ഏഴ് കിലോമീറ്റര്‍ നീളം, 80 മുറികള്‍; ഭീകരരുടെ ആയുധപ്പുര: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം

ഏഴ് കിലോമീറ്റര്‍ നീളം, 80 മുറികള്‍; ഭീകരരുടെ ആയുധപ്പുര: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഹമാസ് നിര്‍മിച്ച ഏറ്റവും വലിയ തുരങ്കം ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) കണ്ടെത്തി. ഏഴ് കിലോ മീറ്ററോളം നീളമുള്ള തുരങ്കമാണിത്. 25 മീറ്റര്‍ ആഴവും 80 മുറികളും തുരങ്കത്തിനകത്ത് ഉണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്ക് വച്ചിട്ടുണ്ട്.

തിരക്കേറിയ റഫാഹ് പ്രദേശത്തിന് അടിയിലൂടെയും പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ കോമ്പൗണ്ട്, പള്ളികള്‍, ക്ലിനിക്കുകള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍ എന്നിവയ്ക്ക് അടിയിലൂടെയാണ് തുരങ്കം കടന്നു പോകുന്നത്. 2014 ലെ ഇസ്രയേല്‍-ഹമാസ് യുദ്ധകാലത്ത് ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഇസ്രയേല്‍ ലെഫ്റ്റനന്റ് ഹാദര്‍ ഗോള്‍ഡിന്റെ മൃതദേഹം ഹമാസ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നു.

ഈ മാസം ഒമ്പതിന് ഗോള്‍ഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേലിന് കൈമാറുകയും ചെയ്തിരുന്നു. 2014 ല്‍ ഹമാസും ഇസ്രയേലും നടന്ന യുദ്ധത്തിന്റെ അവസാന നാളുകളിലാണ് ഗോള്‍ഡിന്‍ കൊല്ലപ്പെട്ടത്.

ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് ഹമാസ് കമാന്‍ഡര്‍മാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. ഐഡിഎഫിന്റെ എലൈറ്റ് യാഹലോം കോംബാറ്റ് എഞ്ചിനീയറിങ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവല്‍ കമാന്‍ഡോ യൂണിറ്റും ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്.

കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനൊപ്പം കഴിഞ്ഞ മെയ് മാസം വധിച്ച മുഹമ്മദ് ഷബാന അടക്കമുള്ള മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരുടെ കമാന്‍ഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ലെഫ്റ്റനന്റ് ഹാദര്‍ ഗോള്‍ഡിന്റെ മരണം ശരിയാണോ എന്ന് ഉറപ്പിക്കാന്‍ സഹായിച്ച ഹമാസ് തീവ്രവാദി മര്‍വാന്‍ അല്‍-ഹാംസിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗോള്‍ഡിനെ റഫായിലെ വൈറ്റ്-ക്രൗണ്‍ഡ് എന്ന തുരങ്കത്തില്‍ എവിടെയാണ് അടക്കം ചെയ്തതെന്ന് ഇയാള്‍ക്ക് അറിയാമാമെന്നാണ് ഐഡിഎഫ് സംശയിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.