9/11 ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ പുതിയ അഫ്ഗാന്‍ മന്തിസഭയെ പ്രതിഷ്ഠിക്കാന്‍ നീക്കവുമായി താലിബാന്‍

9/11 ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ പുതിയ അഫ്ഗാന്‍ മന്തിസഭയെ പ്രതിഷ്ഠിക്കാന്‍ നീക്കവുമായി താലിബാന്‍

കാബൂള്‍:ലോകത്തെ അടിമുടി ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിലൂടെ ബിന്‍ ലാദന്‍ സംഘം വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്റെ 20 - ാം വാര്‍ഷിക ദിനമായ നാളെ അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ താലിബാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ആഗോള ഭീകരപ്പട്ടികയിലെ അംഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള മന്ത്രിസഭയെ ഒരുക്കുന്നതിലുള്ള ആശങ്ക അമേരിക്ക പങ്കുവയ്ക്കുന്നതിനിടെയാണ് ചരിത്രത്തിലെ കറുത്ത അദ്ധ്യായത്തില്‍ പുതിയ തലക്കെട്ടുറപ്പിക്കാനുള്ള താലിബാന്റെ പുതിയ തന്ത്രം അരങ്ങേറുന്നത്.

'യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് താലിബാനെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. യുഎസ്എയെ ലജ്ജിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇത് ഒരു വലിയ ദിവസമാണ്.നിര്‍ദ്ദിഷ്ട അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അവരുടെ ഭീകര പട്ടികയില്‍ ഉള്ളതില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു '-ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഉപരോധ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള ഭീകരരില്‍ ഒരാളായ സിറാജുദ്ദീന്‍ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു താലിബാന്‍.മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍, മന്ത്രിസഭയിലെ പല അംഗങ്ങളും യുഎന്‍ ഉപരോധ പട്ടികയിലുള്ളവരാണ്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതില്‍ രാജ്യങ്ങള്‍ ഇപ്പോഴും അസ്വസ്ഥരാണെങ്കിലും, സര്‍ക്കാര്‍ രൂപീകരണ ചടങ്ങിനായി റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാകിസ്ഥാന്‍ എന്നിവരെ താലിബാന്‍ ക്ഷണിച്ചിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ഭീകര സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ തന്നെ, ചൈന താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.അഫ്ഗാനിസ്ഥാന് 31 ദശലക്ഷം ഡോളറിന്റെ ധാന്യങ്ങളും വാക്‌സിനുകളും നല്‍കാന്‍ താല്‍ക്കാലിക താലിബാന്‍ സര്‍ക്കാരിന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അംഗീകാരം നല്‍കിയതും തന്ത്രപരമായ നടപടിയായി.

ജലാലുദ്ദീന്‍ ഹഖാനി ഉള്‍പ്പെടെ അഫ്ഗാന്‍ ഗവണ്‍മെന്റിലെ ഹഖാനി നെറ്റ്വര്‍ക്ക് അംഗങ്ങളുടെ സാന്നിധ്യം താലിബാന്‍ അതിന്റെ പഴയ ഭീകര സ്വഭാവം കളയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കുമെന്ന നിരീക്ഷണമാണ് പൊതുവേയുള്ളത്.അതേസമയം, താലിബാനുമായി ലോകം ചര്‍ച്ച ചെയ്യണമെന്നും ദശലക്ഷക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കണമെന്നും താലിബാന്‍ സര്‍ക്കാരിന് സാധ്യമായ അംഗീകാരം നല്‍കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ, ഇന്ത്യ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.