വെല്ലിംഗ്ടണ്‍: മനസ് അശാന്തമാകുമ്പോള്‍ ചിലപ്പോഴെങ്കിലും നാമൊക്കെ അകാശത്തേക്കു നോക്കിയിരിക്കാറുണ്ട്. ഭാരമൊഴിഞ്ഞ് ഒരു തൂവല്‍ പോലെ പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഇത്തരം ആഗ്രഹങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നവര്‍ നമുക്കിടയിലുണ്ട്. ന്യൂസിലന്‍ഡിലെ ഈ മലയാളി യുവാവ് മനസിന്റെ സമ്മര്‍ദങ്ങള്‍ അകറ്റുന്നത് ആകാശത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയര്‍ന്നാണ്.
ആശുപത്രിയിലെ തിരക്കേറിയ ജോലിയില്‍നിന്ന് ആശ്വാസം തേടിയാണ് റെക്സി ഫെലിക്സിന്റെ ഈ ആകാശ യാത്രകള്‍. ഒരു പട്ടം പോലെ പാറിപ്പറന്ന് മനസിനെ ശാന്തമാക്കി തിരിച്ചെത്തും. ഇതെങ്ങനെ സാധിക്കുമെന്നതിന്റെ ഉത്തരം റെക്സിനെ സംബന്ധിച്ചിടത്തോളം ലളിതമാണ്-പാരാഗ്ലൈഡിംഗ്. റെക്സി ഫെലിക്സിന് പാരാഗ്ലൈഡിംഗ് സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്.
റെക്സി ഫെലിക്സ് പാരാഗ്ലൈഡിംഗില്‍
ന്യൂസിലന്‍ഡിലെ തരനകിയില്‍ താമസിക്കുന്ന റെക്സി ഒരു ഫ്രീലാന്‍സ് സര്‍ജിക്കല്‍ അസിസ്റ്റന്റാണ്. തരനകി വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജോലി ചെയ്യുന്നതിനൊപ്പം രാജ്യത്തിനു പുറത്തുനിന്നെത്തുന്ന നഴ്സിംഗ് വിദ്യാര്‍ഥികളെ ന്യൂസിലന്‍ഡ് ആരോഗ്യ സംവിധാനത്തിലേക്ക് സമന്വയിപ്പിക്കുന്ന ഉത്തരവാദിത്തവും നിര്‍വഹിക്കുന്നു.
ഒഴിവു ദിവസങ്ങളില്‍ പ്രത്യേകിച്ച് ശനിയാഴ്ച്ച വൈകിട്ട് റെക്സി ന്യൂ പ്ലിമൗത്ത് കടല്‍തീരത്തെത്തും. ഇവിടെയുള്ള പാറക്കെട്ടുകളില്‍ നിന്ന് ചാടി വായുവിലേക്ക് പറന്നുയരും.
മനസിനെ ശാന്തമാക്കാനും കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാനും പാരാഗ്ലൈഡിംഗ് സഹായിക്കുന്നതായി റെക്സി ഫെലിക്സ് പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും ഇതിലൂടെ ലഭിക്കും. കാരണം പറന്നുയരുമ്പോള്‍ നമ്മള്‍ എടുക്കുന്ന ഓരോ തീരുമാനവും ജീവനോളം വിലപ്പെട്ടതാണ്.
കോവിഡ് കാരണം മൂന്ന് വര്‍ഷത്തിലേറെയായി നാട്ടിലേക്കു പോകാനായിട്ടില്ല. ഈ ദുഖം പോലും അകറ്റുന്നത് പാരാഗ്ലൈഡിംഗിലൂടെയാണ്. പാരാഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തരനകിയെന്ന് അദ്ദേഹം പറഞ്ഞു. കടലിനു മുകളില്‍ വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതത്തെ കൂടുതല്‍ വിലമതിക്കാനും അതിലൂടെ കൂടുതല്‍ വിനയാന്വിതനാകാനും തനിക്കു കഴിയുന്നു.
എന്‍ഗാ മോട്ടു ദ്വീപുകളും കടലില്‍ അസ്തമയ സൂര്യന്‍ തീര്‍ക്കുന്ന അതിമനോഹര ആകാശദൃശ്യങ്ങളും കണ്ട് ഒഴുകി നീങ്ങുന്നത് വാക്കുകളില്‍ വിവരിക്കാനാവില്ലെന്ന് റെക്സി ഫെലിക്സ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.