ന്യൂഡൽഹി: ഇന്ധനവില കൂടിനിൽക്കുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.
എന്നാൽ കേരളം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് വാദം. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗൺസിൽ യോഗത്തിന് മുൻപ് കൂടിയാലോചന നടത്താനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
പെട്രോൾ-ഡീസൽ വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുൻപ് ചോദിച്ചിരുന്നു. പെട്രോൾ, ഡീസൽ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ല. എന്നാൽ ഉൾപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുമ്പോൾ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവർധനവ് കാരണം ടിക്കറ്റ് നിരക്ക് ഉൾപ്പടെ വർധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാൽ മേഖലയിൽ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.