ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ കെ.എഫ്.സി വിഭവങ്ങള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റിലായി. ലോക്ഡൗണ്‍ മൂലം റസ്റ്ററന്റുകള്‍ അടച്ചുപുട്ടിയ ഓക്‌ലന്‍ഡിലാണു സംഭവം. ഇരുപത്തിമൂന്നും മുപ്പതും വയസുള്ള യുവാക്കളാണ് ന്യൂസിലന്‍ഡ് പോലീസിന്റെ പിടിയിലായത്. ഹാമില്‍ട്ടണില്‍ നിന്ന് ഓക്‌ലന്‍ഡിലേക്കു കെ.എഫ്.സി 'കള്ളക്കടത്ത്' നടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓക്‌ലന്‍ഡില്‍ ഭക്ഷണം പാഴ്‌സലായി പോലും നല്‍കുന്നില്ല. ഡെല്‍റ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തില്‍ ഓക്‌ലന്‍ഡ് നിവാസികള്‍ വീട്ടിലിരിക്കണമെന്നാണ് അധികാരികള്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തെ മറ്റിടങ്ങളില്‍ റസ്റ്ററന്റ്, കഫേ, ബാര്‍, നൈറ്റ്ക്ലബുകള്‍ എന്നിവ തുറക്കാം. ഓക്‌ലന്‍ഡിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. പോലീസിനെ കണ്ടയുടന്‍ കാര്‍ യു-ടേണ്‍ എടുത്ത് വേഗത്തില്‍ ഓടിച്ചുപോയി. കാര്‍ പിന്തുടര്‍ന്ന് പിടിച്ച പോലീസ് ഡിക്കി നിറയെ പാഴ്‌സലായി വാങ്ങിയ കെ.എഫ്.സി പാക്കറ്റുകള്‍ കണ്ടെത്തി. മൂന്ന് ബക്കറ്റ് ചിക്കന്‍, 10 കപ്പ് കോള്‍സ്ലോ, വലിയ പാക്കറ്റില്‍ ഫ്രൈസ്, നാല് വലിയ ബാഗുകളില്‍ കെ.എഫ്.സിയുടെ മറ്റ് വിഭവങ്ങള്‍ എന്നിവയാണ് കാറിന്റെ ഡിക്കിയില്‍ നിന്ന് പിടികൂടിയത്. ഇവരുടെ കൈവശം 1,00,000 ന്യൂസിലന്‍ഡ് ഡോളറും (51 ലക്ഷം ഇന്ത്യന്‍ രൂപ) ഉണ്ടായിരുന്നു. കോവിഡ് നിയമം ലംഘിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവോ അല്ലെങ്കില്‍ 4000 ന്യൂസിലന്‍ഡ് ഡോളര്‍ പിഴയോ ലഭിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.