ന്യൂയോര്‍ക്ക്: 'ഞാന്‍ 9/11 ന്റെ ഭാഗമാണ്; എന്റെ ജീവിതം ഐതിഹാസികമായി മാറി '- 20 വര്‍ഷം മുമ്പത്തെ സെപ്റ്റംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ന്നപ്പോള്‍ 47 -ാം നിലയിലായിരുന്ന ടോം കാനവന്‍, മരിക്കാതെ അടക്കപ്പെട്ട് മിനിറ്റുകള്‍ക്കു ശേഷം പാതി ജീവനുമായി ഉയിര്‍ത്തെഴുന്നേറ്റ തന്റെ കഥ വിവരിച്ച ശേഷം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞതിങ്ങനെ.
ബിന്‍ ലാദന്റെ ആകാശ ഭീകരര്‍ ദുരന്തം വിതയ്ക്കുമ്പോള്‍ തന്റെ ബോസിന്റെ ഓഫീസില്‍ പതിവ് കോണ്‍ഫറന്‍സ് കോള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു താനെന്ന് കാനവന്‍ ഓര്‍മ്മിക്കുന്നു; നോര്‍ത്ത് ടവറിന്റെ 47 -ാം നിലയില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് നമ്പര്‍ 11 വിമാനം രാവിലെ 8:46 ന് ആ കെട്ടിടത്തില്‍ വന്നിടിച്ചു.പക്ഷേ, കെട്ടിടം ഉടനെ നിലംപതിച്ചില്ല.
ബ്രോക്കറേജ് സ്ഥാപനമായ ഫസ്റ്റ് യൂണിയനില്‍ ജോലി ചെയ്തിരുന്ന കാനവനും സഹപ്രവര്‍ത്തകരും പരിഭ്രാന്തരായി പടികളിലൂടെ ഇറങ്ങാന്‍ തുടങ്ങി; പരിക്കറ്റേവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മൃതദേഹങ്ങള്‍ക്കും ഇയിലൂടെ തപ്പിത്തടഞ്ഞ്. ഇതിനിടെയാണ് രണ്ടാമത്തെ വിമാനം സൗത്ത് ടവറില്‍ ഇടിച്ചത്.
കടകള്‍ നിറഞ്ഞ വേള്‍ഡ് ട്രേഡ് സെന്ററിലെ ഭൂഗര്‍ഭ പ്രദേശത്ത് താനും തന്റെ നാല് സഹപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത് കാനവന്‍ തിരിച്ചറിഞ്ഞു.അപ്പോഴാണ് സൗത്ത് ടവര്‍ തകര്‍ന്നത്. 30 മിനിറ്റിനുള്ളില്‍, നോര്‍ത്ത് ടവറും വീണു.
'എന്റെ മുന്നിലെ ആളുകളുടെ നിലവിളി ഇപ്പോഴുമുണ്ട് കാതുകളില്‍' കാനവന്‍ പറഞ്ഞു.' വായില്‍ നിറഞ്ഞ കല്‍പ്പൊടിയും രക്തവും തുപ്പിക്കളയാന്‍ കഴിഞ്ഞോ എന്ന് എനിക്കറിയില്ല.പിന്നീട് നിലത്തു വീണു. എല്ലാം ഇരുട്ടായി.' തന്റെ അവസാന ചിന്തകള്‍ മകന്റെ വരാനിരിക്കുന്ന മൂന്നാം ജന്മദിന പാര്‍ട്ടിയെക്കുറിച്ചായിരുന്നു. കൂടാതെ ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലുള്ള കൊച്ചു മകളെ കാണാനാവില്ലല്ലോ എന്നും ചിന്തിച്ചു. താമസിയാതെ, പല്ല് കരിഞ്ഞതുപോലുള്ള രുചി വന്നു തുടങ്ങി, പുകയുടെ ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങി. 'ശരി, ഞാന്‍ ജീവിച്ചിരിപ്പുണ്ട്' എന്ന് സ്വയം പറഞ്ഞു.
ചരിഞ്ഞുവീണ ഒരു വലിയ സിമന്റ് മതിലിനു കീഴെയുള്ള ശൂന്യ സ്ഥലത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് കാനവന്‍ പറഞ്ഞു. ഇപ്പോഴും അജ്ഞാതനായ ഒരു മനുഷ്യനും അതു പോലെ തന്നോടൊപ്പം ജീവന്‍ തിരിച്ചു പിടിച്ചു. കഷ്ടപ്പെട്ട് അവശിഷ്ടങ്ങള്‍ നീക്കി ഇരുവരും മുകളിലേക്ക് ഇഴഞ്ഞു. 20 മിനിറ്റിന് ശേഷം, അവര്‍ ഒരു ചെറിയ വെളിച്ചം കണ്ടു; ശുദ്ധവായു ശ്വസിച്ചു
'ഞാന്‍ ഒരു ദ്വാരത്തിലൂടെ ഞെങ്ങി ഞെരുങ്ങി പുറത്തുവന്നു. തല മുതല്‍ കാല്‍ വരെ ആകെ ഉരഞ്ഞിരുന്നു. ദേഹമാസകലം മുറിവുകളേറ്റിട്ടും വേദന തോന്നിയില്ല.' നോര്‍ത്ത് ടവര്‍ അതിനു ശേഷമാണു വീണത്, 10:28 ന്. മതിലിന്റെ ഭാഗത്തിനടിയില്‍ ഏതാനും മിനിറ്റ് കൂടി കിടന്നിരുന്നെങ്കില്‍ മരണം തീര്‍ച്ചയായിരുന്നു. എന്തായാലും ടോം കാനവന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും രക്ഷപ്പെട്ടു.നാല് പേര്‍ മരിച്ചു.
ഇരുപതാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നു കാനവന്‍. 'ആ ദിവസത്തെപ്പറ്റി ചിന്തിക്കാത്ത സമയം കുറവാണെനിക്ക്.അന്നത്തെ വ്യക്തികള്‍, ശബ്ദങ്ങള്‍, താഴ്ന്നു പറക്കുന്ന വിമാനം ഒക്കെ സദാ മനസില്‍ നിറയുന്നു.എന്തായാലും ഞാന്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.അത് മറന്നേക്കുക എന്ന് ആളുകള്‍ എപ്പോഴും പറയും. പറയുക എളുപ്പം. പക്ഷേ, മറികടക്കാവുന്നതല്ല ആ ഓര്‍മ്മകള്‍.'
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ നഗരങ്ങളില്‍ അല്‍ ഖായിദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 2977 പേരാണ് കൊല്ലപ്പെട്ടത്. മാന്‍ഹട്ടനിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലിചെയ്തിരുന്നവരാണ് 2,753 പേര്‍. നിരവധി ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലം ഇന്ന് ഗ്രൗണ്ട് സീറോയെന്ന് അറിയപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇരുപത് വര്‍ഷമായി ഇവിടെ പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു.
അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകങ്ങളായിരുന്നു മാന്‍ഹട്ടനില്‍ തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ അഥവാ ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകള്‍. 1966ല്‍ നിര്‍മ്മാണമാരംഭിച്ച് ഒന്നാമത്തെ ടവര്‍ 1972 ലും രണ്ടാമത്തേത് 1973 ലുമാണ് പൂര്‍ത്തിയായത്. ഉയരം യഥാക്രമം 417 മീറ്റര്‍, 415 മീറ്റര്‍.20 വര്‍ഷങ്ങള്‍ക്കുമുമ്പൊരു പകല്‍ നിമിഷനേരം കൊണ്ട് ലോകത്തിന് മുന്നില്‍ കത്തിയമര്‍ന്നു ആ ഇരട്ട ടവറുകള്‍.
അതുവരെയും ന്യൂയോര്‍ക്ക് നഗരത്തിന്റെ ആകാശം അടക്കി വാണ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഇരട്ട ഗോപുരങ്ങള്‍ക്കു മുന്നില്‍ തലതാഴ്ത്തി നിന്നു. അമേരിക്കയുടെ അഭിമാനത്തിനു മേല്‍ അടിയേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്‍ലാദനും കൂട്ടരും വേള്‍ഡ് ട്രേഡ് സെന്ററിനെ ലക്ഷ്യമിട്ടത്. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍ജനിച്ചു, 104 നിലകളില്‍. ഫ്രീഡം ടവര്‍ എന്ന് പേരിട്ട മനോഹര സൗധത്തിന്റെ രൂപത്തില്‍ അമേരിക്കന്‍ ജനാധിപത്യം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന് അതിനുള്ളില്‍ കൊല്ലപ്പെട്ടവരുടേതായി രേഖപ്പെടുത്തപ്പെട്ട ആയിരക്കണക്കിനു പേരുകളില്‍ രണ്ട് പത്തനംതിട്ട ജില്ലക്കാരുേടതുമുണ്ട്. തിരുവല്ല കൊച്ചിയില്‍ ഡോ. ഫിലിപ്പിന്റെ മകള്‍ സ്‌നേഹ ആന്‍ ഫിലിപ് (31), റാന്നി മന്ദമരുതി പുളിയിലേത്ത് പരേതനായ ജോര്‍ജിന്റെ മകളും ചുനക്കര കോട്ടക്കുഴിയില്‍ രാജുവിന്റെ ഭാര്യയുമായ വത്സ രാജു (30) എന്നിവരാണ് ബിന്‍ലാദന്‍ സംഘത്തിന്റെ കൊടും ക്രൂരതയ്ക്കിരയാത്.
ഫിലിപ്പും കുടുംബവും വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ റസിഡന്‍സി ചെയ്തുവരികയായിരുന്നു ഡോ.സ്‌നേഹ. സ്‌നേഹയെ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രേഡ് സെന്ററിന് മുന്നിലെ സെഞ്ച്വറി 21 ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്ന് ഷൂസും വസ്ത്രങ്ങളും വാങ്ങിയിരുന്നതായി തെളിവ് ലഭിച്ചത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്‌നേഹ ആന്‍ ഫിലിപ്പും മരിച്ചിട്ടുണ്ടാകാം എന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീഴുമ്പോള്‍ 93 ാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ ഫ്യൂച്ചേഴ്‌സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു വത്സ. ഇവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ബന്ധുക്കള്‍ക്കു ലഭിച്ചത് ശരീരം എരിഞ്ഞടങ്ങിയ മണ്ണും ചാരവും മാത്രം. അത് ന്യൂജഴ്‌സിയിലെ സെമിത്തേരിയില്‍ അടക്കി.സംഭവത്തിനു ശേഷം ന്യൂയോര്‍ക്കിലുള്ള ഒട്ടേറെ മലയാളികളെപ്പറ്റി ആദ്യം വിവരം ലഭിക്കാതെ പരിഭ്രാന്തി പരന്നിരുന്നു.തിരുവനന്തപുരം സ്വദേശി ജോസഫ് മത്തായി ദുരന്തത്തില്‍ മരിച്ചതായി പിന്നീട് വ്യക്തമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.