അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ വസതിയില്‍ താലിബാന്‍ റെയ്ഡ്; സ്വര്‍ണക്കട്ടികളും നോട്ടുകെട്ടുകളും

അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റിന്റെ വസതിയില്‍  താലിബാന്‍ റെയ്ഡ്; സ്വര്‍ണക്കട്ടികളും നോട്ടുകെട്ടുകളും

കാബൂള്‍: അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ വസതിയില്‍ നിന്ന് അമേരിക്കന്‍ ഡോളറുകളും സ്വര്‍ണക്കട്ടികളും കണ്ടെടുത്തെന്ന അവകാശവാദവുമായി താലിബാന്‍. താലിബാന്റെ മള്‍ട്ടിമീഡിയ ശാഖാ മേധാവി അഹ്മദുള്ള മുത്തഖി, അംറുല്ല സാലിഹിന്റെ വസതിയില്‍ നടത്തിയതെന്ന് പറയപ്പെടുന്ന റെയ്ഡിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.



താലിബാന്‍ ഭീകരര്‍ പണവും സ്വര്‍ണ്ണക്കട്ടികളും നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ക്ക് ചുറ്റും ഇരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോയില്‍ ചില ഭീകരര്‍ നോട്ടുകെട്ടുകളുടെയും സ്വര്‍ണക്കട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതും വ്യക്തമാണ്. 18 സ്വര്‍ണക്കട്ടികളും മൊത്തം ആറര ദശലക്ഷം യു.എസ് ഡോളറും സാലിഹിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്തതായി മുത്തഖി അവകാശപ്പെട്ടു.

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്ന വേളയില്‍ സാലിഹ് പഞ്ച്ഷീര്‍ താഴ്‌വരയിലേക്ക് പലായനം ചെയ്തിരുന്നു. കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (എന്‍.ആര്‍.എഫ്) അഹ്മദ് മസൂദുമായി കെെകോര്‍ക്കുകയും ചെയ്തു. എന്നാല്‍, രണ്ടാഴ്ചത്തെ കടുത്ത പോരാട്ടത്തിന് ശേഷം, സെപ്തംബര്‍ ആറിന് പഞ്ച്ഷീറിലെ ഗവര്‍ണറുടെ മന്ദിരത്തില്‍ താലിബാന്‍ തങ്ങളുടെ പതാക ഉയര്‍ത്തി. നിലവില്‍, അംറുല്ല സാലിഹും അഹ്മദ് മസൂദും ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമാണ്.

അതേസമയം ഈ മാസം ആദ്യം പഞ്ച്‌ഷീര്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനിടെ സാലിഹിന്റെ സഹോദരന്‍ രോഹുല്ല സാലിഹിനെ താലിബാന്‍ ചിത്രവധം ചെയ്യുകയും വധിക്കുകയും ചെയ്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.