വിയന്ന: ഒരു വര്‍ഷം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകന്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു. ഓസ്ട്രിയന്‍ സംസ്ഥാനമായ ടൈറോളിലാണ് ഈ അസാധാരണ സംഭവം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ മരണമടഞ്ഞ 89 വയസുള്ള സ്ത്രീയുടെ മൃതദേഹമാണ് ഒരു വര്‍ഷത്തോളം 'മമ്മി' രൂപത്തില്‍ വീടിന്റെ ബേസ്‌മെന്റില്‍ സൂക്ഷിച്ചത്. അമ്മയോടൊപ്പമാണ് മകന്‍ താമസിച്ചിരുന്നത്. 66 വയസുള്ള മകനെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം സ്വാഭാവികമാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ദുര്‍ഗന്ധം വരാതിരിക്കാന്‍ ഐസ് പാക്കുകള്‍ ഉപയോഗിച്ചും ശരീര സ്രവങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ബാന്‍ഡേജുകള്‍ കൊണ്ടു വരിഞ്ഞുകെട്ടിയുമാണ് മൃതദേഹം ഒരു വര്‍ഷത്തോളം സൂക്ഷിച്ചത്. നിയമവിരുദ്ധമായി ഏകദേശം 50,000 പൗണ്ട് ഈ കാലയളവില്‍ ഇയാള്‍ക്ക് പെന്‍ഷന്‍ തപാലില്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
വയോധികയെ കാണണമെന്ന മേഖലയില്‍ പുതുതായി ജോലിക്കെത്തിയ പോസ്റ്റ് മാന്റെ ആവശ്യം മകന്‍ നിരസിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. അമ്മയെ കാണണമെന്ന് പെന്‍ഷന്‍ കൊണ്ടുവന്ന പോസ്റ്റ് മാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് ഭയപ്പെടുത്ത കാഴ്ച്ച കണ്ടത്.
ചവറുകള്‍ കൊണ്ടാണ് വയോധികയുടെ മൃതദേഹം മൂടിയിരുന്നത്. മൃതദേഹം ഒരു മമ്മിയാക്കി സൂക്ഷിക്കുന്നതില്‍ അയാള്‍ വിജയിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതിക്ക് മറ്റ് വരുമാനമൊന്നുമില്ലായിരുന്നു. അമ്മയുടെ മരണവിവരം പുറത്തറിഞ്ഞാല്‍ പെന്‍ഷന്‍ നിര്‍ത്തലാകുമെന്നും ശവസംസ്‌കാരച്ചെലവ് വഹിക്കാനോ വീട്ടുചെലവുകള്‍ താങ്ങാനോ തനിക്കു കഴിയില്ലെന്നുമുള്ള ഭയം മൂലമാണ് ഇങ്ങനെയൊരു ഭയപ്പെടുത്തുന്ന രീതി അവലംബിച്ചതെന്നു പോലീസ് ഉദ്യോഗസ്ഥനായ ഗുഫ്‌ലര്‍ പറഞ്ഞു.
സഹോദരന്‍ അന്വേഷിച്ചപ്പോള്‍ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും കാണാന്‍ സാധിക്കില്ലെന്നും തന്ത്രപരമായി പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. അതിനാല്‍ സഹോദരനും കൂടുതല്‍ അന്വേഷിക്കാന്‍ പോയില്ല.
ആനുകൂല്യ തട്ടിപ്പ് നടത്തിയതിനും മൃതദേഹം മറച്ചുവെച്ചതിനും പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷത്തോളം അമ്മയുടെ മൃതദേഹം സൂക്ഷിച്ച് സാധാരണ പോലെ ജീവിച്ച മകന്റെ പ്രവര്‍ത്തിയില്‍ പ്രദേശവാസികളും ഞെട്ടിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.