വീടെല്ലാം വൃത്തികേടാക്കും, നിരന്തരം ഭക്ഷണവും; ഭര്‍ത്താവിന്റെ വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കണമെന്ന് ഭാര്യയുടെ അഭ്യര്‍ഥന

വീടെല്ലാം വൃത്തികേടാക്കും, നിരന്തരം ഭക്ഷണവും; ഭര്‍ത്താവിന്റെ വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കണമെന്ന് ഭാര്യയുടെ അഭ്യര്‍ഥന

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായപ്പോഴാണ് ലോകമെങ്ങും വീട്ടിലിരുന്നുള്ള ജോലിക്ക് പ്രധാന്യമേറിയത്. വീട്ടിലിരുന്നുള്ള തുടര്‍ച്ചയായ ജോലി പലര്‍ക്കും പല അനുഭവങ്ങളാണു നല്‍കിയത്. ഭര്‍ത്താവിന്റെ വര്‍ക്ക് ഫ്രം ഹോം മൂലം പൊറുതിമുട്ടിയ ഭാര്യയുടെ രസകരമായൊരു കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വര്‍ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് കമ്പനി ഉടമയോട് അഭ്യര്‍ഥിക്കുന്ന ഭാര്യയുടെ കത്താണ് ഒരേ സമയം ചിരിയും ചിന്തയും പകരുന്നത്. ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരനും ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

'എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല' എന്ന ക്യാപ്ഷനോടെയാണ് ഹര്‍ഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ഇനി മുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും ഭര്‍ത്താവ് പാലിക്കുമെന്നും കത്തില്‍ പറയുന്നു.

വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ വീട്ടിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഭാര്യ പങ്കുവെക്കുന്നുണ്ട്. ഇനിയും ഇതു തുടര്‍ന്നാല്‍ തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്‍ക്കില്ല. അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. ദിവസം പത്തു തവണ ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. മാത്രവുമല്ല ജോലിക്കിടെ ഉറങ്ങുന്നതുപോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തില്‍ പറയുന്നു. രണ്ടു കുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന്‍ താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. സ്ത്രീകളില്‍ പലരും തങ്ങള്‍ക്ക് ഈ അവസ്ഥ മനസിലാകുമെന്ന് കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി മിക്ക വീടുകളിലേയും അവസ്ഥ ഇതാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.