കടല്‍വഴി ശ്രീലങ്കന്‍ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്; നിരീക്ഷണം വീണ്ടും ശക്തമാക്കി

കടല്‍വഴി ശ്രീലങ്കന്‍ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്;  നിരീക്ഷണം വീണ്ടും ശക്തമാക്കി

തിരുവനന്തപുരം: ശ്രീലങ്കൻ തീവ്രവാദികൾ വിഴിഞ്ഞം കടലിലൂടെ പാകിസ്താനിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടേതാണ് വിവരം പുറത്തുവിട്ടത്.

ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് മൂന്ന് തീവ്രവാദികൾ മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ ബോട്ടുമാർഗം ആദ്യം കടന്നത്. ഇവർ ഏതു സംഘത്തിൽപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ തീവ്രവാദികൾ കടലിലൂടെ പാകിസ്ഥാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതോടെ, തീരദേശ പോലീസ് കടൽ നിരീക്ഷണം ശക്തമാക്കി.

കേരള തീരത്തിലെ വിഴിഞ്ഞമടക്കുളള 18 കോസ്റ്റൽ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ കടലിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന്, ആയുധം എന്നിവ കടത്തുന്നതിനായാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം.

മീൻപിടിത്ത തൊഴിലാളികളെ സ്വാധീനിച്ച് വിഴിഞ്ഞം കടൽമാർഗം മദ്യമുൾപ്പെട്ട ലഹരി വസ്തുക്കളും കടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനും കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കടൽ പട്രോളിങ് തുടങ്ങി. ശ്രീലങ്കയിൽനിന്ന് പുറപ്പെട്ട് കേരള തീരത്തെ ആഴക്കടൽ വഴി ആദ്യസംഘം കടന്നുപോയെന്നാണ് സൂചന. ബോട്ടുകളിലും മറ്റ് ചെറുയാനങ്ങളിലും മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാകാം തീവ്രവാദി സംഘം പാകിസ്ഥാനിലേക്ക് കടക്കാൻ സാധ്യതയെന്നാണ് കേന്ദ്രരഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ള വിവരം.

ട്രോളിങ് ബോട്ടുകൾ അനുവദിച്ച പരിധിവിട്ട് കരചേർന്ന് മീൻപിടിക്കുന്നതായാണ് വ്യാപക പരാതിയുണ്ട്. പരമ്പരാഗത മീൻപിടിത്ത തൊഴിലാളികളാണ് കോസ്റ്റൽ പോലീസിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. അടുത്ത ദിവസങ്ങളിൽ കരയോടുചേർന്ന് മീൻപിടിക്കാൻ ട്രോളിങ് ബോട്ടുകളെത്തിയിരുന്നുവെന്ന് വിവരം ലഭിച്ചതായി വിഴിഞ്ഞം കോസ്റ്റൽ ഇൻസ്പെക്ടർ എച്ച്. അനിൽകുമാർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.