ഓസ്‌ട്രേലിയയില്‍ സമാന്തര പോലീസ് സേന രൂപീകരിക്കാന്‍ ഗൂഡാലോചന; രാഷ്ട്രീയ പ്രവര്‍ത്തക അറസ്റ്റില്‍

ഓസ്‌ട്രേലിയയില്‍ സമാന്തര പോലീസ് സേന രൂപീകരിക്കാന്‍ ഗൂഡാലോചന; രാഷ്ട്രീയ പ്രവര്‍ത്തക അറസ്റ്റില്‍

ബ്രിസ്ബന്‍: സൗത്ത് ഓസ്‌ട്രേലിയയില്‍ സമാന്തര പോലീസ് സേന രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പോലീസ് ബാഡ്ജുകള്‍ ഓര്‍ഡര്‍ ചെയ്യുകയും സ്വയം ഗവര്‍ണര്‍ ജനറലായി ചമയുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. തെരേസ വാന്‍ ലൈഷൗട്ട് (49) എന്ന സ്ത്രീയെയാണ് പീറ്റര്‍ബറോയിലെ വീട്ടില്‍നിന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എ.എഫ്.പി) അറസ്റ്റ്് ചെയ്തത്.

കെയ്ന്‍സിലെ വിലാസത്തിലേക്ക് അയച്ച 470 വ്യാജ ബാഡ്ജുകള്‍ ഒരു തോട്ടിലേക്കു തള്ളിയ നിലയിലും പോലീസ് കണ്ടെടുത്തു.

രാഷ്ട്രീയക്കാരെയും പൊതുപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ ഒരു ബദല്‍ ഫെഡറല്‍ പോലീസ് സേന രൂപീകരിക്കുന്നതിനെക്കുറിച്ച് ഗൂഡാലോചന നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു തെരേസ ലൈഷൗട്ട് എന്നാണ് പോലീസിന്റെ നിഗമനം. എങ്കിലും സംഘത്തിന് ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള ശേഷി കൈവരിച്ചതായി പോലീസ് വിശ്വസിക്കുന്നില്ല.

മുന്‍പ് അധ്യാപിയായിരുന്ന തെരേസ സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. വലതുപക്ഷ രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയായിരുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ഭീഷണിയാവുന്ന വിധം വളര്‍ന്നിരുന്നില്ലെന്ന് ക്വീന്‍സ് ലാന്‍ഡ് ജോയിന്റ് ടെററിസം ടീം ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ (ജെ.സി.ടി.ടി) വിലയിരുത്തി. ഗൂഡാലോചന നടത്തിയ കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശേഷി സംഘം കൈവരിച്ചിരുന്നില്ലെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആള്‍മാറാട്ടം നടത്തിയതിനും വ്യാജ പോലീസ് ബാഡ്ജുകള്‍ സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരേ കുറ്റം ചുമത്തി.

ബദല്‍ പോലീസ് സേനയ്ക്കായി അഭിമുഖം നടത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മിഷണറായി ചമഞ്ഞ് റീസ് കെര്‍ഷോ എന്നയാളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എം.പിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ അറസ്റ്റ് ചെയ്യാനുള്ള പരിശീലനം വ്യാജ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള പദ്ധതികള്‍ ഇയാള്‍ ആസൂത്രണം ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

ഇയാള്‍ തെരേസ ലൈഷൗട്ടിനെ 'ഓസ്ട്രേലിയയുടെ യഥാര്‍ത്ഥ ഗവര്‍ണര്‍ ജനറല്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതായി തെരേസ ലൈഷൗട്ട് അവകാശപ്പെടുന്നു. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള അറസ്റ്റ് വാറണ്ടും ഇവര്‍ പുറപ്പെടുവിക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ബിക്കിനിയില്‍ പോസ് ചെയ്തത് ഉള്‍പ്പെടെ അസാധാരണമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തിയ ചരിത്രമാണ് തെരേസയ്ക്കുള്ളത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സംഘത്തിന് ശേഷിയുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും രാജ്യത്തുടനീളമുള്ള മറ്റ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും കൂടുതല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സംഘം ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് എ.എഫ്.പിയുടെ ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ സ്‌കോട്ട് ലീ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയും പോലീസ് ബാഡ്ജുകള്‍ ദുരുപയോഗം ചെയ്യാനുമുള്ള സംഘത്തിന്റെ പ്രവര്‍ത്തനത്തെ ഓസ്‌ട്രേലിയന്‍ പോലീസ് ഗൗരവമായാണ് കാണുന്നത്.

തെരേസയെ അഡ്ലെയ്ഡ് കോടതിയില്‍ ഹാജരാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.