മുന്നറിയിപ്പിനെ വിവാദമാക്കുന്നു; സഭാ മക്കള്‍ മാര്‍ കല്ലറങ്ങാട്ടിനൊപ്പം: സീറോ മലബാര്‍ അല്‍മായ ഫോറം

മുന്നറിയിപ്പിനെ വിവാദമാക്കുന്നു; സഭാ മക്കള്‍ മാര്‍ കല്ലറങ്ങാട്ടിനൊപ്പം: സീറോ മലബാര്‍ അല്‍മായ ഫോറം

കൊച്ചി: ദുരുദ്ദേശപരമായ ചില പ്രത്യയ ശാസ്ത്രങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നത് മൂലം യുവ ജനങ്ങളായ തന്റെ ആത്മീയ മക്കള്‍ ചതിക്കപ്പെടുന്നതായും ദുരുപയോഗിക്കപ്പെടുന്നതായും കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ മുന്നറിയിപ്പിനെ വിവാദമാക്കാന്‍ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങള്‍ ദുരൂഹവും ദുരുപദിഷ്ടവുമാണെന്ന് സീറോ മലബാര്‍ അല്‍മായ ഫോറം.

ഏതെങ്കിലും ഒരു മതത്തോടുള്ള വിരോധംകൊണ്ടോ എതിര്‍പ്പുകൊണ്ടോ അല്ല അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും നിലപാടുകള്‍ക്കും പിന്നില്‍ സഭാ മക്കള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശക്തമായി പിന്തുണക്കുന്നുവെന്നും അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.

മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തില്‍ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് കത്തോലിക്കാ രൂപതയുടെ തലവന്‍ എന്ന നിലയിലും സീറോമലബാര്‍ സഭയുടെ കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയിലും ഒരു ആത്മീയ പിതാവ് എന്ന നിലയിലും നല്‍കുന്ന ആത്മീയോപദേശമാണ് എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മര്‍ത്ത മറിയം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള സഭാംഗങ്ങളും അജപാലകരും ഉയര്‍ത്തിയ ഉല്‍ക്കണ്ഠകളാണ് പിതാവ് പങ്കുവച്ചത്. ക്രൈസ്തവ കുടുംബ ഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം എന്ന നിലയില്‍ ഇത്തരം ഉപദേശങ്ങള്‍ സഭയില്‍ സാധാരണമാണ്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അതിലെ പരാമര്‍ശങ്ങളെ വിവാദമാക്കാന്‍ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങള്‍ ദുരൂഹമാണ്.

കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന കുല്‍സിത നീക്കമായേ ഇതിനെ കാണുവാന്‍ സാധിക്കൂ. മത സൗഹാര്‍ദ്ദ ശ്രമങ്ങള്‍ എന്ന പേരില്‍ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ പ്രശ്‌നങ്ങള്‍ വ്യാപകമാക്കുന്നു. യഥാര്‍ത്ഥ ശ്രമങ്ങളെ വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നു.

മത സൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദേശപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണ്. മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതും അപായ സൂചനയാണ്. അവയെക്കുറിച്ച് യുവജനങ്ങളും കുടുംബങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ക്രൈസ്തവ കുടുംബ സംസ്‌കാരത്തെ തകര്‍ക്കുന്ന വിധത്തില്‍ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാര്‍ കല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകള്‍ യാഥാര്‍ഥ്യമാണ്.

മത സൗഹാര്‍ദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണ്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വളരെ ഗൗരവമായ രീതിയില്‍ അന്വേഷിക്കേണ്ടതായിട്ടുണ്ട്.

ഭീകരതയ്ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ജാതിയും മതവും ഇല്ല. ഉണ്ടെന്ന് പാലാ പിതാവ് പറഞ്ഞിട്ടുമില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രസംഗത്തിന്റെ പേരില്‍ പിതാവിനെതിരെ വടിയുയര്‍ത്തുന്നവര്‍ ആരുടെ പക്ഷത്താണ്? മതവിദ്വേഷപരമാണ് പിതാവിന്റെ പ്രസംഗമെന്ന് ആവേശം കൊള്ളുന്നവരാണ് മതങ്ങളെ ആക്ഷേപിക്കുന്നത്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും താല്‍ക്കാലിക ലാഭങ്ങള്‍ക്കും വേണ്ടി നമ്മുടെ സമൂഹ മനസിനെ വിഷലിപ്തമാക്കുന്ന ഇത്തരം അനാവശ്യ വിവാദങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് അല്‍മായ ഫോറം അഭ്യര്‍ത്ഥിച്ചു.

എല്ലാ മതങ്ങളും ഉദ്ഭവിക്കുന്നത് മനുഷ്യസ്നേഹമെന്ന ഉറവിടത്തില്‍നിന്നാണെന്ന് തിരിച്ചറിയുമ്പോഴാണ് യഥാര്‍ത്ഥ മതസൗഹാര്‍ദം ഉടലെടുക്കുന്നത്. മത ഭീകരതയും വര്‍ഗീയ കലാപങ്ങളും പല സന്ദര്‍ഭങ്ങളിലും അവയുടെ കാരണങ്ങള്‍ പലപ്പോഴും രാഷ്ട്രീയവും സാമ്പത്തികവുമായിരുന്നുവെങ്കില്‍ക്കൂടി കേരളീയ സമൂഹം അത് അതിജീവിക്കുകയും സാമൂഹ്യബന്ധങ്ങള്‍ ശിഥിലമാകാതെ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ക്രൈസ്തവ സംസ്‌കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സ്‌നേഹവും കരുണയും ത്യാഗവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവുമാണ്. പീഡനങ്ങളിലും പ്രയാസങ്ങളിലും വൈവിധ്യങ്ങളും അന്തരങ്ങളും മാനിച്ചുകൊണ്ട് സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലാണ് കേരള ക്രൈസ്തവരുടെ എപ്പോഴുമുള്ള സഞ്ചാരം.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും നേടിയെടുക്കാനുള്ള ശ്രമങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും സീറോ മലബാര്‍ അല്‍മായ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.