ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന് നാളെ പത്ത് മാസം തികയുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കര്‍ഷക സംഘടനകള്‍ കേന്ദ്രത്തിന് നല്‍കിയ സമയം അവസാനിച്ചതോടെ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തിലാണ് സമരം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലേക്ക് നടത്തിയ മാര്‍ച്ചോടെ രാജ്യത്തെ സ്തംഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ഹരിയാന സര്‍ക്കാറും പോലീസും ബാരിക്കേഡുകള്‍ കെട്ടി തടയാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുകയായിരുന്നു. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ തീര്‍ത്ത് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും തടഞ്ഞതോടെ കര്‍ഷക മഹാജനം അധികാര നഗരത്തെ വളഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള കര്‍ഷക പോരാളികള്‍ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകളില്‍ ടെന്റുകള്‍ കെട്ടി സമരം ആരംഭിച്ചു.
തിക്രി, സിംഘു, ഗാസിയാബാദ് ഉള്‍പ്പെടെയുള്ള ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ തടിച്ചുകൂടിയതോടെ നഗരം വീര്‍പ്പുമുട്ടി. ഇതോടെ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. നിയമങ്ങളില്‍ ഭേദഗതികളാകാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്ക് നിയമം എന്നീ ആവശ്യങ്ങളില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലി പോലീസും കര്‍ഷകരും തമ്മിലുള്ള വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹി അതിര്‍ത്തികളിലും ജന്തര്‍മന്ദറിലും പ്രക്ഷോഭം പുനരാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രക്ഷോഭത്തിന്റെ പത്ത് മാസം തികയുന്ന നാളെ കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതു പാര്‍ട്ടികളും വിവിധ ട്രേഡ് യൂനികളും ബന്ദിന് പിന്തുണ അറിയിച്ചു. ആന്ധ്രാ പ്രദേശില്‍ ബന്ദ് വിജയിപ്പിക്കാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ബിഹാറില്‍ ആര്‍ ജെ ഡി പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.