ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസില്‍ പുതു ചരിത്രമെഴുതി ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീട നേട്ടം. 44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ബ്രിട്ടീഷുകാരി യു. എസ് കിരീടം നേടുന്നത്. ഫൈനലില്‍ ഒരൊറ്റ സെറ്റു പോലും കൈവിടാതെ 18 കാരിയായ എമ്മ ടെന്നിസിന്റെ ഹൃദയഭൂമിക കീഴടക്കി രാജകുമാരിപ്പട്ടമണിഞ്ഞു.
ഫൈനലില്‍ കനഡയുടെ ലൈല ഫെര്‍ണാണ്ടസിനെയാണ് എമ്മ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4,6-3. ആഗോള റാങ്കിങ്ങില്‍ 150-ാം സ്ഥാനത്താണ് എമ്മ. 1968ല്‍ വിര്‍ജിനിയ വെയ്ഡ് ആണ് ഇതിനു മുമ്പ് ഫ്ളഷിങ് മെഡോസില്‍ കിരീടം നേടിയ ബ്രിട്ടീഷ് താരം. 2004ല്‍ മരിയ ഷറപ്പോവ വിംബിള്‍ഡണ്‍ കിരീടം നേടിയ ശേഷം ഗ്രാന്‍ഡ് സ്ലാം ടൈറ്റില്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ് എമ്മ. ഇതിഹാസ താരം സെറീന വില്യംസ് മാത്രമാണ് യുഎസ് ഓപ്പണില്‍ ഒരു സെറ്റും കൈവിടാതെ കിരീടം നേടിയിട്ടുള്ളത്, 2014ല്‍. വിജയത്തോടെ എമ്മ ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തേക്ക് കയറും.
2002 നവംബര്‍ 13 ന് കനഡയിലെ ഒന്റാറിയോയിലാണ് എമ്മയുടെ ജനനം. രണ്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ യുകെയിലേക്ക് കുടിയേറി. അഞ്ചാം വയസ്സില്‍ ടെന്നിസ് കളിക്കാന്‍ ആരംഭിച്ചു. ഫോര്‍മുല വണ്ണിന്റെ കടുത്ത ആരാധികയാണ് എമ്മ. 'ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത് എല്ലായ്പ്പോഴും ഞാന്‍ സ്വപ്നം കാണുമായിരുന്നു. ഞാന്‍ ജയിച്ചെന്ന യാഥാര്‍ത്ഥ്യം എനിക്കുള്‍ക്കൊള്ളാനാകുന്നില്ല. ഫൈനലില്‍ ഒന്നാം സെറ്റില്‍ നന്നായി പൊരുതി. രണ്ടാം സെറ്റിലും ആധിപത്യം നേടാനായി. പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം മികച്ച സെര്‍വുകളും പായിക്കാനായി. സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല.'- യു.എസ് ഓപ്പണ്‍ കിരീടം സ്വപ്ന നേട്ടമല്ലെന്നു തിരിച്ചറിഞ്ഞ ശേഷം എമ്മ പറഞ്ഞു.
ആദ്യ യുഎസ് ഓപ്പണ്‍ കിരീടത്തിലേക്കുള്ള വഴിയില്‍ എമ്മ നിഷ്പ്രഭമാക്കിയത് ഒളിംപിക് ചാമ്പ്യന്‍ ബെലിന്ദ ബെന്‍സിസ്, ലോക 17-ാം നമ്പറുകാരി മരിയ സക്കാരി അടക്കമുള്ളവരെ.യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചാണ് തന്റെ ആദ്യ യുഎസ് ഓപണ്‍ പ്രവേശം എമ്മ യാഥാര്‍ത്ഥ്യമാക്കിയത്. 'പെര്‍ഫക്ട് പെര്‍ഫോമന്‍സ്' താരത്തിന്റെ പ്രകടനത്തെ മുന്‍ ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ലോറ റോബ്സണ്‍ വിശേഷിപ്പിച്ചു. 'ഇത് വിശ്വസിക്കാനാവുന്നില്ല. യോഗ്യതാ മത്സരത്തിലൂടെ വന്ന ഒരാള്‍ കിരീടം നേടുന്നത് കേട്ടിട്ടില്ല. ചിന്തകള്‍ക്കുമപ്പുറത്താണ് ആ കുട്ടിയുടെ കളി'- എന്നാണ് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പാറ്റ് കാഷ് വിശേഷിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.