മികച്ച ഫീച്ചറുകളുമായി ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ച്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു

മികച്ച ഫീച്ചറുകളുമായി ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ച്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫോസിലിന്റെ പുതിയ സ്മാര്‍ട്ട് വാച്ച്‌ ഫോസില്‍ ജെന്‍ 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫോസില്‍ ജെന്‍ 5ന്റെ തുടര്‍ച്ചയായിട്ടാണ് ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ച്‌ എത്തുന്നത്.

ഫോസില്‍ ജെന്‍ 5നെപ്പോലെ പുതിയ മോഡലും അമോലെഡ് പാനലുള്ള വൃത്താകൃതിയിലുള്ള ഡയലുമായിട്ടാണ് വരുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 4100 പ്ലസ് പ്രോസസ്സറും, ധാരാളം സ്റ്റോറേജ് സ്‌പെയ്‌സും ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ട്. നിരവധി കണക്റ്റിവിറ്റിയും ഓപ്ഷനുകളും ഹെല്‍ത്ത് ഫീച്ചറുകളും ഡിവൈസില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ചില്‍ 416 × 416 പിക്‌സല്‍ റെസല്യൂഷനുള്ള 1.28 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ അമോലെഡ് പാനലില്‍ ഓള്‍വേയ്‌സ് ഓണ്‍ ഫീച്ചറുണ്ട്. 42 എംഎം, 44 എംഎം എന്നീ രണ്ട് വലിപ്പങ്ങളിലാണ് ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ച്‌ ലഭ്യമാകുന്നത്. വാച്ചില്‍ വലതുവശത്ത് മൂന്ന് ബട്ടണുകളാണ് നല്‍കിയിട്ടുള്ളത്. മുകളിലും താഴെയുമുള്ള ബട്ടണുകള്‍ നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്. മധ്യഭാഗത്തുള്ള ബട്ടണ്‍ റൊട്ടേറ്റിങ് ക്രൗണ്‍ ആയി പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് വാച്ചില്‍ ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗത്തിനായി ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കിയിട്ടുണ്ട്.


ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ചില്‍ 1 ജിബി റാമും 8 ജിബി സ്റ്റോറേജ് സ്‌പെയ്സുമാണ്  കമ്പനി നല്‍കിയിട്ടുള്ളത്. എവിടെയായാലും ഫോണില്‍ വരുന്ന കോളുകള്‍ എടുത്ത് സംസാരിക്കാന്‍ വാച്ചില്‍ ഒരു സ്പീക്കറും മൈക്രോഫോണുമുണ്ട്. ബ്ലഡ് ഓക്‌സിജന്‍ എസ്പിഒ 2 സെന്‍സര്‍, ഹൃദയമിടിപ്പ് മോണിറ്റര്‍, പെഡോമീറ്റര്‍, സ്ലീപ്പ് മോണിറ്റര്‍ എന്നിവ പോലുള്ള ഹെല്‍ത്ത് ട്രാക്കിങ് ഫീച്ചറുകളും ഫോസില്‍ ജെന്‍ 6 വാച്ചില്‍ നല്‍കിയിട്ടുണ്ട്. വാച്ചില്‍ 3 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് ആണുള്ളത്.

ബ്ലൂടൂത്ത് 5.0, വൈഫൈ, എന്‍എഫ്‌സി എസ്‌ഇ എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റി ഫീച്ചറുകളും വാച്ചിലുണ്ട്. സ്മാര്‍ട്ട് വാച്ചിലെ ബാറ്ററി ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. വെറും 30 മിനിറ്റ് ചാര്‍ജിംഗില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഈ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടിന് സാധിക്കും. മാറ്റി ഉപയോഗിക്കാവുന്ന സ്ട്രാപ്പുകളുള്ള ഈ സ്മാര്‍ട്ട് വാച്ചില്‍ നോട്ടിഫിക്കേഷന്‍, സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ നിയന്ത്രിക്കാനുള്ള ഫീച്ചര്‍, കലണ്ടര്‍ അലേര്‍ട്ടുകള്‍ എന്നിവയുണ്ട്.

ഫോസില്‍ ജെന്‍ 6 സ്മാര്‍ട്ട് വാച്ചിന്റെ മെറ്റല്‍ സ്ട്രാപ്പ് ഓപ്ഷനുകള്‍ക്ക് 24,995 രൂപയാണ് വില. സിലിക്കണ്‍ സ്ട്രാപ്പുകള്‍ക്ക് 23,995 രൂപ വിലയുണ്ട്. സെപ്തംബര്‍ 25 മുതല്‍ ഈ സ്മാര്‍ട്ട് വാച്ച്‌ പ്രീ ഓര്‍ഡറുകള്‍ക്കായി ലഭ്യമാകും. സെപ്തംബര്‍ 27 മുതല്‍ വില്‍പ്പനയ്ക്കെത്തും. ഫോസിലിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും ആമസോണ്‍ ഇന്ത്യയിലും തിരഞ്ഞെടുത്ത ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും മാത്രമായിരിക്കും ഈ സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.