മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എന്‍എസ്എസ്; ബിഷപ്പ് ഹൗസിലെത്തി പിന്തുണ അറിയിച്ച് ബിജെപി നേതാക്കള്‍

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എന്‍എസ്എസ്; ബിഷപ്പ് ഹൗസിലെത്തി പിന്തുണ അറിയിച്ച് ബിജെപി നേതാക്കള്‍

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എന്‍എസ്എസ്. സ്‌നേഹവും മറ്റ് പ്രലോഭനങ്ങളും ഉപയോഗിച്ച് പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നത് ആശങ്കാ ജനകമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

രാജ്യദ്രോഹ പരമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യാനുളള കടമയും ബാധ്യതയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും എന്‍എസ്എസ് ഓര്‍മ്മിപ്പിച്ചു. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ ഒഴിവാക്കാന്‍ എന്‍എസ്എസ് ആഹ്വാനം ചെയ്തു.

അതിനിടെ നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ അനുകൂലിച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായാണ് ബിഷപ് സംസാരിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. സഹകരണത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം നാര്‍ക്കോട്ടിക് ജിഹാദിന് തെളിവുകളുണ്ടെന്നും ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലാ ബിഷപ്പ് പറഞ്ഞത് കേരളം ചര്‍ച്ച ചെയ്യണം. നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാന്‍ നോക്കിയാല്‍ സമ്മതിക്കില്ല. ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് ബിജെപി കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഇത് മനസിലായിട്ടുണ്ട്.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തില്‍ വിവേചനപരമായ നിലപാടുകളുണ്ടാകുന്നുണ്ട്. കഴിഞ്ഞ എട്ട്, ഒന്‍പത് വര്‍ഷങ്ങളായി സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുന്ന നിലയിലാണ് കേരളത്തില്‍ ഭരണ കൂടങ്ങള്‍ പ്രവര്‍ത്തിക്കുതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ഇതിനിടെ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ചു. പിതാവ് ഒരു മതത്തെ കുറ്റപ്പെടുത്തുകയല്ല ചെയ്തതെന്നും വലിയൊരു സാമൂഹ്യ വിപത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും പി.കെ കൃഷ്ണദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.