന്നു.'

ദയാവധ ബില്ലിനെ ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ പരസ്യമായി പിന്തുണച്ച സാഹചര്യത്തിലാണ് വിയറ്റ്‌നാമീസ് വംശജര്‍ നിവേദനവുമായി രംഗത്തിറങ്ങിയത്.

ക്വീന്‍സ് ലാന്‍ഡിലെ മുപ്പത് മെഡിക്കല്‍ വിദഗ്ധര്‍ ദയാവധത്തെ എതിര്‍ത്ത്് എം.പിമാര്‍ക്ക് കത്തെഴുതിയിരുന്നു. ദയാവധം അധാര്‍മികമാണെന്നും കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് പാലിയേറ്റീവ് പരിചരണം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ മരിക്കാന്‍ അനുവദിക്കുന്ന ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ക്രൈസ്തവ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആശുപത്രികള്‍ എന്നിവരില്‍നിന്നുള്ള എതിര്‍പ്പുകള്‍ ശക്തമാകുമ്പോള്‍ പ്രീമിയര്‍ക്ക് സമ്മര്‍ദം ഏറുകയാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും കത്തോലിക്ക സഭയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലും ദയാവധം നടത്താന്‍ നിര്‍ബന്ധിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക സംസ്ഥാനം ക്വീന്‍സ് ലാന്‍ഡ് ആയിരിക്കുമെന്ന് ഇവര്‍ ആരോപിക്കുന്നു.

എതിര്‍പ്പ് ശക്തമായതോടെ നിയമനിര്‍മ്മാണത്തിന്റെ അവസാന ദിവസങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പ്രീമിയര്‍ക്ക് തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.