പ്ലാസ്റ്റിക് പല രൂപത്തിലും ഭൂമിയില്‍ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ജൈവ മാലിന്യങ്ങള്‍ ജീര്‍ണ്ണിച്ച് മണ്ണില്‍ ലിയിക്കുന്ന പോലെ പ്ലാസ്റ്റിക് ജീര്‍ണ്ണിക്കില്ല. കാലമെടുത്താണെങ്കിലും ഇവ ദ്രവിക്കുന്നതെങ്ങനെ എന്ന കാര്യത്തിലും വേണ്ട അറിവുകള്‍ ശാസ്ത്ര ലോകത്തിനില്ല. എന്നാല്‍ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തില്‍ ലയിപ്പിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റിയൂഷന്റേതാണ് പുതിയ കണ്ടെത്തല്‍ .
സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സൂര്യപ്രകാശം തട്ടുമ്പോള്‍ ഇവ എങ്ങനെയാണ് രാസപ്രവര്‍ത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനില്‍ക്കുന്ന സൂര്യപ്രകാശത്തില്‍ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാള്‍മാര്‍ട്ട്, സിവിഎസ്, ടാര്‍ഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകള്‍) ഗവേഷകര്‍ പഠനം നടത്തിയത്.
സൂര്യപ്രകാശം ഈ പ്ലാസ്റ്റിക്കുകളെ രാസപരമായി പരിവര്‍ത്തനം ചെയ്ത് അതിന്റെ ആദ്യ രൂപത്തോടും ഘടനയോടും യാതൊരുവിധ സാമ്യവുമില്ലാത്ത വസ്തുവാക്കി മാറ്റിയെന്ന് പഠനം പറയുന്നു. ടാര്‍ഗെറ്റ് ബാഗ് 5,000 വ്യത്യസ്ത സംയുക്തങ്ങളായി വിഘടിച്ചു, വാള്‍മാര്‍ട്ട് ബാഗ് 15,000 സംയുക്തങ്ങളായും വിഘടിച്ചു. ഏറ്റവും കൂടുതല്‍ സംയുക്തങ്ങളായി വിഘടിക്കപ്പെട്ടത് വാള്‍മാര്‍ട്ട് ബാഗാണ്. സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ അനേകായിരം സംയുക്തങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത അതിശയിപ്പിക്കുന്ന കാര്യമാണെന്ന് ഗവേഷണ പഠനത്തിന്റെ സഹ രചയിതാവ് കോളിന്‍ വാര്‍ഡ് പറഞ്ഞു.
അശ്രദ്ധമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മാത്രമല്ല ആ വസ്തുക്കളുടെ പരിവര്‍ത്തനത്തെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പ്ലാസ്റ്റിക് വിഘടിക്കുന്നത് നല്ല കാര്യമായി തോന്നുമെങ്കിലും ഈ രാസ വസ്തുക്കള്‍ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. അതിനായുള്ള പഠനങ്ങള്‍ ഇനി നടത്തേണ്ടിയിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.