വാക്‌സിന്‍ സാങ്കേതികവിദ്യാ കൈമാറ്റം:ബൈഡനു മേല്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നു സമ്മര്‍ദ്ദമേറുന്നു

വാക്‌സിന്‍ സാങ്കേതികവിദ്യാ കൈമാറ്റം:ബൈഡനു മേല്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നു സമ്മര്‍ദ്ദമേറുന്നു


വാഷിംഗ്ടണ്‍: വികസ്വര രാജ്യങ്ങള്‍ക്ക് 500 ദശലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍ അടുത്ത വര്‍ഷം അമേരിക്ക സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. യു എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന വെര്‍ച്വല്‍ കോവിഡ് -19 ഉച്ചകോടിയില്‍ ആണ് 'വാക്‌സിനുകളുടെ ആയുധപ്പുര' ബൈഡന്‍ ലോകത്തിനു വാഗ്ദാനം ചെയ്തത്. വര്‍ഷാരംഭത്തില്‍ വാക്‌സിന്‍ ലഭ്യമാക്കിത്തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

അമേരിക്ക നേരത്തെ തന്നെ ലോക വ്യാപകമായി 500 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതിനു പിന്നാലെയാണ് ബൈഡന്റെ പുതിയ പ്രഖ്യാപനം. ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിന് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ 11 ബില്യണ്‍ ഡോസുകള്‍ ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2021 അവസാനത്തോടെ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങളിലും 40 ശതമാന വാക്‌സിന്‍ കവറേജ് ആണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധ നിരീക്ഷണം.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്ക് ഒരു ഷോട്ടെങ്കിലും നല്‍കിയിട്ടുണ്ടെങ്കിലും, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ രണ്ടു ശതമാനത്തിന്് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ സാങ്കേതിക വിദ്യ മറ്റു ലോകരാജ്യങ്ങള്‍ക്കു കൂടി പങ്കിടണമെന്ന കനത്ത സമ്മര്‍ദ്ദം നേരിടുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇതിനായുള്ള ഫോര്‍മുല തയ്യാറാക്കാന്‍ ബൈഡന്‍ തയ്യാറാകണമെന്ന് വികസ്വര രാജ്യങ്ങളിലെ പ്രധാന മരുന്നുകളുടെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും കൂട്ടായ്മ ആവശ്യപ്പെട്ടു.

മോഡേണ, ഫൈസര്‍ പോലുള്ള കമ്പനികള്‍ കോവിഡ് വാക്‌സിന്‍ വികസനത്തിലും ഉത്പാദനത്തിലും വലിയ നേട്ടമാണു കൈവരിച്ചത്. എന്നാല്‍ പാവപ്പെട്ട രാജ്യങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും പൂര്‍ണ പ്രതിരോധ കുത്തിവയ്പ് ലഭിക്കാതിരിക്കേ അമേരിക്കയിലെയും വിദേശത്തെയും ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ആഗോള ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടുവരുന്നതിനു പിന്നാലെയാണ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ സമ്മര്‍ദ്ദമേറിയത്.

അതേസമയം, താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കു പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സാങ്കേതികവിദ്യയ്ക്കു ലൈസന്‍സ് നല്‍കുന്ന സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വകാര്യമായി ബൈഡന്‍ അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയ്ക്ക് 500 ദശലക്ഷം ഡോസ് വാക്സിന്‍ ലാഭരഹിത വിലയ്ക്ക് വില്‍ക്കാന്‍ ഫൈസര്‍ തയ്യാറാകും. സാങ്കേതികവിദ്യാ ലൈസന്‍സ് പങ്കു വയ്ക്കുന്നതിനു പകരം വിദേശത്തേക്ക് അത് സംഭാവന ചെയ്യണമെന്നാണു നിര്‍ദ്ദേശം.



വാക്‌സിന്‍ സാങ്കേതിക വിദ്യ മറ്റു ലോകരാജ്യങ്ങള്‍ക്കു കൂടി പങ്കിടണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം മോഡേണ തിരസ്‌കരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ മെഡിസിന്‍സ് പേറ്റന്റ് പൂള്‍ മേധാവി ചാള്‍സ് ഗോര്‍ ഇതിനു വേണ്ടി ചടുലമായ നീക്കങ്ങളാണ് നടത്തിവരുന്നത്. ലോകാരോഗ്യ സംഘടന, പേറ്റന്റ് പൂള്‍ എന്നിവ ദക്ഷിണാഫ്രിക്കയിലെ ഡബ്ല്യുഎച്ച്ഒ പിന്തുണയുള്ള ടെക്നോളജി ട്രാന്‍സ്ഫര്‍ ഹബ്ബിനൊപ്പം ഇതിനായി രംഗത്തുണ്ട്.

ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് 2.5 ബില്യണ്‍ ഡോളര്‍ സ്വീകരിച്ചതിനാല്‍ മോഡേണയ്ക്ക് അതിന്റെ സാങ്കേതികവിദ്യ പങ്കിടാന്‍ പ്രത്യേക ബാധ്യതയുണ്ടെന്ന് ആഗോള ആരോഗ്യ മേഖയിലെ വിദഗ്ധര്‍ പറയുന്നു.കോവിഡ് -19 വാക്സിനുകളുമായി ബന്ധപ്പെട്ട തങ്ങളുടെ ബൗദ്ധിക സ്വത്ത് ഉടന്‍ കൈമാറാനാകില്ലെന്നാണ് മോഡേണ വക്താവ് കൊളീന്‍ ഹസി ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞത്.അതേസമയം, ലോകത്തിന് ഇപ്പോള്‍ തന്നെ അത് ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.സജീവവും സമ്പൂര്‍ണ്ണവുമായ സാങ്കേതിക കൈമാറ്റമാണ് ഉടന്‍ ആവശ്യം.

കമ്പനികളുടെ സ്വമേധയായുള്ള സഹകരണത്തിന്റെ അഭാവത്തില്‍, പ്രസിഡന്റിന് വിശാലമായ അധികാരം നല്‍കുന്ന 1950 -ലെ നിയമമായ ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ടിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് അവരുടെ ബൗദ്ധിക സ്വത്ത് പങ്കിടാന്‍ ബൈഡന്‍ ഭരണകൂടത്തിന് ശ്രമിക്കാമെന്നാണ് പല നിയമജ്ഞരും ആഗോള ആരോഗ്യ സുരക്ഷാ വിദഗ്ധരും പറയുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ ഇതിനു തയ്യാറാകാത്തപക്ഷം മഹാവ്യാധിയെ ഒരു ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കുക വഴി ഇതിനു കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിന് കീഴില്‍ മോഡേണ ഗണ്യമായ ഫെഡറല്‍ ഫണ്ടിംഗ് സ്വീകരിച്ചു. ഇതിനാല്‍ തന്നെ ലോകത്തിന്റെ പ്രയോജനത്തിനായി ആ സാങ്കേതികവിദ്യ പങ്കിടുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമുണ്ട് കമ്പനിക്ക്.അതേസമയം, കമ്പനികളെ ഇതിനു പ്രേരിപ്പിക്കുക അത്ര ലളിതമല്ലെന്നും, അവരുടെ സാങ്കേതികവിദ്യ പങ്കിടാന്‍ അവരെ നിര്‍ബന്ധിക്കുന്നതിനുള്ള ശ്രമം ഒരു നിയമപരമായ പോരാട്ടത്തിലേക്ക് നയിക്കുമെന്നുമാണ് ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.അത് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.