ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിന്റെ അതിര്‍ത്തി പ്രദേശത്ത് ക്യാമ്പ് ചെയ്ത ഹെയ്തി പൗരന്മാരെ തിരിച്ചയച്ച് യു.എസ്. 320-ല്‍ അധികം വരുന്ന കുടിയേറ്റക്കാരെ മൂന്ന് വിമാനങ്ങളിലായി ഹെയ്തി തലസ്ഥാനമായ പോര്‍ട്ട്-ഒ-പ്രിന്‍സിലെത്തിച്ചു. ചൊവ്വാഴ്ച ആറോളം വിമാനങ്ങളില്‍ വീണ്ടും കുടിയേറ്റക്കാരെ അയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക്സസിലെ ഡെല്‍ റിയോയിലെ ഒരു പാലത്തിനു ചുറ്റുമാണ് 12,000ത്തിലധികം കുടിയേറ്റക്കാര്‍ ക്യാമ്പ് ചെയ്തിരുന്നത്.
ബുധനാഴ്ച ഏഴ് വിമാനങ്ങളിലായി കുടിയേറ്റക്കാരെ ക്യാപ്-ഹെയ്തീന്‍, പോര്‍ട്ട്-ഒ-പ്രിന്‍സ് എന്നിവിടങ്ങളിലെത്തിക്കുമെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി. ടെക്‌സസിലെ സാന്‍ അന്റോണിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നാല് വിമാനങ്ങള്‍ പോര്‍ട്ട്-ഒ-പ്രിന്‍സിലേക്കും മൂന്ന് വിമാനങ്ങള്‍ ക്യാപ്-ഹെയ്തീനിലേക്കുമാണ് പുറപ്പെടുക.
ഹെയ്തിയന്‍ ജനതയുടെ കുടിയേറ്റം തടയാനായി യു.എസ് ഞായറാഴ്ച അതിര്‍ത്തികള്‍ അടച്ചിരുന്നു. കുടിയേറ്റക്കാര്‍ സമീപമുള്ള മറ്റ് വഴികളിലൂടെ കടക്കാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി പട്രോളിങ് ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു.
അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നദീ തീരത്തിരുന്ന കുടിയേറ്റക്കാരോട് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. അതേ സമയം എയര്‍ബോട്ടിലെത്തിയ മെക്സിക്കന്‍ ഉദ്യോഗസ്ഥരും മെക്സിക്കയിലേക്കു തിരികെ വരാന്‍ നദി കടക്കുന്നവരോടു പറഞ്ഞു. ഹെയ്തിയന്‍ ജനതയെ തിരിച്ചുകൊണ്ടുവരുമെന്ന് മെക്സിക്കോയും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
കുടിയേറ്റക്കാര്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹെയ്തി ഉള്‍പ്പെടുന്ന കരീബിയന്‍ രാജ്യങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി യു.എസിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയാണ്. 2010ലെ ഭൂചലനത്തിന് ശേഷമാണ് കുടിയേറ്റങ്ങള്‍ വര്‍ധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.