അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 15
സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഒഴിവാക്കാനാവാത്തതാണ് കുരിശിലെ വേദന എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യാകുല മാതാവ്. പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും അനുസ്മരിക്കുന്ന ദിനമാണ് വ്യാകുല മാതാവിന്റെ തിരുനാള്‍.
നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോള്‍ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാല്‍ വിമോചിതനായ പിയൂസ് ഏഴാമന്‍ മാര്‍പ്പാപ്പയാണ് 1814 ല്‍ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന് പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. തിരുസങ്കടങ്ങളോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെര്‍വൈറ്റുകളും സിസ്റ്റര്‍ഷീയരുമാണ്് ഈ തിരുനാള്‍ പ്രോല്‍സാഹിപ്പിച്ചത്.
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇത് കത്തോലിക്കാ സഭയില്‍ ആകമാനമായി ആഘോഷിക്കപ്പെട്ടു. 1482 ല്‍ 'കാരുണ്യമാതാവ്' എന്ന പേരില്‍ ഈ തിരുന്നാള്‍ കുര്‍ബാന ക്രമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഓശാന ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി ബനഡിക്ട് പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ് 1727 ല്‍ ഇത് റോമന്‍ കലണ്ടറില്‍ നിജപ്പെടുത്തിയത്. 1913 ല്‍ പിയൂസ് പത്താമന്‍ പാപ്പയാണ് തിരുനാള്‍ സെപ്റ്റംബര്‍ 15 ന് നടത്താന്‍ നിശ്ചയിച്ചത്.
ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും മരണ സമയത്തും മാതാവ് അനുഭവിച്ച അതികഠിനമായ വ്യഥകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് 'വ്യാകുല മാതാവ്' എന്ന വിശേഷണ നാമം നല്‍കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ 'ഏഴ് വ്യാകുലതകള്‍' എന്ന പേരില്‍ ഈ തിരുന്നാള്‍ ആചരിക്കപ്പെട്ടു. വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണത്. അങ്ങനെയാണ് മാതാവിന്റെ ജനന ദിനമായ സെപ്റ്റംബര്‍ എട്ടിന് ശേഷമുള്ള ഏഴ് ദിവസം കഴിഞ്ഞു വരുന്ന സെപ്റ്റംബര്‍ 15 വ്യാകുല മാതാവിന്റെ തിരുനാളായി ആചരിക്കുന്നത്.
ബൈബിളില്‍ കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകള്‍:
1) ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35)
2) ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15).
3) ബാലനായ യേശുവിന്റെ മൂന്നു ദിവസത്തെ തിരോധാനം (ലൂക്ക 2:41-50).
4) കാല്‍വരിയിലേക്കുള്ള വഴിയില്‍, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31).
5) യേശുവിന്റെ ക്രൂശിതാവസ്ഥയും മരണവും (യോഹ.19:25-30).
6) യേശുവിന്റെ ശരീരം കുരിശില്‍ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37).
7) യേശുവിന്റെ മൃത സംസ്‌കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മര്‍ക്കോ 15:40-47).
മറ്റൊരമ്മയും അനുഭവിക്കാത്ത വിധത്തിലുള്ള ആകുലതകളും വേദനകളും തന്റെ ജീവിതത്തിലുണ്ടാകും എന്നറിഞ്ഞിട്ടും പരിശുദ്ധ അമ്മ, ദൈവം തന്നെ ഏല്‍പ്പിച്ച ദൗത്യത്തില്‍ നിന്നും പിന്മാറിയില്ല. ഒരു കന്യകയെന്ന നിലയില്‍ രക്ഷനായ ദൈവത്തിന്റെ വാസ സ്ഥലമാകാന്‍ സമ്മതിച്ചതുപോലെ തന്നെ, ഒരമ്മയെന്ന നിലയില്‍ തന്റെ ഏകജാതനെ ബലിയായി നല്‍കുന്നതിനും സമ്മതം നല്‍കി.
ആകുലതകളാല്‍ നീറുമ്പോഴും തന്റെ വേദനകളുടെ രക്ഷാകര പ്രാധാന്യം മനസിലാക്കി ആ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ഹാന്‍ ഈശോയുടെ അമ്മയ്ക്കായി. അതുവഴി മനുഷ്യരാശിയോടുള്ള അതിരറ്റ സ്നേഹത്തോടെ തന്റെ പുത്രന്റെ ബലിയില്‍ പങ്കെടുക്കാനും ആ അമ്മ നിലകൊണ്ടു. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിലെ വേദനകളുടെയും കഷ്ടതകളുടെയും അര്‍ത്ഥം എന്തെന്നു ഗ്രഹിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവയെ പരിശുദ്ധ അമ്മയുടെ സഹനങ്ങളുമായി ചേര്‍ത്തുവച്ച് ധ്യാനിക്കുക എന്നതാണ്.
അമ്മയോട് നമ്മുടെ വേദനകള്‍ പങ്കുവയ്ക്കുമ്പോള്‍ തന്റെ പുത്രനായ യേശു ക്രിസ്തുവിനോടു ചേര്‍ന്നു നിന്ന് അവയെ എല്ലാം വിശുദ്ധീകരിച്ച് പിതാവായ ദൈവത്തിനു എങ്ങനെ സമര്‍പ്പിക്കണം എന്ന് വ്യാകുല മാതാവ് നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും നിസാരമായ നമ്മുടെ പ്രവര്‍ത്തികള്‍ പോലും ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി ചെയ്യുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാകുന്നു.
അതുപോലെ തന്നെ പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ വേദനകളെയും രോഗങ്ങളെയും തകര്‍ച്ചകളെയും തിരിച്ചടികളെയും ക്ഷമയോടും സന്തോഷത്തോടും കൂടി സ്വീകരിച്ച് ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ചുറ്റുമുള്ളവര്‍ക്ക് മാതൃകയാകാന്‍ നമ്മള്‍ പരിശ്രമിക്കണം. അപ്പോള്‍ പരിശുദ്ധ അമ്മയെപ്പോലെ സ്വര്‍ഗ കിരീടം ചൂടാന്‍ ദൈവം നമ്മെയും ക്ഷണിക്കും.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ജര്‍മ്മനിയിലെ ബിഷപ്പായിരുന്ന അല്‍ബീനൂസ്
2. ഫ്രാന്‍സിലെ അപ്രൂസ്
3. ബുര്‍ഗേരിയായിലെ അസ്‌കളെപിയോഡോത്തൂസ്, മാക്‌സിമൂസ്, തെയോഡോര്‍
4. ജനോവയിലെ കാഥറൈന്‍
5. ക്ലെയര്‍വോനോവീസ് ഗുരുവായിരുന്ന അക്കാര്‍ഡ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.